പ്രതിപക്ഷം ശക്തമായിരിക്കുമ്പോഴാണ് ഒരു ജനാധിപത്യ രാജ്യം അതിന്റെ നിർവ്വചനത്തിലും ഭരണനിർവ്വഹണ പ്രക്രിയയിലും പൂരകവും മനോഹരവുമാകുന്നത്. ഇന്ത്യ സഖ്യം ഭരണത്തിലെത്തിയില്ലെങ്കിലും പ്രതിപക്ഷത്ത് ശക്തമായിരിക്കുമെന്നു കരുതി. പക്ഷേ, നാൾക്കുനാൾ അവരുടെ കെട്ടുറപ്പിൽ വിള്ളൾ വീഴുകയാണോ..? കെജ്രിവാൾ ഡൽഹിപിടിക്കാൻ ഒറ്റക്ക് മത്സരത്തിനൊരുങ്ങുമ്പോൾ മറ്റു സഖ്യകക്ഷികളും അയയുന്നതിന്റെ ലക്ഷണമാണോ പാർലമെന്റിൽ കാണുന്നത്..?
26 പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ ബ്ലോക്ക്, ഡൽഹിയിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കെജ്രിവാളിന്റെ പ്രഖ്യാപനം പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കുന്നു. എഎപിയും കോൺഗ്രസും പ്രതിപക്ഷമായ ഇന്ത്യൻ ബ്ലോക്കിന്റെ ഭാഗമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഇവർ ഒരുമിച്ച് മത്സരിച്ചു. എല്ലാ സീറ്റുകളിലും ബി.ജെ.പി വിജയിച്ചതോടെ ഇരു പാർട്ടികളും അക്ഷരാർത്ഥത്തിൽ ശൂന്യമായി.
കെജ്രിവാൾ ഇതാദ്യമായല്ല ഇന്ത്യാസഖ്യത്തിന് നേരെ മുഖം തിരിക്കുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, പഞ്ചാബിൽ കോൺഗ്രസുമായുള്ള സഖ്യം കെജ്രിവാൾ തള്ളിക്കളയുകയും തന്റെ പാർട്ടി 13 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ധാരണയിലെത്തുന്നതിലും ഇരു പാർട്ടികളും പരാജയപ്പെട്ടിരുന്നു.
പ്രതിപക്ഷം എന്ന ആശയത്താലാണ് ഒരു ജനാധിപത്യ രാജ്യം അതിന്റെ നിർവ്വചനത്തിലും ഭരണനിർവ്വഹണ പ്രക്രിയയിലും പൂരകവും മനോഹരവുമാകുന്നത്. പ്രതിപക്ഷത്തെ ഇല്ലാതാക്കലാണ് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആവശ്യവും ലക്ഷ്യവും. പ്രതിപക്ഷം എന്ന ആശയത്താലാണ് ഒരു ജനാധിപത്യ രാജ്യം അതിന്റെ നിർവ്വചനത്തിലും ഭരണനിർവ്വഹണ പ്രക്രിയയിലും പൂരകവും മനോഹരവുമാകുന്നത്.
'ഇന്ത്യ' സഖ്യം കഴിഞ്ഞ മാർച്ച് 31 ന് രാംലിലാ മൈതാനത്ത് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ മഹാറാലി സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷം അതിന്റെ ദുർബല സ്വരത്തിൽ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെ അണിനിരക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ബഹുസ്വരതയാണ് ജനാധിപത്യത്തിന്റെ മനോഹാരിതയും. അപ്പോഴും അരവിന്ദ് കെജ്രിവാളിനെ പുറത്തുവിടാതിരിക്കാൻ ഇഡിയും കോടതിയുമൊക്കെ, യൂണിയൻ സർക്കാരിനോട് ജനാധിപത്യത്തെ വഞ്ചിച്ച് വിധേയത്വത്തിന്റെ കൂറു കാട്ടലുമായിരിക്കും. ഇന്ത്യയിൽ അരവിന്ദ് കെജ്രിവാൾ എന്ന നേതാവ് പ്രതിപക്ഷത്തിന്റെ പ്രതീകമായി നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ ഏറെയുണ്ടെങ്കിലും ഇടം തിരിഞ്ഞു നിന്ന് തന്റെ ശക്തി കാണിക്കാൻ തന്നെയാണ് തീരുമാനം..!
ബി.ജെ.പി ഇന്ത്യ' സഖ്യത്തിലെ മറ്റെല്ലാ കക്ഷികളേക്കാളും ശത്രുവായി ആപ്പും അതിന്റെ നേതാവായ അരവിന്ദ് കെജ്രിവളേയും ശത്രുവായി കാണുന്നുണ്ടെങ്കിൽ അത് ശക്തനായ നേതാവ് എന്നതുകൊണ്ടുമാത്രമല്ല മറിച്ച് തങ്ങളുടെ അതേ സ്‌പേസിൽ രാഷ്ട്രീയം കളിക്കാൻ പൊട്ടെൻഷ്യലുള്ള ഒരു എതിരാളിയാണ് കെജ്രിവാൾ എന്ന തിരിച്ചറിവുകൊണ്ടു മാത്രമാണ്. ഒന്നാലോചിച്ചാൽ ഇന്ത്യയിൽ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി അറസ്റ്റിലാവുന്നത്. അതും പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത്.
ഡൽഹിയിൽ പുതിയ മദ്യനയം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് ആരോപിക്കപ്പെടുന്നത്. പക്ഷേ കൃത്യമായും ഇലക്ട്രൽ ബോണ്ട്, അഴിമതിപ്പണമായി വാങ്ങിയ ബി.ജെ.പി കെജ്രിവാളിനെതിരെ സാക്ഷിമൊഴിയുണ്ടാക്കിയതാണ് എന്നതിന്റെ തെളിവുകൾ വരെ പുറത്തുവന്നിരുന്നു. എന്നിട്ടും ഭരിക്കുന്നവർ തല ഉയർത്തിപ്പിടിച്ചു തന്നെ നടന്നു. ഇന്നദ്ദേഹം മുഖ്യമന്ത്രിയല്ല.
മദ്യനയക്കേസിൽ 2022 നവംബറിൽ 10ന് അറസ്റ്റു ചെയ്യപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അരബിന്ദോ ഫാർമയുടെ ഉടമയായ ശരത് ചന്ദ്ര റെഢിയാണ് ഈ കേസിലെ മാപ്പുസാക്ഷി. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട റെഡി അഞ്ച് ദിവസം കഴിഞ്ഞപ്പോൾ അഞ്ച് കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖയിലുണ്ട്. അത് ബി.ജെ.പിക്കു വേണ്ടിയുള്ള പണമായിരുന്നു. അവിടം കൊണ്ട് തീർന്നില്ല. ആകെ 34.5 കോടി രൂപയുടെ ബോണ്ട്, ബി.ജെ.പിക്കുവേണ്ടി ശരത് റെഢി വാങ്ങി. അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അരവിന്ദ് കെജ്രിവാളിനെ കണ്ടിട്ടേയില്ലെന്ന് മൊഴി നൽകിയ റെഢി, കുറച്ച് മാസത്തെ ജയിൽ വാസത്തിനും മാപ്പുസാക്ഷിയായുള്ള രൂപമാറ്റത്തിനു ശേഷം പറഞ്ഞു, അരവിന്ദ് കെജരിവാളിനെ കണ്ടിരുന്നു എന്ന്. ഈ ഒരൊറ്റ മൊഴിയിലാണ് ഒരു മുഖ്യമന്ത്രിയെ, 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിന്റ ശക്തനായ നേതാവും കണക്ടിംഗ് ഹബുമായ അരവിന്ദ് കെജരിവാളിനെ സർക്കാർ അറസ്റ്റ് ചെയ്തത്.
കെജ്രിവാളിലേക്ക് എത്തുന്നതിനു മുൻപ് ആപ്പ് നേതാക്കളായ മനീഷ് സിസോദിയയെയും സഞ്ജയ്‌സിങ്ങിനേയും വിജയ് നായരേയും ബി.ആർ.എസ് നേതാവ് കവിതയെയും അറസ്റ്റു ചെയ്തിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച അമേരിക്കയക്കെതിരെ, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടെന്ന് കാണിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പ് സുതാര്യമായ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അന്താരാഷ്ട്ര സമൂഹം, അമേരിക്കയും ജർമനിയും കെജ്രിവാളിന്റെ അറസ്റ്റിനെത്തുടർന്ന് ഇന്ത്യയെ വിമർശിച്ചിരുന്നു.
അതിനോടും ധാർഷ്ട്യം നിറഞ്ഞ, പ്രതികരണമാണ് ഇന്ത്യൻ സർക്കാർ നടത്തിയത്. ഇന്ത്യയുടെ എതിർപ്പിനെത്തുടർന്ന് അമേരിക്കൻ വിദേശമന്ത്രാലയം അവരുടെ നിലപാടും ഭാഷയും മയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇന്ത്യ കണ്ട വലിയ അഴിമതികളിലൊന്നായ നിയമാനുസൃത കൊള്ളയാണ് ഇലക്ട്രൽ ബോണ്ട്. ആ ഇലക്ട്രൽ ബോണ്ട് അഴിമതി തന്നെയാണ് കെജ്രിവാളിനെതിരായ കേസിന്റെയും പിറകിൽ. ഇലക്ട്രൽ ബോണ്ടെന്ന മഹാ അഴിമതിയിൽ മുങ്ങിക്കിടക്കുന്ന ബി.ജെ.പിയാണ് ഒരു മുഖ്യമന്ത്രിയെ, ഉണ്ടാക്കിയെടുത്ത മൊഴിയുടെ പേരിൽ അറസ്റ്റ് ചെയ്തത്. പറയുന്നതും പ്രവർത്തിക്കുന്നതുമൊന്നും ന്യായമോ നീതിയോ അല്ലെന്നും നുണകളാണെന്നും അത് നുണകളാണെന്ന് ജനങ്ങൾക്കു ബോധ്യപ്പെട്ടുന്നുണ്ട് എന്നും മനസ്സിലായിട്ടും ഭരണകൂട അധികാരത്തിന്റെ ബലത്തിൽ രാജ്യത്തെയും രാജ്യത്തിനു പുറത്തെയും ജനാധിപത്യ വിശ്വാസികളെ അമ്പരപ്പിച്ചുകൊണ്ട് വീണ്ടും ചിലരുടെ അധികാരമോഹത്തെ ചേർത്തുപിടിച്ചുകൊണ്ട് മോദി സർക്കാർ അധികാരത്തിൽ കഴിയുന്നു.
അരവിന്ദ് കെജ്രിവാൾ സാധാരണക്കാരൻ എന്ന ഇമേജ് ശരീരഭാഷയിലും വെൽഫെയർ സൊസൈറ്റി എന്ന രാഷ്ട്രീയ ഭാഷയിലും ജനങ്ങളോട് സംവദിക്കുന്ന നേതാവാണ്. തികച്ചും മധ്യവർഗ്ഗ ആകുലതകളിൽ നിന്ന് രൂപം കൊണ്ട ആംആദ്മി പാർട്ടിയുടേയും ബി.ജെ.പി.യുടേയും വോട്ട് ബേസ് ഒരർത്ഥത്തിൽ ഒന്നുതന്നെയാണ്. ഒരേ ഗ്രൗണ്ടിൽ കളിക്കുന്ന രണ്ട് പാർട്ടികൾ. ആം ആദ്മി പാർട്ടിയില്ലായെങ്കിൽ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യാൻ രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ പ്രത്യേകിച്ച് മടിയൊന്നും ഇല്ലാത്ത വോട്ടർമാർ..! അവിടെയാണ് അരവിന്ദ് കെജ്രിവാളിനെ പൂട്ടാൻ ബി.ജെ.പിയ്ക്ക് ഏറ്റവും ശക്തമായ കാരണം കിട്ടുന്നത്. കോൺഗ്രസിനും യുപിഎ സർക്കാരിനും എതിരായി രൂപപ്പെട്ട അഴിമതിവിരുദ്ധ പ്ലാറ്റ്‌ഫോമിൽ ഈ രണ്ട് കൂട്ടരും സാധാരണക്കാരെ കയ്യിലെടുത്ത് അവർക്ക് മോഹന വാഗ്ദാനം വാരിക്കോരി നൽകി നടന്നവരാണ്.
അഴിമതിയ്‌ക്കെതിരെ സമരമായി ഉയർന്നു വന്ന ഒരു മുന്നേറ്റമാണ് 2012 ൽ ആംആദ്മി പാർട്ടിയുടെ രൂപീകരണത്തിന് കാരണമായത്. അഴിമതിവിരുദ്ധതയാണ് എ.എ.പി അതിന്റെ മുദ്രാവാക്യമായി എല്ലാക്കാലത്തും ഉയർത്തിയതും. അതുകൊണ്ടുതന്നെ അഴിമതിക്കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനുപിന്നിൽ മറ്റനേകം രാഷ്ട്രീയ കാരണങ്ങൾക്കൊപ്പം തന്നെ പാർട്ടി മുദ്രാവാക്യത്തിന്റെ അടിക്കല്ലിൽ തന്നെ ആഞ്ഞടിക്കുക എന്ന വൈകാരിക ലക്ഷ്യം കൂടിയുണ്ട്.
പത്ത് സംവത്സരക്കാലത്തെ രാഷ്ട്രീയ ചരിത്രം മാത്രമേ അനുഭവമായി കയ്യിലുള്ളൂ എങ്കിലും രണ്ട് സംസ്ഥാനങ്ങളിൽ, പഞ്ചാബിലും ഡൽഹിയിലും ഭരണം നേടിയെടുക്കാൻ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് കഴിഞ്ഞു എന്നത് വലിയ കാര്യമാണ്. പതിനൊന്ന് വർഷത്തിനിപ്പുറം ഗോവയിലും ഗുജറാത്തിലും കൂടി നേടിയെടുത്ത വോട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ പാർട്ടി പദവിയിലാണ് എഎപി ഇപ്പോഴുള്ളത്. അതുതന്നെയാണ് യൂണിയൻ സർക്കാരിനെ, ബി.ജെ.പിയെ അങ്കലാപ്പിലാക്കുന്നതും.
ഭരണനിർവ്വഹണ സംവിധാനങ്ങൾ ജനങ്ങൾക്ക് ഉത്തരം നൽകാനും ജനങ്ങളെ കേൾക്കാനും തയ്യാറാവണം, അതാണ് സർക്കാർ സംവിധാനങ്ങളുടെ അടിസ്ഥാന ബാധ്യത എന്ന രാഷ്ട്രീയ ആശയത്തിൽ നിന്നാണ് 2012ൽ ആംആദ്മി പാർട്ടി ഉദയം ചെയ്യുന്നത്. അതിനു മുൻപ് ലോക്പാൽ നടപ്പിലാക്കണമെന്ന ആവശ്യവുമായി അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന മുന്നേറ്റത്തിൽ കെജ്രിവാളിന്റെ നേതൃത്വപരമായ പങ്കുണ്ടായിരുന്നു. തുടർന്ന് ആപ് രൂപീകരിച്ചതിനു ശേഷം വെൽഫെയർ രാഷ്ട്രീയം മുന്നോട്ടുവച്ചു നടന്ന തെരഞ്ഞെടുപ്പിൽ കെജ്രിവാൾ ഭരണത്തിൽ വന്നു. പക്ഷേ പിന്നീട് പലപ്പോഴായി, കൂടെയുണ്ടായിരുന്ന പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ആശിഷ് ഖേതനുമുൾപ്പെടെയുള്ളവർ കെജ്രിവാളിനോട് എതിർപ്പ് പ്രകടിപ്പിച്ച് പുറത്തുകടക്കുകയും ചെയ്തിരുന്നുവെന്നത് വേറെ കാര്യം.
ഇപ്പോൾ ഡൽഹി നിയമസഭയിൽ നിലവിൽ എഎപിക്ക് 62 സീറ്റുകളുണ്ട്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കുന്നതിനിടെയാണ് കേജ്രിവാളിന്റെ ഈ പ്രഖ്യാപനം..! 70 അംഗ നിയമസഭയുടെ വിധിയാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീരുമാനിക്കുന്നത്. ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും മാറിയ ആറ് നേതാക്കൾ ഉൾപ്പെടുന്ന 11 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക അടുത്തിടെ കെജ്രിവാൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇനിയിപ്പോൾ ഇന്ത്യാസഖ്യത്തെ പിടിച്ചു നിർത്തേണ്ട ചുമതല രാഗുൽഗാന്ധിയിലും പ്രിയങ്കാ ഗാന്ധിയിലും മാത്രം വന്നു ചേരുകയണോ..
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1