'എത്രയോ ജീവിതം അവര്‍ക്ക് ബാക്കിയുണ്ടായിരുന്നു...'; എന്തിനായിരുന്നു ഈ ക്രൂരത?

NOVEMBER 8, 2023, 10:18 AM

'എനിക്കൊരു കുഞ്ഞുണ്ട്...', കുത്തേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുമ്പോഴും മെറിന്‍ ജോയി പറഞ്ഞത് അത് മാത്രമാണ്. ഭര്‍ത്താവിന്റെ കത്തിമുനയില്‍ ജീവന്‍ പിടയുമ്പോഴും രണ്ട് വയസുള്ള മകള്‍ നോറയെക്കുറിച്ച് മാത്രമായിരുന്നു അവളുടെ ചിന്ത. മലയാളികളെ ഒന്നടങ്കം പ്രത്യേകിച്ച് കോട്ടയത്തെയും ചങ്ങനാശേരിയിലേയും ആളുകളെ. നമ്മുടെ അയല്‍പക്കത്തെ കുട്ടി എന്ന തിരിച്ചറിവ് വലിയ നടുക്കമാണ് അവര്‍ക്ക് ഉണ്ടാക്കിയത്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആ ക്രൂരകൃത്യത്തില്‍ മൂന്നുവര്‍ഷത്തിന് ശേഷം കോടതി വിധി വന്നിരിക്കുന്നു. മെറിന്‍ ജോയിയെ നിഷ്‌കരുണം കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു(നെവിന്‍-34)വിന് ജീവപര്യന്തം ശിക്ഷ. ഇത് പരോളില്ലാത്ത ജീവപര്യന്തമാണെന്ന് യു.എസിലെ കോടതി വിധി പ്രസ്താവിക്കവെ വ്യക്തമാക്കിയത്.  യു.എസില്‍ ജീവപര്യന്തം ശിക്ഷയെന്നത് മരണംവരെയായതിനാല്‍ പ്രതി ഇനിയുള്ള കാലം അഴിക്കുള്ളില്‍ തന്നെയാകും എന്നതില്‍ സംശയമില്ല.

2020 ജൂലൈ 28-നാണ് കോട്ടയം മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്സി ദമ്പതിമാരുടെ മകള്‍ മെറിന്‍ ജോയി(27)യെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു ക്രൂരമായി കുത്തി കൊലപ്പെടുത്തിയത്. കോറല്‍സ്പ്രിങ്സിലെ ആശുപത്രിയില്‍ നഴ്സായിരുന്ന മെറിനെ ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ ഭര്‍ത്താവ് 17 തവണ കത്തി കൊണ്ട് കുത്തുകയായിരുന്നു. എന്നിട്ടും ക്രൂരത അവസാനിച്ചില്ല കുത്തേറ്റുവീണ മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റിയും അയാളുടെ ക്രൂരത തുടര്‍ന്നു. ഒടുവില്‍ സംഭവസ്ഥലത്തുനിന്ന് കാറില്‍ രക്ഷപ്പെട്ട ഫിലിപ്പിനെ ഒരുഹോട്ടലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയശേഷം ഇയാള്‍ കത്തികൊണ്ട് സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്.

ഫിലിപ്പ് മാത്യു കുറ്റം ഏറ്റുപറഞ്ഞതിനാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാകുകയായിരുന്നു. മെറിന്‍ കൊല്ലപ്പെട്ട അന്ന് കോറല്‍സ്പ്രിങ്സിലെ ബ്രോവാഡ് ഹെല്‍ത്ത് സെന്ററിലെ അവളുടെ അവസാന ട്യൂട്ടി ദിനമായിരുന്നു. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് കോറല്‍സ്പ്രിങ്സിലെ ജോലി രാജിവെച്ച് താമ്പയിലേക്ക് താമസം മാറ്റാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഓഗസ്റ്റ് 15ന് പുതിയസ്ഥലത്ത് പുതുജീവിതത്തിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ദാരുണാന്ത്യം.

മെറിനെ തടഞ്ഞുനിര്‍ത്തി കത്തി കൊണ്ട് നിരന്തരം കുത്തിപരിക്കേല്‍പ്പിച്ചതിന് പിന്നാലെ കാറില്‍ കയറിയ പ്രതി മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റി. ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു ഇത്. ഒരു ഹംപിന് മുകളിലൂടെ കയറ്റുന്നത് പോലെയാണ് ഫിലിപ്പ് മെറിന്റെ ദേഹത്തുകൂടെ കാര്‍ ഓടിച്ചുകയറ്റിയതെന്നായിരുന്നു സംഭവത്തിന് സാക്ഷിയായ ഒരു സഹപ്രവര്‍ത്തക പ്രതികരിച്ചത്.

ഉപദ്രവം പതിവായപ്പോള്‍ വിവാഹമോചനം

2016 ജൂലൈയിലായിരുന്നു ചങ്ങനാശേരി സ്വദേശിയായ ഫിലിപ്പ് മാത്യുവും നഴ്സായ മെറിന്‍ ജോയിയും വിവാഹിതരായത്. പ്ലസ്ടു വരെ നാട്ടില്‍ പഠിച്ച ഫിലിപ്പ് മാത്യു പിന്നീട് അമേരിക്കയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നു. ഇയാളുടെ ഉപരിപഠനവും ജോലിയുമെല്ലാം അമേരിക്കയിലായിരുന്നു. ഇതിനിടെയാണ് നഴ്സായ മെറിനെ വിവാഹം കഴിച്ചത്. ഫിലിപ്പ് മെറിനെ പലതവണ ഉപദ്രവിച്ചിരുന്നതായും പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കിയതായും കുടുംബം തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ മെറിനെ ആക്രമിച്ചതിന് ഫിലിപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെറിന്‍ ജോലി കഴിഞ്ഞെത്തുമ്പോള്‍ വീട് അടച്ചുപൂട്ടിയിരിക്കുന്നതായിരുന്നു ഫിലിപ്പിന്റെ പതിവ്. ഒരിക്കല്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചപ്പോള്‍ ഉറങ്ങിപ്പോയതാണെന്നായിരുന്നു ഇയാളുടെ മറുപടി.

2018 ലാണ് ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞുണ്ടായത്. എന്നാല്‍ കുഞ്ഞ് ജനിച്ചശേഷം വീഡിയോകോളില്‍ പോലും കുഞ്ഞിനെ കാണാന്‍ മെറിന്റെ അച്ഛനെ ഫിലിപ്പ് അനുവദിച്ചിരുന്നില്ല. മെറിന്‍ നാട്ടിലെ കുടുംബവുമായി സംസാരിക്കുന്നതും ഇയാള്‍ വിലക്കിയിരുന്നു. 2019 ഡിസംബറിലാണ് കുഞ്ഞുമായി ദമ്പതിമാര്‍ അവസാനമായി നാട്ടിലെത്തിയത്. ഈ സമയത്ത് ചങ്ങനാശേരിയിലെ ഭര്‍തൃവീട്ടില്‍വച്ചും മെറിനെ ഫിലിപ്പ് ആക്രമിച്ച.  ഉപദ്രവത്തെത്തുടര്‍ന്ന് ഒരിക്കല്‍ മെറിന്‍ വീട്ടുകാരെ വിവരമറിയിച്ചു. പിതാവും ബന്ധുക്കളും മെറിനെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുവരാനായി ഭര്‍തൃവീട്ടിലെത്തി. എന്നാല്‍ ഈ സമയം കുഞ്ഞുമായി ഫിലിപ്പ് മുറിയില്‍ കതകടച്ചിരുന്നു. ഏറെനേരത്തെ തര്‍ക്കത്തിന് ശേഷമാണ് ഇയാള്‍ മുറിയില്‍ നിന്ന് പുറത്തുവന്നത്. അന്ന് കുഞ്ഞുമായി മെറിന്‍ സ്വന്തംവീട്ടിലേക്ക് മടങ്ങി. പിന്നാലെ ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

ഉപദ്രവം സഹിക്കവയ്യാതെയാണ് നാട്ടിലായിരുന്ന സമയത്ത് വിവാഹമോചനത്തിനായി മെറിന്‍ കോടതിയെ സമീപിച്ചത്. മെറിന്‍ പരാതി നല്‍കിയതും കോടതിയെ സമീപിച്ചതും അറിഞ്ഞതോടെ കേസില്‍ കുടുങ്ങുമെന്ന് ഭയന്ന് ഫിലിപ്പ് നേരത്തെ തന്നെ നാട്ടില്‍നിന്ന് മടങ്ങി. 2020 ജനുവരി 20 ന് ഒരുമിച്ച് അമേരിക്കയിലേക്ക് മടങ്ങാനാണ് ഇരുവരും നേരത്തെ ടിക്കറ്റെടുത്തിരുന്നത്. എന്നാല്‍ മെറിന്‍ പരാതി നല്‍കിയതോടെ ഇയാള്‍ ജനുവരി ഒന്നിന് തന്നെ നാട്ടില്‍നിന്ന് അമേരിക്കയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിച്ച് ജനുവരി 29-ന് മെറിനും അമേരിക്കയിലേക്ക് മടങ്ങി.

ഭാര്യയ്ക്കായി ശവപ്പെട്ടി വരെ ഉണ്ടാക്കി

ഫിലിപ്പിന് അമേരിക്കയില്‍ കാര്യമായ ജോലി ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മകളുടെ ശമ്പളം പൂര്‍ണമായും ചെലവഴിച്ചിരുന്നത് ഭര്‍ത്താവായിരുന്നുവെന്നും നേരത്തെയും ഇയാള്‍ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും മെറിന്റെ പിതാവ് പറഞ്ഞിരുന്നു. മെറിനെ ആക്രമിച്ചിരുന്ന പ്രതി ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തുന്നു. മെറിന്റെ കൊലപാതകത്തിന് പിന്നാലെ കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ബന്ധുക്കളും കുടുംബാംഗങ്ങളും യു.എസിലെ മലയാളി സമൂഹവും ഇടപെട്ടിരുന്നു.

മെറിന്റെ മകളുടെ ഭാവിക്കായി അമേരിക്കയിലെ മലയാളി സംഘടനകള്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ ധനശേഖരണവും നടത്തി. കുഞ്ഞിന്റെ കാര്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായിരിക്കും ഈ തുക വിനിയോഗിക്കുകയെന്നും ഇതിന് നേതൃത്വം നല്‍കിയവര്‍ പ്രതികരിച്ചിരുന്നു.

നാല് വര്‍ഷത്തെ ദാമ്പത്യജീവിതം. രണ്ട് വയസുള്ള കുഞ്ഞ്. ആ സ്ത്രീയെ ഇത്രയ്ക്ക് ക്രൂരമായി കൊല്ലാന്‍ എങ്ങനെ കഴിഞ്ഞു. മനുഷ്യന്‍ മൃഗമായി മാറുന്ന അവസ്ഥ. ഒരു ജീവനെടുക്കുമ്പോള്‍ ഒരാളെയല്ല, അയാളെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളെക്കൂടിയാണ് അവര്‍ കൊന്നുകളയുന്നത്. ഇനിയെന്നും ഒഴിഞ്ഞുകിടക്കുന്ന അവരുടെ മാത്രമായ ഇടങ്ങള്‍. അത് മനസ്സില്‍ പേറി അമ്മയും അച്ഛനും കുഞ്ഞും പിന്നെ കുടുംബങ്ങളും ജീവിതകാലം മുഴുവന്‍ നീറിനീറി തള്ളിനീക്കണം. ഓര്‍മകളില്‍ മാത്രമാവുന്നൊരാളെ തേടി ആ കുഞ്ഞുമനസ് തേങ്ങും. ആ കുഞ്ഞിന്റെ ഭാവിയും സ്വപ്നങ്ങളും ആ കുടുംബത്തിന്റെ നോവാകും.

ഈ ക്രൂരത എന്തിനു വേണ്ടി? മനുഷ്യനോളം മനോഹരമായി സ്‌നേഹിക്കാനും സഹവര്‍ത്തിക്കാനും മറ്റാര്‍ക്കാണ് കഴിയുക? അതുകൊണ്ട് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു കൊല്ലുമ്പോള്‍ മരിക്കുന്നത് ഒരാളല്ല...ഒരു കുടുംബം തന്നെയാണ്. കൊലപാതകങ്ങള്‍ തുടര്‍ന്നാല്‍ സമൂഹത്തിന് അതിജീവിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവുണ്ടാവണം. കൊല്ലപ്പെട്ടവര്‍ക്കും കൊലപ്പെടുത്തിയവര്‍ക്കും എത്രയോ ജീവിതം ബാക്കിയുണ്ടായിരുന്നു. അവരുടെ കുടുംബത്തോടൊപ്പം, കൂട്ടുകാരോടൊപ്പം എത്രയോ നാളുകള്‍ സന്തോഷത്തോടെ ആസ്വദിച്ചു ജീവിക്കേണ്ടതായിരുന്നു. അത്രയേറെ സുന്ദരമായ ജീവിതത്തെയാണ് വികൃതമാക്കി തല്ലിക്കെടുത്തിയത്.  

കൊന്നതുകൊണ്ടു വൈരാഗ്യം അവസാനിക്കില്ല. മനോഭാവം മാറണം. പ്രതികാരദാഹത്തില്‍ നിന്നും മനുഷ്യന്‍ മുക്തനാവണം. നമ്മുടെ ഇടയില്‍ നിന്നും ഇത്തരം ക്രൂരത ആവര്‍ത്തിക്കാതിരിക്കാന്‍ വീടും നാടും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ചെറുപ്പക്കാരുടെ പ്രശ്‌നങ്ങളെ കൂടുതല്‍ കരുതലോടെ സമീപിക്കണം. ചത്തും കൊന്നും ജീവിച്ചുപോന്ന പ്രാകൃതയുഗ ബോധങ്ങളില്‍ നിന്നുള്ള വിമുക്തിയാണ് യഥാര്‍ഥത്തില്‍ മനുഷ്യ പരിണാമം. പരിണാമത്തിന്റെ പിന്‍വഴികളിലേക്ക്, ഗോത്രബോധത്തിന്റെ പ്രാക്തന ഗുഹകളിലേക്കു തിരിച്ചുപോകുന്നവരോടു പറയാനുള്ളത്  ഒന്നുമാത്രം, ആയുധം താഴെയിടൂ...വെളിച്ചത്തിലേക്കു നോക്കൂ....

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam