ജെറുസലേം: വെടിനിര്‍ത്തല്‍ കരാറിന്റെ ക്രൂരവും ക്ഷുദ്രകരവുമായ ലംഘനമാണ് ഹമാസ് നടത്തിയതെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞദിവസം ഹമാസ് കൈമാറിയ മൃതദേഹം കൊല്ലപ്പെട്ട സ്ത്രീയുടേതല്ലെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് വ്യാഴാഴ്ച നാല് മൃതദേഹങ്ങള്‍ കൈമാറിയിരുന്നു. 2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ ആക്രമണത്തിനിടെ തട്ടിക്കൊണ്ടു പോയ ഷിരി ബിബാസ്, അവരുടെ മക്കളായ കഫീര്‍, ഏരിയല്‍, 83 വയസ്സുള്ള ഒഡെഡ് ലിഫ്ഷിറ്റ്സ് എന്നിവരുടേതാണ് മൃതദേഹങ്ങളെന്നാണ് ഹമാസ് വ്യക്തമാക്കിയിരുന്നു.
ഫോറന്‍സിക് പരിശോധനയില്‍ കുട്ടികളുടെയും ലിഫ്ഷിറ്റ്‌സിന്റെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ നാലാമത്തെ മൃതദേഹം കുട്ടികളുടെ അമ്മ ഷിരി ബിബാസിന്റെ അല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതോടെ ശക്തമായ പ്രതിഷേധമാണ് ഇസ്രയേലിലുടനീളം ദൃശ്യമായത്.
ആദ്യ ഘട്ടത്തിന്റെ അവസാനത്തോട് അടുക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവിയെക്കുറിച്ച് ഈ സംഭവം പുതിയ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കരാറിന്റെ അടുത്ത ഘട്ടത്തില്‍ നൂറുകണക്കിന് പാലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ആറ് ഇസ്രായേലി ബന്ദികളെയാണ് വിട്ടയക്കുക. ആറ് ഇസ്രയേലി ബന്ദികളെ ശനിയാഴ്ച മോചിപ്പിക്കുന്നതുമായി മുന്നോട്ടുപോകുമെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.
ഇതിനിടെ പാലസ്തീനികളെ മാറ്റിപ്പാര്‍പ്പിച്ച് ഗാസ മുനമ്പ് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി പുനര്‍നിര്‍മ്മിക്കാനുള്ള അമേരിക്കയുടെ പദ്ധതി ബലം പ്രയോഗിച്ച് നടപ്പാക്കാന്‍ താന്‍ ശ്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. പദ്ധതി നെതന്യാഹു സ്വാഗതം ചെയ്തെങ്കിലും പലസ്തീനും അറബ് രാജ്യങ്ങളും നിരസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്