ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിൽ ചരിത്രം കുറിക്കാനൊരുങ്ങി സംഘാടകർ. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഫൈനൽ മത്സരത്തിനിടെ ഒരു ‘ഹാഫ് ടൈം ഷോ’ (Halftime Show) അവതരിപ്പിക്കാൻ ഫിഫ തീരുമാനിച്ചു. പോപ്പ് റാണി മഡോണ, കൊറിയൻ സംഗീത വിസ്മയം ബിടിഎസ് (BTS), ഗ്രാമി ജേതാവ് ഷക്കീറ എന്നിവരായിരിക്കും ഈ മെഗാ ഷോയിലെ പ്രധാന ആകർഷണങ്ങൾ.
സൂപ്പർ ബൗൾ മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ സംഗീത വിരുന്ന് ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിന് മിഴിവേകും. കോൾഡ്‌പ്ലേ താരം ക്രിസ് മാർട്ടിനും എൽമോയും ചേർന്നാണ് ഈ വലിയ പ്രഖ്യാപനം നടത്തിയത്. പ്രശസ്തമായ മപ്പറ്റ് ഷോയിലെ മിസ് പിഗ്ഗി, കെർമിറ്റ് തുടങ്ങിയ കഥാപാത്രങ്ങളും ഈ ടീസറിൽ പ്രത്യക്ഷപ്പെട്ടു.
ഈ ഷോയിൽ നിന്നുള്ള വരുമാനം 'ഫിഫ ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ടിന്' കൈമാറും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും ഫുട്ബോൾ പരിശീലനവും നൽകുന്നതിനായി 100 മില്യൺ ഡോളർ സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തെ 2025-ലെ ക്ലബ് ലോകകപ്പിൽ ഡോജ ക്യാറ്റ്, ടെംസ്, ജെ ബാൽവിൻ എന്നിവരെ ഉൾപ്പെടുത്തി ഹാഫ് ടൈം വിനോദപരിപാടികൾ ഫിഫ പരീക്ഷിച്ചിരുന്നു. 1994-ന് ശേഷം അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ആഘോഷങ്ങൾ ജൂൺ 11-ന് ആരംഭിക്കും. കാനഡയിലെ ടൊറന്റോയിൽ ജൂൺ 12-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് നടി നോറ ഫത്തേഹി നൃത്തവും പാട്ടുമായി വേദിയിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
