ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം 'ദി ഒഡീസി'ക്ക് ലണ്ടനിലെ വേൾഡ് പ്രീമിയറിന് പിന്നാലെ വൻ വരവേൽപ്പ്. നോളന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ദൃശ്യവിരുന്നാണ് ചിത്രമെന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഹോമറിന്റെ പ്രശസ്തമായ ഇതിഹാസ കാവ്യത്തെ അതിന്റെ പൂർണ്ണമായ വ്യാപ്തിയിൽ, അസാധാരണമായ സ്കെയിലിൽ നോളൻ വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ടെന്ന് പ്രമുഖ നിരൂപകർ അഭിപ്രായപ്പെട്ടു.
ലണ്ടനിൽ നടന്ന പ്രീമിയർ ഷോയിൽ ക്രിസ്റ്റഫർ നോളനൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു. ഷോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തെക്കുറിച്ചുള്ള പ്രശംസകൾ നിറയുകയാണ്. നോളൻ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ സിനിമാറ്റിക് അനുഭവമാണിതെന്ന് റോട്ടൻ ടൊമാറ്റോസിന്റെ എറിക് ഡേവിസ് കുറിച്ചു.
ഐമാക്സ് സാങ്കേതികവിദ്യയുടെ പരമാവധി സാധ്യതകൾ നോളൻ ഇതിൽ ഉപയോഗിച്ചിട്ടുണ്ടെന്നും, ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും പ്രൊഡക്ഷൻ ഡിസൈനും അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹൊറർ ഘടകങ്ങളെ നോളൻ ചിത്രത്തിൽ മനോഹരമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിലെ വൻ താരനിരയുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നായകനായി എത്തുന്ന മാറ്റ് ഡാമൻ, ആനി ഹാത്‌വേ, ടോം ഹോളണ്ട് എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ, വില്ലൻ വേഷത്തിലെത്തിയ റോബർട്ട് പാറ്റിൻസൺ ഷോ മോഷ്ടിച്ചുവെന്നാണ് നിരൂപകരുടെ പക്ഷം. ക്രൂരനും കൗശലക്കാരനുമായ കഥാപാത്രമായി പാറ്റിൻസൺ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ചവെച്ചിരിക്കുന്നത്.
ഹോമറിന്റെ കഥയിലെ അമാനുഷിക വശങ്ങളെയും ഹൊറർ നിമിഷങ്ങളെയും വൈകാരികത ചോർന്നുപോകാതെ നോളൻ സ്ക്രീനിലെത്തിച്ചതായി കൊളൈഡറിന്റെ പെരി നെമിറോഫും പ്രശംസിച്ചു. ട്രോജൻ യുദ്ധത്തിന് ശേഷം ഭാര്യ പെനെലോപ്പിന്റെയും (ആനി ഹാത്‌വേ) മകൻ ടെലിമാക്കസിന്റെയും (ടോം ഹോളണ്ട്) അടുത്തേക്ക് മടങ്ങാൻ ശ്രമിക്കുന്ന ഗ്രീക്ക് വീരനായ ഒഡീഷ്യസിന്റെ (മാറ്റ് ഡാമൻ) കഥയാണ് ചിത്രം പറയുന്നത്.
സെൻഡയ, ലുപിത ന്യൂയോംഗോ, ചാർലിസ് തെറോൺ എന്നിവരും ചിത്രത്തിലുണ്ട്. പൂർണ്ണമായും ഐമാക്സ് ക്യാമറകളിൽ മാത്രം ചിത്രീകരിച്ച ആദ്യ ഫീച്ചർ ഫിലിം എന്ന സാങ്കേതിക നേട്ടവും 'ദി ഒഡീസി'ക്കുണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ സിനിമാറ്റിക് ഇവന്റായി വിശേഷിപ്പിക്കപ്പെടുന്ന 'ദി ഒഡീസി' ലോകമെമ്പാടും റിലീസ് ചെയ്യുന്ന 2026 ജൂലൈ 17-ന് തന്നെ ഇന്ത്യയിലും തീയേറ്ററുകളിലെത്തും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ഐമാക്സ് സ്ക്രീനുകളിലും ചിത്രം ലഭ്യമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
