സുരേഷ് ഗോപി തൃശൂരിൽ കൊളുത്തിയ വിജയദീപം ആളിക്കത്തിക്കാനുള്ള ശേഷി സംസ്ഥാനത്ത് മറ്റെവിടെയും തങ്ങൾക്കില്ലെന്നു തെളിയിച്ചതിനു പിന്നാലെ പാർട്ടിയിൽ പുതിയ നെരിപ്പോട് രൂപപ്പെട്ടു പുകയുന്നതിന്റെ അസ്വസ്ഥത മറയ്ക്കാനാകുന്നില്ല കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്. വർഷങ്ങളായി അണികളിലും വിവിധ നേതൃതലങ്ങളിലും ഏറിയും കുറഞ്ഞും നിന്ന അസംതൃപ്തിയെ പാലക്കാട്ടെ ഞെട്ടിക്കുന്ന തോൽവിയാണ് ഒറ്റയടിക്ക് പുറത്തെത്തിച്ചത്. കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ മുളപ്പിച്ചെടുത്ത 'ക്രിസംഘി' തന്ത്രം ഇതോടെ ഊർദ്ധശ്വാസം വലിക്കുന്നതായുള്ള നിരീക്ഷണവും ശക്തം.
ഇടക്കാല തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ ജയിച്ച കക്ഷികൾ തന്നെ സീറ്റ് നിലനിർത്തി. ഇതുമൂലം കേരളത്തിൽ വലിയ രാഷ്ട്രീയ ഉരുൾപൊട്ടലുകളൊന്നുമുണ്ടായില്ലെങ്കിലും പല കീറാമുട്ടികളാണ് ബി.ജെ.പി യുടെ അങ്കണത്തിൽ വന്നു വീണിരിക്കുന്നത്. 'സന്ദീപ് വാര്യർ ഘടകം' ഇതിൽ താരതമ്യേന ലഘുവായ ഒന്നു മാത്രം. പരസ്യമായ വിഴുപ്പലക്കലിന് ഭാരവാഹികളും ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവരും പാർട്ടി അച്ചടക്കം വിട്ട് തയ്യാറാകുന്നു. കോൺഗ്രസ് പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയമാഘോഷത്തിനിടെ കൊടുത്ത ലഡു നുണയാൻ ബി.ജെ.പിക്കാരിയായ പാലക്കാട്ടെ നഗരസഭാധ്യക്ഷ സന്നദ്ധയായതും വിവാദമാവുന്ന സാഹചര്യമാണിപ്പോൾ.
ഏറ്റവും വാശിയേറിയ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം പാർട്ടിയിൽ നിന്നുപോലുമുണ്ടായ വിരുദ്ധ സാഹചര്യങ്ങൾ ചടുലമായി നേരിട്ടാണ് കോൺഗ്രസിന് തകർപ്പൻ വിജയം നേടിക്കൊടുത്തത്. നോമിനേഷൻ ഘട്ടം മുതൽ വോട്ടെടുപ്പു ദിനംവരെ പലവിധ വിവാദങ്ങളും ട്വിസ്റ്റുകളും കൊണ്ട് സംഭ്രമജനകമായിരുന്നു പാലക്കാട്ടെ പ്രചാരണ വേള. നോമിനേഷൻ തീയതിയുടെ തൊട്ടുമുമ്പ് കോൺഗ്രസ് വിട്ട് എൽ.ഡി.എഫിൽ ചേക്കേറിയ ഡോ. പി. സരിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിനു കാരണങ്ങൾ നിരത്താൻ സി.പി.എം വല്ലാതെ ക്‌ളേശിക്കുന്നു. ഡോ. സരിനെ സ്ഥാനാർത്ഥിയായി ലഭിച്ചതിന്റെ ബലത്തിൽ പാലക്കാട് പിടിച്ചെടുക്കാമെന്ന എൽ.ഡി.എഫ് മോഹം തരിപ്പണമായതിനു പുറമേ വലിയ രാഷ്ട്രീയ തിരിച്ചടിയാണുണ്ടായത്.
രാഹുൽ മാങ്കൂട്ടം 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ കോൺഗ്രസിന്റെ തന്നെ മുൻ വിജയങ്ങളുടെയെല്ലാം ശോഭ കെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാഫിയുടെ വിജയം 3859 വോട്ടിനായിരുന്നു. ഇക്കുറി ഭൂരിപക്ഷം നാലുമടങ്ങായി രാഹുൽ ഉയർത്തി. പ്രതികൂല ഘടകങ്ങൾ ഒട്ടേറെയുണ്ടായിട്ടും കൈവരിച്ച ഈ വിജയം ഏറ്റവും തിളക്കമാർന്നതുതന്നെ. പാലക്കാട് ഇത്തവണ പിടിച്ചെടുക്കാമെന്ന അമിത പ്രതീക്ഷയോടെ മത്സരിച്ച ബി.ജെ.പിക്ക് വിജയത്തിന് അടുത്തെത്താൻപോലുമായില്ല. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ടുകളിൽ മാത്രമേ ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന് ചെറിയ ലീഡെങ്കിലും നിലനിറുത്താനായുള്ളൂ. ബി.ജെ.പിക്ക് നഗരസഭാ കേന്ദ്രങ്ങളിലുണ്ടായിരുന്ന സ്വാധീനം കുത്തിയൊലിച്ചുപോയി.
പാലക്കാട്
നഗരസഭാധ്യക്ഷ പ്രമീളാ ശശിധരനും ബി.ജെ.പിയുടെ ദേശീയ കൗൺസിൽ അംഗം
എൻ.ശിവരാജനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ നേരിട്ടു
കുറ്റപ്പെടുത്തിയത് ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ചു. തുടർന്ന്
മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ച സംസ്ഥാന പ്രസിഡന്റ് താൻ 'നിൽക്കണോ പോണോ'
എന്നു കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
പാലക്കാട്ടെ തോൽവിയുടെ മാത്രമല്ല, മൂന്നിടത്തെയും പാർട്ടി പ്രകടനത്തിന്റെ
ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ സുരേന്ദ്രൻ വയനാട്ടിലും
ചേലക്കരയിലും മുന്നേറ്റമുണ്ടാക്കിയത് കാണാതെ പോവുന്നതായി പരാതിപ്പെട്ടു.
പാലക്കാട്ട് വോട്ടുശതമാനം ഉയർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞില്ലെങ്കിലും ഇതിൽ
ശരിയായ വിലയിരുത്തൽ നടത്തി, ഓരോ ബൂത്തിലും ആവശ്യമായ തിരുത്തലുകൾ
വരുത്തുമെന്നാണ് സുരേന്ദ്രൻ പറയുന്നത്.
പരാജയത്തിന് മുൻ സ്ഥാനാർത്ഥി കൂടിയായ ശോഭാ സുരേന്ദ്രനെയും പാലക്കാട്
നഗരസഭയിലെ പാർട്ടി കൗൺസിലർമാരെയും കുറ്റപ്പെടുത്താൻ പ്രസിഡന്റ് തയ്യാറായില്ല. കഴിഞ്ഞ തവണ മെട്രോ ശ്രീധരന് പൊതുസമൂഹത്തിൽ നിന്ന് കിട്ടിയ വോട്ടുകൾ നിലനിർത്താനായില്ല ഇക്കുറി കൃഷ്ണകുമാറിന്. നഗര മേഖലയിൽ അടിസ്ഥാന വോട്ടുബാങ്ക് നിലനിർത്താൻ കഴിഞ്ഞെങ്കിലും പുതിയ വോട്ടുകൾ ആകർഷിക്കാനായില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കൊടകര കുഴൽപ്പണക്കേസ് തിരഞ്ഞെടുപ്പിന്റെ ആദ്യനാളുകളിൽ വീണ്ടും ചർച്ചയാക്കിയതിനെ പ്രതിരോധിക്കാൻ ഏറെ ഊർജം ചെലവാക്കേണ്ടി വന്നെന്ന ഖേദവുമുണ്ട് അദ്ദേഹത്തിന്. വി.മുരളീധരനുമായി തന്നെ തെറ്റിക്കാൻ നോക്കേണ്ട എന്നു പറഞ്ഞെങ്കിലും അദ്ദേഹം പ്രസിഡന്റായിരുന്നപ്പോൾ പിറവത്ത് വെറും 2,000 വോട്ടു മാത്രം കിട്ടിയിട്ടും രാജി വെക്കാത്തത് സുരേന്ദ്രൻ ഓർമിപ്പിച്ചു. ടീമിനെ നയിക്കുന്ന ആളെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും നഷ്ടമായ പിന്തുണ തദ്ദേശ തിരഞ്ഞെടുപ്പാവുമ്പോഴേയ്ക്കും വീണ്ടെടുക്കാൻ ശ്രമിക്കുമെന്നും സൂചിപ്പിച്ച സുരേന്ദ്രൻ പൊരുതാനുറച്ചു തന്നെയാണ് എന്ന് വ്യക്തം.
അതേസമയം വാശിയേറിയ ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ ആശ്വസിക്കാൻ വക നൽകുന്നതാണ്. ചേലക്കരയിൽ മുൻമന്ത്രി രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് പോയ ഒഴിവിൽ നടന്ന വോട്ടെടുപ്പിൽ യു.ആർ.പ്രദീപ് എൽ.ഡി.എഫിന് മികച്ച വിജയമാണ് നേടിക്കൊടുത്തത്. 2021 ലെ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ നേടിയ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിനടുത്തെത്താൻ കഴിഞ്ഞില്ലെങ്കിലും 12201 വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പിക്കാനായത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നേട്ടം തന്നെയാണ്. കോൺഗ്രസിന്റെ രമ്യാ ഹരിദാസ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടർച്ചയായ രണ്ടു തിരഞ്ഞെടുപ്പുകളിലെ പരാജയവുമായാണ് രമ്യക്കു മങ്ങേണ്ടിവന്നത്. ചേലക്കരയിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടി ഭരണവിരുദ്ധ വികാരമാണ് ഇതിൽ കാണാൻ കഴിയുന്നതെന്ന് എതിർ ചേരിക്കാർ വാദിക്കാൻ ശ്രമിക്കുന്നു.
രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിച്ച് റായ്ബറേലി സീറ്റ് സ്വീകരിച്ചതോടെ ഒഴിവുവന്ന വയനാട് സീറ്റിൽ അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെടുമെന്ന് എല്ലാവർക്കും ഉറപ്പുണ്ടായിരുന്നു. അത് ശരിയായിരുന്നുവെന്ന് പ്രിയങ്ക നേടിയ 4,10,931 വോട്ടിന്റെ ഭൂരിപക്ഷം അടിവരയിടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കരസ്ഥമാക്കിയ ഭൂരിപക്ഷമായ 3,64,422 വോട്ടിലധികമാണ് പ്രിയങ്ക ഗാന്ധി നേടിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 46,509 വോട്ടുകൾ കൂടുതൽ. എതിർ സ്ഥാനാർത്ഥികൾ ഏതാണ്ട് നിഷ്പ്രഭമായിപ്പോയ വയനാട് തിരഞ്ഞെടുപ്പിലെ പ്രിയങ്കയുടെ ഉജ്ജ്വല വിജയം എക്കാലവും ഓർമ്മിക്കപ്പെടും.
മുനമ്പം വോട്ടായില്ല
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ നേടാനുള്ള ബി.ജെ.പി ശ്രമം അമ്പേ പാളിയെന്ന നിരീക്ഷണം തള്ളിക്കളയാനാകില്ല. മുനമ്പം ഭൂമിപ്രശ്‌നത്തിൽ സമരം ചെയ്യുന്ന ക്രൈസ്തവ വിശ്വാസികളെ പിന്തുണയ്ക്കുന്നതിലൂടെ ക്രിസ്ത്യാനികളുടെ വോട്ട് ബി.ജെ.പിക്ക് അനുകൂലമായി മറിക്കാം എന്നായിരുന്നു ഹിന്ദു പരിവാർ ധാരണ. എന്നാൽ ഇത് ഒരു തരത്തിലും വിജയിച്ചില്ല എന്നതാണ് പാലക്കാട്ടെ ഫലം തെളിയിക്കുന്നത്. വയനാട്ടിലും മുനമ്പം ഭൂമി പ്രശ്‌നം ഏശിയില്ല. പതിനായിരത്തോളം ക്രിസ്ത്യൻ വോട്ടുകളാണ് പാലക്കാട് ഉണ്ടായിരുന്നത്. ഇതിൽ കാര്യമായൊന്നും ബി.ജെ.പി പെട്ടിയിൽ എത്തിയില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വർഗീയത കത്തിക്കാൻ ഉദ്ദേശിച്ച് സുരേഷ് ഗോപി നടത്തിയ നീക്കങ്ങളും എട്ടുനിലയിൽ പൊട്ടിയ കാഴ്ചയാണ് പാലക്കാട്ട് പെട്ടികൾ പൊട്ടിച്ചപ്പോൾ കണ്ടതെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സംഘപരിവാറിനോടും ബി.ജെ.പിയോടും ആഭിമുഖ്യം പുലർത്തുകയും സ്വയം ക്രിസംഘികൾ എന്ന് അവകാശപ്പെടുകയും ചെയ്യുന്ന വിഭാഗമാണ് മുനമ്പത്തെ മുൻനിർത്തി ക്രൈസ്തവ വോട്ടുകൾ മറിക്കാൻ അത്യധ്വാനം ചെയ്തത്. സീറോ മലബാർ സഭയിലെ ഒരുവിഭാഗം വൈദികരും അത്മായരും ചേർന്ന് ബലമേകിയ ഈ പ്രചാരണത്തിന് സഭാതലവനായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിന്തുണ നൽകിയതും ഉപ തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചപ്പോൾ ദൃശ്യമായി. 'ബാലറ്റ് പേപ്പർ കയ്യിൽക്കിട്ടുമ്പോൾ എല്ലാത്തവണവും വോട്ടു ചെയ്ത് പരിചയമുള്ളവർക്ക് വോട്ടുചെയ്യണമെന്ന് ഇനി നിർബന്ധം പിടിക്കരുത്. മറിച്ചു ചെയ്യാനും അറിയാമെന്ന് നിങ്ങൾ തെളിയിക്കണം.' മാർ റാഫേൽ തട്ടിൽ സമരപ്പന്തലിൽ പറഞ്ഞ ഈ വാചകങ്ങൾ ബി.ജെ.പി പ്രവർത്തകർ ആഘോഷപൂർവം കൊണ്ടാടിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് പാലക്കാട്ടെ
ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്ണകുമാർ മുനമ്പത്തെത്തി സമരക്കാരെ കണ്ടത്.
എന്തായാലും മേജർ ആർച്ച് ബിഷപ്പിന്റെ പ്രസംഗമോ നിലപാട് മാറ്റാനുള്ള ആഹ്വാനമോ
യു.ഡി.എഫ് അനുകൂല പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളെ മറിക്കാൻ
പര്യാപ്തമായില്ല എന്നാണ് വോട്ടിംഗ് നില വ്യക്തമാക്കുന്നത്. ബി.ജെ.പി
ഭരിക്കുന്ന മണിപ്പൂരിൽ ക്രൈസ്തവർക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ കേരളത്തിലെ
ക്രിസ്ത്യാനികൾക്കിടയിൽ സജീവ ചർച്ചാ വിഷയമാണ്. പ്രധാനമന്ത്രി മണിപ്പൂർ
സന്ദർശിക്കാത്തതും വടക്കെ ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ സംഘപരിവാർ സംഘടനകൾ
നടത്തുന്ന വിദ്വേഷ പ്രചരണങ്ങളും ആക്രമണങ്ങളും യു.ഡി.എഫും എൽ.ഡി.എഫും
നിരന്തരം പ്രചരണത്തിന് ഉപയോഗിക്കുന്നുമുണ്ടായിരുന്നു. ഈ വർഷം ഒക്ടോബർ 31
വരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 673 ആക്രമണങ്ങൾ ക്രൈസ്തവർക്ക് നേരെ
നടന്നുവെന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകളും പുറത്തുവന്നു.
വടക്കേ ഇന്ത്യയിൽ ആക്രമിക്കുകയും കേരളത്തിൽ വാരിപ്പുണരുകയും ചെയ്യുന്ന
ബി.ജെ.പിയെ തുറന്ന് കാണിക്കുന്നതിൽ കോൺഗ്രസ് വിജയിച്ചു എന്ന്്
തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നു കോൺഗ്രസ് നേതാക്കളുടെ
അഭിപ്രായമിങ്ങനെ.
ഇന്ത്യയിലെ പ്രബല മത ന്യൂനപക്ഷങ്ങളാണ് മുസ്‌ലിംകളും
ക്രിസ്ത്യാനികളും. ഹൈന്ദവ ഭൂരിപക്ഷത്തിനിടയിൽ ന്യൂനപക്ഷങ്ങളായി
ജീവിക്കുന്നതിനാൽ ഇരുകൂട്ടരും സൗഹാർദ്ദ സമീപനം സ്വീകരിച്ചുപോന്നിരുന്നു.
എന്നാൽ, അടുത്തകാലത്തായി മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നം ഉൾപ്പെടെ ചില വിഷയങ്ങൾ ഹേതുവായി ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുതന്നെ ഒരു സംഘം മുസ്‌ലിം വിരുദ്ധ നിലപാട് തീവ്രമാക്കി. മുസ്ലിംങ്ങളോടുള്ള വിദ്വേഷത്തിന്റെ പേരിൽ വലതുപക്ഷ ഹിന്ദുത്വവുമായി ആഴത്തിലുള്ള പ്രത്യയശാസ്ത്ര ബന്ധം കെട്ടിപ്പടുക്കുന്ന ഈ വിഭാഗത്തെ 'ക്രിസംഘി' എന്നു വിളിക്കുന്നതിൽ അവർക്കുമില്ല പ്രതിഷേധം. ഏതാനും വർഷങ്ങൾക്കുമുമ്പ് വരെ ക്രിസ്ത്യൻ ബുദ്ധിജീവികളാൽ അവഹേളിക്കപ്പെട്ട ഘടകങ്ങളായി തള്ളിക്കളയപ്പെട്ടിരുന്ന അവർ സ്വന്തം വോട്ട് ബാങ്ക് ചൂണ്ടിക്കാട്ടുന്നതിനുള്ള കനകാവസരമായാണ് ഇക്കുറി ഉപതെരഞ്ഞെടുപ്പിനെ കണ്ടത്.
പക്ഷേ, മൂല്യനിർണയം പോലും നടക്കാതെ ലക്ഷ്യം പാളിയ സ്ഥിതിയാണ്. 'ക്രിസംഘി'കളെ പരസ്യമായി പുണർന്നില്ലെന്നതിന്റെ പാതി ആശ്വാസത്തിലാണിപ്പോൾ ബി.ജെ.പി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലും തിരുവനന്തപുരത്തും 'ക്രിസംഘി' തന്ത്രമിറക്കാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ നേരിട്ടെത്തിയിരുന്നു.
എന്തായാലും, അടുത്തവർഷമാദ്യം നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാനൊരുങ്ങുന്ന എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഒട്ടേറെ പാഠങ്ങൾ പഠിക്കാൻ ഈ ഉപതിരഞ്ഞെടുപ്പുകൾ ഉപകരിക്കേണ്ടതാണ്. പ്രചാരണരംഗത്തെ പതിവിൽക്കവിഞ്ഞ ആവേശവും ചൂടുമൊന്നുമല്ല വോട്ടർമാരുടെ മനസ് കീഴടക്കാനുള്ള വഴികളെന്ന് ഏവരും തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങൾക്കിടയിൽ ചേർന്നുനിന്ന് പ്രവർത്തിക്കാനുള്ള പഴയ ശീലവും സന്നദ്ധതയും കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവാണ് വോട്ടിംഗ് ശതമാനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ് എന്ന കാര്യം രാഷ്ട്രീയ കക്ഷികൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1