ലോകം ആകാംക്ഷയോടെ അമേരിക്കയെ ഉറ്റനോക്കുന്നു എന്ന ധാരണ അമേരിക്കാക്കാർക്കുണ്ട്. അതു ശരിയല്ലെന്നും അമേരിക്കയിലെ കാര്യങ്ങളിൽ താത്പര്യമില്ലാത്ത വലിയ വിഭാഗം ജനങ്ങൾ ഭൂമുഖത്തുണ്ടെന്നും യുഎസ് പ്രസിഡന്റ് തിരഞ്ഞടുപ്പിൽ വോട്ടെടുപ്പും വോട്ടെണ്ണലും നടന്ന ദിവസങ്ങളിൽ വിയറ്റ്‌നാമിൽ ഉണ്ടായിരുന്ന എനിക്ക് മനസിലായി.
ജയിച്ചത് കമലയോ ഡോണൾഡോ എന്നറിയുന്നതിനുള്ള കൗതുകം എനിക്കുണ്ടായി. ഹോ ചി മിൻ സിറ്റിയിൽ സംസാരിക്കാൻ അവസരം കിട്ടിയ പ്രത്യക്ഷത്തിൽ ഉന്നതസ്ഥാനീയരായ ചിലരോട് അക്കാര്യം തിരക്കിയെങ്കിലും അങ്ങനെ നമ്മൾ പുറത്തുള്ളവർ ശ്രദ്ധിക്കേണ്ടതായ ഒരു തിരഞ്ഞെടുപ്പ് അമേരിക്കയിൽ നടക്കുന്നതായി അവർക്ക് അറിയില്ലായിരുന്നു.
സ്വകാര്യവ്യക്തികൾക്ക് പത്രം നടത്താൻ അനുവാദമില്ലാത്ത വിയറ്റ്‌നാമിൽ എന്റെ ഒൻപത് പ്രഭാതങ്ങൾ ആരംഭിച്ചത് കണികാണാൻപോലും ഒരു പത്രം ഇല്ലാതെയാണ്. സർക്കാരിനും കമ്യൂണിസ്റ്റ് പാർട്ടിക്കും മാത്രം പത്രം നടത്താൻ അനുവാദമുള്ള വിയറ്റ്‌നാമിൽ അങ്ങനെയിറങ്ങുന്ന പത്രങ്ങളുണ്ടെങ്കിൽ അതുപോലും ഞാൻ താമസിച്ച ഹോട്ടലുകളിലെ ലോബിയിൽ കണ്ടില്ല.
ഞങ്ങൾ കമ്യൂണിസ്റ്റല്ല? സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ് എന്ന് ഹോ ചി മിൻ സിറ്റിയിലെ ടൂർ ഗൈഡ് പറഞ്ഞതിന് പല അർത്ഥതലങ്ങളുണ്ട്. മാധ്യമങ്ങളില്ലാത്തതുകൊണ്ട് മാധ്യമപ്രവർത്തകരും വിയറ്റ്‌നാമിലില്ല. അതുകൊണ്ടുതന്നെ അവരെ പീഡിപ്പിക്കുന്ന വാർത്തകളുമില്ല. റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ് എന്ന സംഘടന 180 രാജ്യങ്ങളിലെ പത്രസ്വാതന്ത്ര്യത്തിന്റെ നിലവാരം പരിശോധിച്ച് തയാറാക്കിയ ഇൻഡെക്‌സിൽ വിയറ്റ്‌നാമിന്റെ സ്ഥാനം 174 ആണ്. ഇന്ത്യയുടെ സ്ഥാനം 159.
അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന് പരമമായ പ്രാധാന്യം നൽകുന്ന അമേരിക്കയുടെ സ്ഥാനം 42 ആണ്. എങ്കിൽ ഒന്നാം സ്ഥാനത്ത് ആര് എന്ന ചോദ്യം സ്വാഭാവികം. ഉത്തരം നോർവേ. പത്രസ്വാതന്ത്ര്യത്തെക്കാൾ അഭിപ്രായപ്രകടനത്തിനുള്ള അവസരവും സ്വാതന്ത്ര്യവുമാണ് ഇൻഡെക്‌സിലെ റാങ്കിങ്ങിന് അടിസ്ഥാനമായി പരിഗണിക്കപ്പെടുന്നത്. വിവരവിന്യാസത്തിനും അഭിപ്രായപ്രകടനത്തിനും പത്രം എന്ന മാധ്യമം അത്യന്താപേക്ഷിതമാണോ?
പാശ്ചാത്യനാഗരികതയുടെയും
ജനാധിപത്യത്തിന്റെയും അടിസ്ഥാനമായി വർത്തിക്കുന്ന
അഭിപ്രായപ്രകടനസ്വാതന്ത്ര്യം എന്ന മഹനീയാശയത്തിന്റെ തുടക്കം 2,500
വർഷങ്ങൾക്കപ്പുറം ആതൻസിലായിരുന്നു. അങ്ങനെയാണ് ആതൻസ് ജനാധിപത്യത്തിന്റെ
കളിത്തൊട്ടിൽ എന്ന നിലയിൽ പ്രകീർത്തിതമായത്. ആതൻസിലെ അഗോറയിലേക്കുള്ള
പ്രവേശനകവാടത്തിൽ അഭിമാനപൂർവം ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്
വായിച്ച് ഞാൻ രോമാഞ്ചമണിഞ്ഞിട്ടുണ്ട്. ഇന്ത്യയാണ് ജനാധിപത്യത്തെ
പ്രസവിച്ചതെന്ന നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് ചരിത്രത്തിന്റെ സാക്ഷ്യമോ
പിൻബലമോ ഇല്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യക്ഷമമായ പ്രവർത്തനം
മാത്രമല്ല ജനാധിപത്യത്തിനുള്ള തെളിവ്. അച്ചടിയുടെ നിലനിൽപ്പിനെക്കുറിച്ച്
ആശങ്കയില്ലാത്ത ഞാൻ പ്രതിസന്ധിയിലായ ദിനങ്ങളായിരുന്നു വിയറ്റ്‌നാമിലേത്.
അച്ചടിച്ച ഒരു കടലാസും വായിക്കാനില്ലാത്ത ദിവസങ്ങളായിരുന്നു അവ.
വായനശാലയുടെ വെളിച്ചവും ഗ്രന്ഥശാലയുടെ ചൈതന്യവും നാം ശ്രദ്ധിച്ചാലും
ഇല്ലെങ്കിലും കേരളത്തിൽ പ്രസരിക്കുന്നുണ്ട്. അങ്ങനെയാണ് കേരളം കേരളമായത്.
മഹാത്മ ഗാന്ധിക്ക് സമമായി വിയറ്റ്‌നാംകാർക്ക് ഹോ ചി മിനിനെ
ഉയർത്തിക്കാണിക്കാം. പക്ഷേ അവർക്ക് പി.എൻ പണിക്കർ ഇല്ലാതെ പോയി.
ബന്ദിയാക്കപ്പെടുന്ന വ്യക്തി ബന്ദിയാക്കുന്ന വ്യക്തിയുമായി മാനസികമായി
ഐക്യപ്പെടുന്ന പ്രതിഭാസത്തെ സ്റ്റോക്‌ഹോം സിൻഡ്രം എന്നു പറയും. ജനതയ്ക്കും ഈ
അവസ്ഥ ഉണ്ടാകാമെന്നതിനു തെളിവാണ് വിയറ്റ്‌നാം.
അമേരിക്കയുടെ ഇരുപതു വർഷം നീണ്ടുനിന്ന സൈനിക അധിനിവേശം അൻപതു വർഷം മുമ്പ് അവസാനിച്ചെങ്കിലും സാംസ്‌കാരികവും മാനസികവുമായ അധിനിവേശം അവസാനിച്ചിട്ടില്ല. യുദ്ധം കാണുകയോ അനുഭവിക്കുകയോ ചെയ്യാത്തവരാണ് ഇന്നത്തെ ജനങ്ങളിൽ ഭൂരിഭാഗം. അവർക്ക് അത് ഏതോ ചരിത്രം മാത്രമാണ്. അതുകൊണ്ട് ഇന്ന് ഹോ ചി മിൻ എന്നറിയപ്പെടുന്ന സെയ്‌ഗോണിലൂടെ നടക്കുമ്പോൾ ഏതോ യൂറോപ്യൻ നഗരത്തിലാണ് എന്ന തോന്നലുണ്ടാകുന്നു.
അരയിൽനിന്ന് അല്പം മാത്രം താഴേയ്ക്കു നീളുന്ന ഷോർട്‌സ് ധരിച്ചുള്ള നഗ്‌നതാപ്രദർശനം വിയറ്റ്‌നാമീസ് പെൺകുട്ടികൾക്ക് ഹരമാണ്. കാലറ്റം വരെയുള്ള നീണ്ട പാവാട ധരിക്കുമ്പോഴും ഒരു കാൽ തുന്നിച്ചേർക്കാതെ തുറന്നിട്ടിരിക്കും. അങ്കോർവടിലെ വിശ്രുതമായ ക്ഷേത്രസമുച്ചയത്തിലേക്ക് പ്രവേശിക്കുമ്പോൾ തോളും കാൽമുട്ടും മറച്ചിരിക്കണമെന്ന നിർദ്ദേശം കണ്ടു.
വത്തിക്കാനിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്നിൽ പെൺകുട്ടികളുടെ വസ്ത്രധാരണത്തിലെ അപര്യാപ്തത പരിഹരിക്കാൻ അങ്കിയുമായി നിൽക്കുന്ന ഗാർഡുകളെ കണ്ടു. വിയറ്റ്‌നാമീസ് എന്ന ദേശീയ ഭാഷ വിയറ്റ്‌നാംകാർക്കുണ്ട്.
പതിനേഴാം നൂറ്റാണ്ടിലെത്തിയ പാശ്ചാത്യ മിഷണറിമാരുടെ പ്രേരണയിൽ റോമൻ അക്ഷരങ്ങളിൽ വിയറ്റ്‌നാമീസ് എഴുതിപ്പഠിച്ച വിയറ്റ്‌നാംകാർ പതുക്കെ സ്വന്തം ലിപി മറന്നു. വിയറ്റ്‌നാംകാർക്ക് യുദ്ധം ഇന്ന് ചരിത്രത്തിന്റെയും ടൂറിസത്തിന്റെയും ഭാഗമാണ്. യുദ്ധചിത്രങ്ങളും അവശിഷ്ടങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന വാർ മ്യൂസിയം ധാരാളം സന്ദർശകരെ ആകർഷിക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയെ നിർബന്ധിതമാക്കിയ പൊതുജനാഭിപ്രായത്തിന്റെ രൂപീകരണത്തിൽ വലിയ പങ്കു വഹിച്ച നിക് ഉട്ടിന്റെ പ്രസിദ്ധമായ സെയ്‌ഗോൺ കുട്ടികളുടെ ചിത്രം ശേഖരത്തിൽ ശ്രദ്ധേയമാണ്. പതിയിരിക്കാൻ മണ്ണിനടിയിൽ മാളങ്ങളുണ്ടാക്കി അമേരിക്കൻ സൈനികരെ ആക്രമിച്ചിരുന്ന കാനനമേഖല അതേപടി സംരക്ഷിച്ചിട്ടുണ്ട്.
ഗോലിയാത്തിനോട് ഏറ്റുമുട്ടിയ ദാവീദിന്റെ കഥ അവിടെ ഓർമിക്കാതിരിക്കാനാവില്ല. ധാരാളം അമേരിക്കൻ യുവാക്കളെ അവിടെ കണ്ടു. പ്രാകൃതമായ നാടൻ യുദ്ധമുറകൾക്കു മുന്നിൽ തങ്ങളുടെ പിതാക്കന്മാർ എങ്ങനെയാണ് പരാജയപ്പെട്ടതെന്ന് അവർ അത്ഭുതപ്പെടുന്നുണ്ടാകും. തോമസ് ജെഫേഴ്‌സൺ രചിച്ച സ്വാതന്ത്ര്യപ്രഖ്യാപനം അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപനരേഖയാണ്. പാരീസിലായിരുന്നപ്പോൾ സ്വന്തം കൈപ്പടയിലാണ് ജെഫേഴ്‌സൺ ആ പ്രമാണരേഖ തയാറാക്കിയത്. അതിൽ വിളംബരം ചെയ്യുന്ന സനാതനമായ രാഷ്ട്രതന്ത്രതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ അമേരിക്കയ്ക്ക് ഒരു രാഷ്ട്രത്തിലും ആക്രമണം നടത്താൻ കഴിയില്ല.
വിദൂരമായ വിയറ്റ്‌നാമിൽ അമേരിക്കയ്ക്ക് ഒരു തരത്തിലും ആ രാജ്യം ഭീഷണിയാവില്ലെന്നിരിക്കേ എന്തിനാണ് അമേരിക്ക കിരാതമായ ബോംബിങ് നടത്തിക്കൊണ്ടിരുന്നത്. വാർ മ്യൂസിയത്തിലെ ദാരുണദൃശ്യങ്ങൾ കണ്ടുപോകവേ ഈ ചോദ്യം എന്റെ മനസ്സിനെ വല്ലാതെ അലട്ടി. അപ്പോഴാണ് ജെഫേഴ്‌സന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ വലിയ പതിപ്പ് ചിത്രങ്ങൾക്ക് ആമുഖമെന്നോണം പ്രദർശിപ്പിച്ചിരിക്കുന്നതു കണ്ടത്. ദോഷം പലതു പറയാനുണ്ടെങ്കിലും മനഃസാക്ഷിയുള്ള രാജ്യമാണ് അമേരിക്ക. ആ മനഃസാക്ഷിയോടുള്ള ചോദ്യമായിരിക്കാം ആ വലിയ ഫ്രെയിം. അല്ലെങ്കിൽ നൃശംസതയുടെ കാലത്ത് നിസംഗത പാലിച്ച ലോകമനഃസാക്ഷിയോടുള്ള ചോദ്യമായിരിക്കാം.
ഇരുപത് വർഷം നീണ്ടുനിന്ന യുദ്ധത്തിൽ 20 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. അവരിൽ 58,000 പേർ അമേരിക്കക്കാരായിരുന്നുവെന്നത് വിയറ്റ്‌നാമീസ് പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും ഫലസിദ്ധിക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടാമെങ്കിലും ആർക്കും സമാശ്വാസത്തിനു വകയാകുന്നില്ല. ച്യൂച്ചിയിലെ മൺമാളങ്ങളും അവയെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങളും കണ്ട് ഒരു ജനതയുടെ ധീരോദാത്തതയ്ക്ക് അഭിവാദ്യമർപ്പിച്ച് മടങ്ങമ്പോൾ ഒരു ഷെഡ്ഡിലേക്ക് അവർ ഭക്ഷണത്തിനു ക്ഷണിച്ചു. കപ്പയും ലേശം മധുരമുള്ള ചമ്മന്തിയുമായിരുന്നു കോംപ്‌ളിമെന്ററി ലഞ്ച്. കൂടെ കട്ടൻ കാപ്പിയുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല. അന്നത്തെ ഒളിപ്പോരാളികളുടെ ഭക്ഷണമായിരുന്നു അത്. എന്റെ അടുത്തിരുന്ന് ഒരു അമേരിക്കക്കാരനും അത് കഴിക്കുന്നുണ്ടായിരുന്നു. ഇരകളോടുള്ള ഐക്യപ്പെടലാകാം. അല്ലെങ്കിൽ മനസ്താപത്തിൽനിന്നുണ്ടാകുന്ന പ്രായശ്ചിത്തവുമാകാം. വിശന്നിട്ടാണെങ്കിൽ അപ്പുറത്ത് നല്ല റസ്റ്ററന്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നു.
ഡോ. സെബാസ്റ്റ്യൻ പോൾ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1