തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം 'ജയിലർ 2'-ന്റെ ലൊക്കേഷൻ ദൃശ്യങ്ങൾ ഓൺലൈനിൽ ചോർന്നു. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ സെറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് അണിയറപ്രവർത്തകർ.
ദൃശ്യങ്ങൾ പങ്കുവെക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. തങ്ങളുടെ ആന്റി പൈറസി ടീം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും, ദൃശ്യങ്ങൾ ഷെയർ ചെയ്യുന്ന അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സൺ പിക്ചേഴ്സ് മുന്നറിയിപ്പ് നൽകി.
ആരാധകരും മാധ്യമങ്ങളും ഇത്തരം ക്ലിപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും സ്റ്റുഡിയോ ആവശ്യപ്പെട്ടു. ഈ മാസം തമിഴ് സിനിമയിൽ സംഭവിക്കുന്ന രണ്ടാമത്തെ വലിയ ചോർച്ചയാണിത്. നേരത്തെ ദളപതി വിജയ് ചിത്രമായ 'ജന നായകൻ'-ന്റെ ദൃശ്യങ്ങളും സമാനമായ രീതിയിൽ ചോർന്നിരുന്നു. ആ കേസിൽ എട്ടുപേരെയും ഒരു അസിസ്റ്റന്റ് എഡിറ്ററെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ജയിലർ' ഒന്നാം ഭാഗം 650 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് വാരിയത്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിനായി വലിയ ആവേശത്തോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. മാർച്ച് 10-ന് ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ദൃശ്യങ്ങൾ ചോർന്നത് സിനിമയുടെ സസ്പെൻസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
