ലോക സിനിമയെയും അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ച് കത്തനാര്‍ സിനിമയുടെ തിരക്കഥാകൃത്ത് ആര്‍ രാമാനന്ദ്. ഒരു വാംപയര്‍ സ്റ്റോറിയില്‍ മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളെ ചേര്‍ത്തിണക്കിയതിന് അദ്ദേഹം പ്രത്യേക പ്രശംസ അറിയിച്ചു. ഗംഭീര സിനിമയാണ് ലോകയെന്നും താന്‍ കല്യാണിയുടെ ഫാന്‍ ആണെന്നും രാമാനന്ദ് ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് :
ലോക: കണ്ടു, അതിഗംഭീര സിനിമ, പുരാവൃത്തങ്ങളെ ആധുനിക കാലത്തിന്റെ ഭാവുകത്വങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കുക എന്നത് തീര്‍ച്ചയായും പ്രതിഭയുടെ പ്രകടനമാണ്. നീലി ഇങ്ങനെയായിരുന്നു എന്നോ അല്ല എന്നോ ആ സങ്കല്പത്തെ വക്രമാക്കാത്തിടത്തോളം കാലം പറയുക സാധ്യമല്ല. ചാത്തനെ ഒരു ഫണ്‍ ചാപ് ആക്കി അവതരിപ്പിച്ചത് നന്നായിട്ടുണ്ട്, നര്‍മ്മം ഇഷ്ടപ്പെടുന്നവരാണ് ദൈവങ്ങളെല്ലാം, അതറിയണമെങ്കില്‍ ഒരുതവണ തെയ്യം കെട്ടുമ്പോള്‍ അടുത്ത് ചെന്ന് വാക്കെണ്ണുന്നത് കേള്‍ക്കണം. മൊത്തത്തില്‍ ഒരു ഹോളിവുഡ് കളര്‍ ഗ്രേഡിങ്, എഡിറ്റിംഗ്, സിനിമയുടെ ടെമ്പോ എല്ലാം നിലനിര്‍ത്തിയിട്ടുണ്ട്.
ഒരു വാംപയര്‍ സ്റ്റോറിയില്‍ മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങള്‍ ചേരുമ്പോള്‍ ആസ്വാദ്യത വളരെ വര്‍ധിക്കുന്നു. എത്ര കുഴിച്ചാലും, എത്ര കോരിയാലും വറ്റാത്ത പുരാവൃത്തങ്ങളുടെ ഒരു അമൃത കിണര്‍ നമ്മുടെ നാട്ടിലുമുണ്ട്. ശേഷം മൈക്കില്‍ ഫാത്തിമ മുതല്‍ ഞാന്‍ കല്യാണിയുടെ ഫാനാണ്, ഒരു ന്യൂ ഏജ് ഫാന്റസി പുള്ള് ചെയ്യാന്‍ കെല്‍പ്പുള്ള താരശരീരവും പ്രതിഭയും തീര്‍ച്ചയായും കല്യാണിയിലുണ്ട്. ലോക ടീം തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ലോകയിലൂടെ അവര്‍ ഉദ്ദേശിക്കുന്ന ഒരു ലോകം നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. ഇനി ആ ലോകത്തെ ഭാവാത്മകമായി വികസിപ്പിച്ചാല്‍ മാത്രം മതി.
ഒപ്പം, ഞങ്ങളുടെ കത്തനാര്‍ ഇങ്ങനെയാണോ, ഇങ്ങനെയല്ലേ , ആ സിനിമയില്‍ നീലി ഉണ്ടോ, ഇല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സിനിമ ഇറങ്ങുന്നത് വരെ സുഖമുള്ള കാത്തിരിപ്പായി തുടരട്ടെ ആശംസിക്കുന്നു. അറിയാം, കാത്തിരിപ്പ് കുറച്ച് നീണ്ടു പോയി എന്ന്. എങ്കിലും കാത്തിരിപ്പിന് ഒരു സുഖം ഉണ്ടല്ലോ, ഞാനും നിങ്ങള്‍ക്കൊപ്പം ആ സുഖം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം ഹോമിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് കത്തനാര്‍. ജയസൂര്യയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്