നമ്മുടെയൊക്കെ ചെറുപ്പം മുതല്‍ നമ്മുക്കൊപ്പം കൂടിയ ഒരു ഫുട്വെയര്‍ ബ്രാന്‍ഡാണ് ബാറ്റ ഇന്ത്യ. ജീവിതത്തില്‍ എപ്പോഴെങ്കിലും ബാറ്റയുടെ ഷൂവോ സ്ലിപ്പറുകളോ ധരിക്കാത്ത ഇന്ത്യാക്കാരുണ്ടാകില്ല എന്ന് ഉറപ്പാണ്. കാരണം അത്രയ്ക്ക് ജനപ്രിയമാണ് ഈ ബ്രാന്‍ഡ്. ഇതൊരു ഇന്ത്യന്‍ ബ്രാന്‍ഡാണെന്നാണ് നമ്മളില്‍ പലരും കരുതുന്നത്.
എന്നാല്‍ ബാറ്റ ഒരു ഇന്ത്യന്‍ കമ്പനിയല്ല എന്നതാണ് സത്യം. ബാറ്റയുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനമായിട്ടാണ് ബാറ്റ ഇന്ത്യ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ജനപ്രിയ ബ്രാന്‍ഡായതിനാല്‍ ആളുകള്‍ പലപ്പോഴും ഇതിനെ ഇന്ത്യന്‍ എന്ന് തെറ്റിദ്ധരിക്കുന്നു.
ബാറ്റ കമ്പനിയുടെ ജനനം
1894-ല്‍ അതായത് 131 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്റോണിന്‍ ബാറ്റ, സഹോദരന്‍ തോമസ് ബാറ്റ, സഹോദരി അന്ന ബറ്റോവ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ബാറ്റ കോര്‍പ്പറേഷന്റെ ഇന്ത്യന്‍ വിഭാഗമാണ് ബാറ്റ ഇന്ത്യ. ചെക്കോസ്ലോവാക്യയാണ് ബാറ്റയുടെ ജന്‍മനാട്. ഈ കമ്പനി പാദരക്ഷകള്‍, വസ്ത്രങ്ങള്‍, മറ്റ് ഫാഷന്‍ ആക്സസറികള്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാറ്റ പല രാജ്യങ്ങളിലും ഒരു പ്രാദേശിക ബ്രാന്‍ഡായാണ് കണക്കാക്കപ്പെടുന്നത്. ടിആന്റ്എ ബാറ്റ ഷൂ കമ്പനി എന്നായിരുന്നു കമ്പനിയുടെ ആദ്യത്തെ പേര്. ഇന്ന് ബാറ്റയ്ക്ക് ലോകമെമ്പാടുമായി 6,000 ത്തില്‍ അധികം റീട്ടെയില്‍ സ്റ്റോറുകളും 100,000 സ്വതന്ത്ര ഡീലര്‍മാരും ഫ്രാഞ്ചൈസികളും ഉണ്ട്.
ഇന്ന് വിജയപഥത്തിലെത്തി നില്‍ക്കുന്ന മിക്ക കമ്പനികളെയും പോലെ തന്നെ ബാറ്റയുടെ തുടക്കവും ബാലാരിഷ്ടതകള്‍ നിറഞ്ഞതായിരുന്നു.പാരമ്പര്യമായി ചെരുപ്പ് ഉണ്ടാക്കുന്നവരായിരുന്നു തോമസ് ബാറ്റയുടെ കുടുംബം. 1894 ലാണ് കമ്പനി തുടങ്ങുന്നത്. തുടക്കത്തില്‍ തുകല്‍ കൊണ്ടായിരുന്നു ചെരിപ്പ് ഉണ്ടാക്കിയിരുന്നത്. പിന്നീട് ക്യാന്‍വാസിലേക്ക് മാറുകയായിരുന്നു. ഇത് വിജയമായതോടെ 50 ജോലിക്കാരെ കൂടി നിയമിച്ചു. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ബാറ്റ യൂറോപ്പിലെ മുന്‍നിര ഷൂ നിര്‍മാതാക്കളായത്.
ഒന്നാം ലോകമഹായുദ്ധ കാലം ബാറ്റക്ക് സുവര്‍ണ കാലമായിരുന്നു. സൈനിക ആവശ്യത്തിനുള്ള വന്‍കിട ഓര്‍ഡറുകള്‍ കമ്പനിക്ക് ലഭിച്ചിരുന്നു. പിന്നീടുണ്ടായ നാണയത്തിന്റെ വിലയിടിവും മറ്റും വില്‍പനയെ ബാധിച്ചെങ്കിലും ഉത്പന്നങ്ങള്‍ക്ക് 50% വിലകുറച്ച് ബാറ്റാ ഇതിനെ നേരിട്ടു.
മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ഷൂ നിര്‍മാതാവും വിപണനക്കാരനുമായ ബാറ്റയ്ക്ക് ഇറ്റലിയിലെ പഡോവയില്‍ ഒരു ഇന്റര്‍നാഷണല്‍ ഷൂ ഇന്നൊവേഷന്‍ സെന്ററും ഉണ്ട്. ഇത് ലോകമെമ്പാടുമുള്ള 83 കമ്പനികള്‍ക്കും നിരവധി ബാറ്റ ഇതര കമ്പനികള്‍ക്കും സേവനം നല്‍കുന്നു. അടിസ്ഥാന ഡിസൈന്‍ മുതലുള്ള കാര്യങ്ങള്‍ വരെ എല്ലാത്തിലും ഇത് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നു.
ഇന്ത്യയില്‍ എത്തിയത്
1931 ലാണ് ബാറ്റ ഇന്ത്യയിലെത്തുന്നത്. ബാറ്റ ഷൂ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് 1973 ല്‍ ബാറ്റ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. കൊല്‍ക്കത്തക്ക് അടുത്തുള്ള കൊന്നാര്‍ എന്ന കൊച്ചുഗ്രാമത്തിലായിരുന്നു ആദ്യത്തെ ബാറ്റ ഫാക്ടറി. ഇന്നാ ടൗണ്‍ഷിപ്പ് ബാറ്റാ നഗര്‍ എന്നായി.
1993-ല്‍ ഐഎസ്ഒ 9001 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ഷൂ നിര്‍മാണ യൂണിറ്റായിരുന്നു ബാറ്റാ നഗര്‍ ഫാക്ടറി. ബാറ്റാ കടന്നു ചെന്ന മിക്ക രാജ്യങ്ങളിലും ജോലിക്കാര്‍ക്കായി ഫാക്ടറിയോട് ചേര്‍ന്ന് ഒരു ഗ്രാമം ഏറ്റെടുത്ത് അവിടെ സര്‍വ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പണിയുക എന്നത് പോളിസി ആക്കിയിരുന്നു. ഇന്ത്യയില്‍ ബാറ്റാ നഗര്‍ ബാറ്റാ ഗഞ്ച് , പാകിസ്ഥാനില്‍ ബാറ്റാപുര്‍, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ബാറ്റാ പാര്‍ക്ക്, കാനഡയില്‍ ബാറ്റാവാ തുടങ്ങിയവ അത്തരത്തില്‍ ഉള്ളതാണ്.
ഇന്ന് ഇന്ത്യാക്കാരുടെ എവര്‍ഗ്രീന്‍ ബ്രാന്‍ഡാണ് ബാറ്റ. ആഡംബരത്തിന്റെയും ആഢ്യത്വത്തിന്റെയും മുഖമുദ്ര. ചെരിപ്പ് എന്നാല്‍ ബാറ്റയും ബാറ്റ എന്നാല്‍ ചെരിപ്പുമാണ്. ബാറ്റയുടെ ഐക്കോണിക് ടെന്നീസ് ഷൂ ഡിസൈന്‍ ചെയ്തത് ഇന്ത്യയിലായിരുന്നു. ഒരു ഇന്ത്യന്‍ ഡിസൈനറാണ് ഇത് ഡിസൈന്‍ ചെയ്തത്.
പവര്‍ (അത്ലറ്റിക് ഷൂസ്), നോര്‍ത്ത് സ്റ്റാര്‍ (അര്‍ബന്‍ ഷൂസ്), ബബിള്‍ഗമ്മേഴ്സ് (കുട്ടികള്‍ക്കുള്ള ഷൂസ്), വെയ്ന്‍ബ്രെന്നര്‍ (ഔട്ട്ഡോര്‍ ഷൂസ്), മേരി ക്ലെയര്‍ (സ്ത്രീകള്‍ക്കുള്ള ഷൂസ്) എന്നിവയുള്‍പ്പെടെ നിരവധി ബ്രാന്‍ഡുകള്‍ ബാറ്റയ്ക്ക് സ്വന്തമാണ്. കോംഫിറ്റ് (കംഫര്‍ട്ട് ഫുട്വെയര്‍), ബാറ്റ ഇന്‍ഡസ്ട്രിയല്‍സ് (വര്‍ക്ക് ആന്‍ഡ് സേഫ്റ്റി), ടഫീസ് (സ്‌കൂള്‍ ഷൂസ്) എന്നിവയാണ് അവരുടെ പോര്‍ട്ട്ഫോളിയോയിലെ മറ്റ് ബ്രാന്‍ഡുകള്‍.
വിശ്വാസം അതല്ലെ എല്ലാം
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഷൂ വിപണിയില്‍ ബാറ്റ തലയെടുപ്പോടെ നില്‍ക്കുന്നതിന് ഒറ്റക്കാരണമേയുള്ളൂ. ഗുണമേന്മയും ഉപഭോക്താക്കളില്‍ ബാറ്റയും ബാറ്റയില്‍ ഉപഭോക്താക്കളും അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും. ട്രന്‍ഡിന് അനുസരിച്ച് ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള പാദരക്ഷകള്‍ ലോകമെമ്പാടുമുള്ള ബാറ്റ ഷോറൂമുകളില്‍ ലഭ്യമാണ്. ബാറ്റ ചെരിപ്പുകളുടെ വില തന്നെ ഒരു കാലത്ത് ആളുകളുടെ നാവിന്‍ തുമ്പില്‍ ഉണ്ടായിരുന്നു. 499, 999 എന്നിങ്ങനെയാണ്.
പൂജ്യത്തില്‍ അവസാനിക്കുന്ന വില കൂടുതലാണെന്ന് ഉപഭോക്താക്കള്‍ വിശ്വസിക്കുന്നു. ഒരാള്‍ വില വായിച്ച് തുടങ്ങുന്നത് ഇടത് വശത്ത് നിന്നാണ്. അവിടെയുള്ള സംഖ്യയാണ് അയാളെ ആകര്‍ഷിക്കുന്നത്. 199 രൂപയും 200 രൂപയും തമ്മില്‍ ഒരു രൂപയുടെ വ്യത്യാസമേ ഉളളൂവെങ്കില്‍ പോലും 199 രൂപയുടെ ഉല്‍പന്നത്തിന് വില കുറവാണെന്ന് ഉപഭോക്താവ് വിശ്വസിക്കുന്നു. അത് തന്നെയാണ് ചെരിപ്പ് വിപണയിലെ ഈ രാവണന്റെ തലയെടുപ്പും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
