നേട്ടങ്ങള്‍ക്കുളള ആദരവ്: ഡിസംബര്‍ നാല് ഇന്ത്യന്‍ നാവികസേനാ ദിനം

DECEMBER 4, 2024, 12:23 PM

എല്ലാ വര്‍ഷവും ഡിസംബര്‍ നാലിനാണ് ഇന്ത്യന്‍ നാവികസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യന്‍ നേവി കൈവരിച്ച നേട്ടങ്ങള്‍ക്കുളള ആദരമായാണ് നേവി ദിനം ആചരിക്കുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലെ അതിപ്രധാനമായ ഓപ്പറേഷന്‍ ട്രൈഡന്റിന്റെ വിജയവും ഈ ദിവസം അടയാളപ്പെടുത്തുന്നു. കൂടാതെ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച നാവികസേനാംഗങ്ങള്‍ക്കുളള ആദരം കൂടിയായാണ് നാവികസേനാ ദിനം ആചരിക്കുന്നത്.

ഇന്ത്യയുടെ സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ നാവികസേന നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. ത്രിമാന ശക്തിയായി സമുദ്രോപരിതലത്തിലും മുകളിലും താഴെയും സംരക്ഷണ കവചം തീര്‍ക്കുന്നു. ഏകദേശം 7500 കിലോമീറ്റര്‍ വിസ്തൃതിയുള്ള തീരപ്രദേശവും രണ്ട് ദശലക്ഷം ചതുരശ്ര കിലോമീറ്ററില്‍ കൂടുതലുള്ള എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണും ഇന്ത്യയ്ക്കുണ്ട്.

വടക്കുകിഴക്കന്‍ ഇന്ത്യയിലെ ബംഗാള്‍ ഉള്‍ക്കടലിനെയും ദക്ഷിണേന്ത്യയിലെ അറബിക്കടലിനെയും ഇന്ത്യന്‍ നാവികസേന സംരക്ഷിക്കുന്നു. ഏകദേശം 150 കപ്പലുകളും 17 ഡിസ്‌ട്രോയറുകളും നിരവധി സൈനികരും അടങ്ങുന്ന കരുത്തുറ്റ നാവികസേനയാണ് ഇന്ത്യയ്ക്കുളളത്.

ചരിത്രം:

രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിലുളള ഇന്ത്യന്‍ നാവികസേനയുടെ ധീരത, വൈദഗ്ധ്യം, പ്രതിബദ്ധത എന്നിവയെ ആദരിക്കുന്നതിനായാണ് ഡിസംബര്‍ നാല് ഇന്ത്യന്‍ നേവി ദിനമായി ആഘോഷിക്കുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍, കറാച്ചിയിലെ പാകിസ്ഥാന്‍ നാവിക ആസ്ഥാനത്ത് സമര്‍ഥമായി നടത്തിയ ഓപ്പറേഷന്‍ ട്രൈഡന്റ് ഓര്‍മ ദിനമായി കൂടിയാണ് ഇന്ത്യന്‍ നേവി ദിനം ആചരിക്കുന്നത്. കമ്മഡോര്‍ കാസര്‍ഗോഡ് പട്ടണഷെട്ടി ഗോപാല്‍ റാവുവാണ് ഓപ്പറേഷന്‍ ട്രൈഡന്റിന് നേതൃത്വം നല്‍കിയത്.

ഐഎന്‍എസ് വീര്‍, ഐഎന്‍എസ് നിപത്, ഐഎന്‍എസ് നിര്‍ഘട്ട് തുടങ്ങിയ മിസൈല്‍ ബോട്ടുകള്‍ ഉപയോഗിച്ച് പിഎന്‍എസ് ഖൈബര്‍ ഉള്‍പ്പെടെ മൂന്ന് പാകിസ്ഥാന്‍ കപ്പലുകള്‍ മുക്കുകയും പാകിസ്ഥാന്‍ നാവിക സേനയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതാണ് ഓപ്പറേഷന്‍ ട്രൈഡന്റ്. എല്ലാ വര്‍ഷവും, ആഘോഷങ്ങളുടെ ഭാഗമായി വൈവിദ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. വ്യത്യസ്തമായ പ്രമേയവും ഓരോ വര്‍ഷവും അവതിരിപ്പിക്കാറുണ്ട്.

2024 ലെ പ്രമേയം:

2024 ലെ ഇന്ത്യന്‍ നേവി ദിനത്തിന്റെ പ്രമേയം 'നവീകരണത്തിലൂടെയും സ്വദേശിവത്കരണത്തിലൂടെയും കരുത്തും കഴിവും' (Strength and Capability through Innovation and Indigenization) വര്‍ധിപ്പിക്കുക എന്നതാണ്. സ്വാശ്രയത്വം ഉറപ്പുവരുത്തുക സാങ്കേതിക പുരോഗതി കൈവരിക്കുക തുടങ്ങിയ ഇന്ത്യന്‍ നേവിയുടെ ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഈ ലക്ഷ്യങ്ങള്‍ നാവിക സേനയെ കൂടുതല്‍ ശക്തമാക്കാനും സമുദ്രസുരക്ഷ ഉറപ്പുവരുത്താനും സഹായിക്കും.

നാവികസേനയുടെ പ്രവര്‍ത്തനങ്ങള്‍

യുദ്ധം മുതല്‍ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും വരെ നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശാലമാണ്. ഈ പ്രവര്‍ത്തനങ്ങളെ പ്രധാനമായും നാലായി തരം തിരിക്കാം.

1. സൈനിക പ്രവര്‍ത്തനം: നാവിക സേന കടലില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയാണ് സൈനിക പ്രവര്‍ത്തനം എന്ന് പറയുന്നത്. ശത്രുസൈന്യം, അതിര്‍ത്തി, വ്യാപാരം എന്നിവയ്ക്കെതിരെ നടത്തുന്ന ആക്രമണാത്മക പ്രവര്‍ത്തനങ്ങളും സ്വന്തം സൈന്യം, പ്രദേശം, വ്യാപാരം എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

2. നയതന്ത്ര പ്രവര്‍ത്തനം: വിദേശ നയം സംരക്ഷിക്കുന്നതിനായി പുതിയ സൗഹൃദങ്ങളും അന്താരാഷ്ട്ര സഹകരണവും വര്‍ധിപ്പിക്കുന്നത് നയതന്ത്ര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ശക്തി പ്രദര്‍ശിപ്പിച്ച് ആക്രമണം നടത്താന്‍ സാധ്യതയുളള എതിരാളികളെ പിന്തിരിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടും.

3. കോണ്‍സ്റ്റബുലറി പ്രവര്‍ത്തനം: ഇന്ത്യയുടെ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നത് ഇന്ത്യന്‍ നാവികസേനയുടെ പ്രധാന കടമയാണ്. പൊലീസിങ് രീതിയിലുളള പ്രവര്‍ത്തനങ്ങളാണിത്. കുറഞ്ഞ തീവ്രതയുള്ള മാരിടൈം ഓപ്പറേഷന്‍സ് (LIMO) മുതല്‍ കടലില്‍ ക്രമസമാധാനം ഉറപ്പാക്കുന്നത് വരെ നീളുന്നതാണ് കോണ്‍സ്റ്റബുലറി പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയുടെ സമഗ്രമായ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

4. നിരുപദ്രവകരമായ പ്രവര്‍ത്തനം: ആക്രമണ സ്വഭാവമില്ലാത്ത പ്രവര്‍ത്തനങ്ങളാണിവ. മാനുഷിക പിന്തുണ, ദുരന്ത നിവാരണ പ്രവര്‍ത്തനം, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ (എസ്എആര്‍), ഡൈവിങ് സപ്പോര്‍ട്ട്, രക്ഷാപ്രവര്‍ത്തനങ്ങള്‍, ഹൈഡ്രോഗ്രാഫിക് വിശകലനം തുടങ്ങിയവ നിരുപദ്രവകരമായ ജോലികളില്‍ ഉള്‍പ്പെടുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam