ഹോര്‍മുസ് പ്രതിസന്ധി: ആഗോള ഊര്‍ജ്ജ വിപണിയില്‍ രക്ഷകനാകാന്‍ കാനഡ; ജി7 രാജ്യങ്ങളുടെ പൂര്‍ണ്ണ പിന്തുണ

JUNE 17, 2026, 7:17 PM

എവിയാന്‍(ഫ്രാന്‍സ്): മിഡില്‍ ഈസ്റ്റിലെ യുദ്ധ പശ്ചാത്തലത്തില്‍ ആഗോള ഊര്‍ജ്ജ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കാനഡ പ്രധാന പങ്കുവഹിക്കുമെന്ന് ജി7 ഉച്ചകോടി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തിന് ഇറാന്‍ തടസ്സം സൃഷ്ടിച്ചതോടെയാണ് പുതിയ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ വികസിത രാജ്യങ്ങള്‍ തീരുമാനിച്ചത്. ആഗോള വിപണിയിലേക്ക് വലിയ തോതില്‍ ഇന്ധനമെത്തിക്കാനുള്ള കാനഡയുടെ ശേഷിയെ ജി7 രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.

ഫ്രാന്‍സിലെ എവിയാന്‍ ലെ ബെയ്ന്‍സില്‍ നടന്ന ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ജി7 നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹോര്‍മുസ് കടലിടുക്കിനെ മാത്രമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഊര്‍ജ്ജ വിതരണ ശൃംഖലകള്‍ വൈവിധ്യവത്കരിക്കുമെന്നും ഇന്ധന ശേഖരം വര്‍ദ്ധിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വരും വര്‍ഷങ്ങളില്‍ ആഗോള വിപണിയിലേക്ക് ആവശ്യമായ അധിക ഊര്‍ജ്ജം എത്തിക്കാന്‍ കാനഡയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുമായി കാനഡ ഇതിനകം തന്നെ മുന്നോട്ട് പോവുകയാണെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിരവധി പ്രകൃതി വാതക പദ്ധതികള്‍ നിലവില്‍ പുരോഗമിക്കുകയാണ്. പടിഞ്ഞാറന്‍ കാനഡയില്‍ നിന്നുള്ള ടിഎംഎക്‌സ് ഓയില്‍ പൈപ്പ് ലൈനിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അമേരിക്കയിലേക്കും വെസ്റ്റ് കോസ്റ്റിലേക്കും പുതിയ പൈപ്പ് ലൈനുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

യൂറോപ്യന്‍, ഏഷ്യന്‍ പങ്കാളികള്‍ക്ക് കാനഡയുടെ ഇന്ധന ശേഷി ഏറെ നിര്‍ണ്ണായകമാണെന്നും ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയില്‍ നിന്ന് ആഗോള സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ അത്യാവശ്യമാണെന്നും മാര്‍ക്ക് കാര്‍ണി കൂട്ടിച്ചേര്‍ത്തു.

ക്രിട്ടിക്കല്‍ മിനറല്‍സ് മേഖലയില്‍ വലിയ നിക്ഷേപം

ഊര്‍ജ്ജ പ്രതിസന്ധിക്ക് പുറമെ, സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ആവശ്യമായ ക്രിട്ടിക്കല്‍ മിനറല്‍സിന്റെ വിതരണത്തിനായി കാനഡ പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. കാനഡയിലെ ഈ മേഖലയില്‍ 5 ബില്യണ്‍ ഡോളറിലധികം മൂലധന നിക്ഷേപം ഇതിലൂടെ സാധ്യമാകും. ഈ വര്‍ഷം അവസാനത്തോടെ ക്രിട്ടിക്കല്‍ മിനറല്‍സ് വിതരണത്തില്‍ ഏതെങ്കിലും ഒരു രാജ്യത്തെ (ചൈനയെ ലക്ഷ്യമിട്ട്) മാത്രം ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാനും ജി7 ഉച്ചകോടിയില്‍ തീരുമാനമായിട്ടുണ്ട്.

ഉക്രെയ്ന്‍ - മിഡില്‍ ഈസ്റ്റ് യുദ്ധങ്ങള്‍, ആഗോള സാമ്പത്തിക വളര്‍ച്ച, മയക്കുമരുന്ന് കടത്ത്, ഓണ്‍ലൈന്‍ സുരക്ഷ, എബോള ബാധ, കാന്‍സര്‍ ഗവേഷണം തുടങ്ങിയ വിഷയങ്ങളിലും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ജി7 രാജ്യങ്ങള്‍ ധാരണയിലെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam