ചിത്രത്തിന്റെ സ്‌നീക് പീക്ക് പുറത്തിറങ്ങി
മലയാളത്തിലെ റീ റിലീസുകളിൽ ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് കിരീടം. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാത്ത നൊമ്പരമായി അവശേഷിക്കുന്ന സേതുമാധവൻ 37 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തുടരുകയാണ്.
മോഹൻലാൽ-ലോഹിതദാസ്‌സിബി മലയിൽ കൂട്ടുകെട്ടിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ 'കിരീടം' 4കെ ദൃശ്യഭംഗിയിലും ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തിലും റീറിലീസ് ചെയ്തപ്പോൾ തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനും നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയും ചേർന്നാണ് ചിത്രത്തിന്റെ 4കെ റെസ്‌റ്റൊറേഷൻ നിർവ്വഹിച്ചത്.
ദേവദൂതൻ, ഛോട്ടാ മുംബൈ അടക്കം മോഹൻലാലിന്റെ പല റീ റിലീസുകളും ബോക്‌സ് ഓഫീസിൽ വിജയമായിരുന്നു. കിരീടത്തിന്റെ കാര്യത്തിലും അതുതന്നെ വീണ്ടും ആവർത്തിച്ചു. തിയറ്ററിൽ എത്തിയ റീസ്റ്റോർഡ് പതിപ്പിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് ചിത്രം കണ്ട പ്രേക്ഷകർ പങ്കുവെക്കുന്നത്.
ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ സിനിമകൾക്ക് ശേഷം ബോണി അസ്സനാർ ക്രിയേറ്റീവ് വിഷനറി ഹെഡ് ആയിട്ടുള്ള ഹൈ സ്റ്റുഡിയോസ്, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസാദ് ലാബ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ 4കെ റിമാസ്റ്ററിങ് ജോലികൾ ചെയ്തത്.
1989ൽ റിലീസ് ചെയ്ത കിരീടം കൃപാ ഫിലിംസിന്റെ ബാനറിൽ എൻ കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേഷ് പണിക്കരും ചേർന്നാണ് നിർമിച്ചത്. മോഹൻലാൽ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായ സേതുമാധവനും തിലകന്റെ അച്യുതൻ നായരും തമ്മിലുള്ള ഓൺസ്‌ക്രീൻ കെമിസ്ട്രി ഇന്നും പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്നു.
ലോഹിതദാസിന്റെ തിരക്കഥയും സിബി മലയിലിന്റെ സംവിധാനവും ജോൺസൺ മാഷിന്റെ സംഗീതവും ഒത്തചേർന്ന ഈ മാസ്റ്റർപീസ് ചിത്രം തലമുറകൾ കഴിഞ്ഞിട്ടും മലയാളിയുടെ സിനിമാ ചരിത്രത്തിൽ സമാനതകളില്ലാതെ തുടരുകയാണ്.
തിലകനും കവിയൂർ പൊന്നമ്മയും ഒടുവിൽ ഉണ്ണികൃഷ്ണനും ശങ്കരാടിയും മുരളിയും കൊച്ചിൻ ഹനീഫയും മാമകോയയും തുടങ്ങി ചിത്രത്തിലെ പല പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചവർ മൺമറഞ്ഞു എന്നത് പ്രേക്ഷകർക്കും നൊമ്പരമാണ് സമ്മാനിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
