അനിമല്‍, കില്‍, മാര്‍ക്കോ എന്നിങ്ങനെ വയലന്‍സിന്‍റേതായ രംഗങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട ചില ചിത്രങ്ങള്‍ അടുത്തകാലത്ത് എത്തിയിരുന്നു. ഇതില്‍ അനിമലും കില്ലും ബോളിവുഡ് ചിത്രങ്ങള്‍ ആയിരുന്നെങ്കില്‍ മാര്‍ക്കോ ഉണ്ണി മുകുന്ദന്‍ നായകനായ മലയാള ചിത്രം ആയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ വയലന്‍സ് രംഗങ്ങളുടെ അവതരണം കൊണ്ട് ശ്രദ്ധ നേടുകയാണ് തെന്നിന്ത്യയില്‍ നിന്നുള്ള ഒരു പുതിയ ചിത്രം. നാനി നായകനാവുന്ന തെലുങ്ക് ചിത്രം ഹിറ്റ് 3 ആണ് അത്. ഇക്കാരണത്താല്‍ത്തന്നെ മുന്‍പ് പറഞ്ഞ ചിത്രങ്ങളുമായുള്ള താരതമ്യം ഹിറ്റ് 3 ന്‍റെ കാര്യത്തില്‍ ഉണ്ടാവുന്നുണ്ട്. ട്രെയ്‍ലര്‍ ലോഞ്ച് വേദിയില്‍ ഇതിനുള്ള പ്രതികരണവും നാനി നടത്തി.
"അനിമല്‍, കില്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങളുമായി ഹിറ്റ് 3 നെ താരതമ്യപ്പെടുത്താനാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. സിനിമ ഒറ്റ ഇരുപ്പില്‍ കാണുമ്പോള്‍ എല്ലാ കാര്യങ്ങളും സ്വാഭാവികതയോടെയാണ് തോന്നുക. അതിന് വയലന്‍സ് ഒരു വിഷയം ആവില്ല. തീവ്രമായ രംഗങ്ങള്‍ ഏച്ചുകെട്ടിയതായി നിങ്ങള്‍ക്ക് തോന്നില്ല. തിയറ്ററിലെ വെളിച്ചം അണഞ്ഞാല്‍ പ്രേക്ഷകര്‍ ഹിറ്റ് 3 ന്‍റെ ലോകത്തിലേക്ക് പൂര്‍ണ്ണമായും മുഴുകും", നാനി പറയുന്നു.
അതേസമയം കുട്ടികളും മനക്കരുത്ത് കുറഞ്ഞവരും ചിത്രം കാണരുതെന്നും താരം ഇതേ വേദിയില്‍ പറഞ്ഞു. ശൈലേഷ് കൊലനു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫ്രാഞ്ചൈസി ആണ് ഹിറ്റ്. 2020 ല്‍ പുറത്തെത്തിയ ഹിറ്റ് 1 ല്‍ വിശ്വക് സെന്നും 2022 ല്‍ പുറത്തെത്തിയ ഹിറ്റ് 2 ല്‍ അദിവി സേഷുമായിരുന്നു നായകന്മാര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്