പുതിയ പടപ്പുറപ്പാട്! അസദിന് മുന്നില്‍ ഉപാധി വച്ച് യുഎസ്, യുഎഇയും

DECEMBER 4, 2024, 10:59 PM

ആഭ്യന്തര യുദ്ധത്തിന് ശേഷം എട്ട് വര്‍ഷത്തോളം ഭീതി നിറച്ച ശാന്തതയായിരുന്നു സിറിയയില്‍. അങ്ങിങ്ങ് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടിരുന്നെങ്കിലും കനല്‍ അടങ്ങിയിരുന്നില്ല. റഷ്യന്‍ ആയുധങ്ങളുടെ കരുത്തില്‍ വിമതരെ അടിച്ചൊതുക്കിയ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈന്യം പുതിയ വെല്ലുവിളി നേരിടുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത.

ഉക്രെനുമായുള്ള യുദ്ധത്തില്‍ റഷ്യ പ്രതിസന്ധി നേരിടവെ, സിറിയയില്‍ വിമതര്‍ വീണ്ടും തലപൊക്കിയിരിക്കുന്നു. തുര്‍ക്കിയും അമേരിക്കയും എല്ലാ സഹായവും ചെയ്ത് കൂടെയുണ്ട്. അമേരിക്ക സിറിയന്‍ ഭരണകൂടത്തിന് എതിരെ ചുമത്തിയ ഉപരോധത്തിന്റെ കാലാവധി വരുന്ന 20ന് തീരുകയാണ്. ഉപരോധം അവസാനിപ്പിക്കണം എങ്കില്‍ നിബന്ധനകള്‍ പാലിക്കണം എന്നാണ് അമേരിക്കയുടെ നിലപാട്. ഉപാധികള്‍ മുന്നോട്ട് വയ്ക്കാനുള്ള നീക്കത്തില്‍ യുഎഇയും ഇടപെടുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

സിറിയയിലെ രണ്ടാമത്തെ നഗരമായ അലപ്പോ വിമത സൈന്യം പിടിച്ചതോടെയാണ് ആഭ്യന്തര പോര് വീണ്ടും ശക്തമാകുന്നു എന്ന വിവരം പുറത്തായത്. മാസങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവില്‍ 2016ല്‍ സര്‍ക്കാര്‍ സൈന്യം നിയന്ത്രണത്തിലാക്കിയിരുന്നു ഹലബ്. അവിടെ സിറിയന്‍ പതാക നാട്ടുകയും വിമതരെ തുരത്തുകയും ചെയ്തതാണ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് എല്ലാം പൊടുന്നനെ മാറി. സര്‍ക്കാര്‍ സൈന്യം ഓടിമറഞ്ഞു. വിമതസേന ഹമ നഗരം ലക്ഷ്യമിട്ട് മുന്നേറുകയാണ്.

ബശ്ശാറുല്‍ അസദിനെ ഞെട്ടിച്ചാണ് വിമത സൈന്യം അലപ്പോ പിടിച്ചത്. ഹമയിലേക്കുള്ള പടയോട്ടം നടക്കുന്ന ഭാഗങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ സൈന്യം പിന്മാറി. മഅര്‍ ശാഹുല്‍ ഗ്രാമം വിമതരുടെ നിയന്ത്രണത്തിലായി. ഹമയില്‍ ആക്രമണം നടന്നാല്‍ അസദ് സൈന്യം എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. തിരിച്ചടിക്കാതെ കീഴടങ്ങുകയാണെങ്കില്‍ അസദ് സൈന്യം ദുര്‍ബലമായി എന്ന് വിലയിരുത്തപ്പെടും.

2011 ലാണ് അറബ് വിപ്ലവത്തിന്റെ ഭാഗമായി സിറിയിയലും ജനകീയ സമരം ആരംഭിച്ചത്. സമരക്കാര്‍ക്ക് നേരെ ആയുധം പ്രയോഗിച്ച അസദിന്റെ നീക്കം സാഹചര്യം വഷളാക്കി. വിമതര്‍ ആയുധമെടുത്തതോടെ ഘോര യുദ്ധത്തിലേക്ക് വഴിമാറി. വിമതരെ പിന്തുണച്ച് അമേരിക്കയും തുര്‍ക്കിയും എത്തി. അസദ് സൈന്യത്തിന് റഷ്യയും ഇറാനും പിന്തുണ നല്‍കി. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തില്‍ സിറിയ മൊത്തം തകര്‍ന്നടിഞ്ഞു.

വിമതര്‍ അന്ന് പിന്മാറിയെങ്കിലും ഇപ്പോള്‍ സാഹചര്യം മറ്റൊന്നാണ്. റഷ്യന്‍ സൈന്യം ഉക്രെനെതിരായ യുദ്ധത്തില്‍ ക്ഷീണിച്ച് നില്‍ക്കുന്നു. ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം പോലും നടത്താനാകാതെ ഇറാന്‍ വെല്ലുവിളി നേരിടുകയാണ്. ഈ വേളയില്‍ അമേരിക്കയുടെയും തുര്‍ക്കിയുടെയും സഹകരണത്തോടെ സിറിയന്‍ വിമതര്‍ എത്തുമെന്ന് ബശ്ശാറുല്‍ അസദ് പ്രതീക്ഷിച്ചിരുന്നില്ല.

അസദ് ആവശ്യപ്പെട്ടാല്‍ സൈന്യത്തെ അയക്കുമെന്ന ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറക്ചി പറഞ്ഞു. സിറിയിയലെ തീവ്രവാദി ആക്രമണം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. വിമതരുടെ മറപിടിച്ച് സിറിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നു എന്നാണ് ഇറാഖ് പ്രധാനമന്ത്രി ഷിയഉല്‍ സുദാനി പറയുന്നത്.

സുന്നി ഭൂരിപക്ഷ രാജ്യമായ സിറിയ ഭരിക്കുന്നത് ഷിയാ വിഭാഗത്തില്‍പ്പെട്ട ബശ്ശാറുല്‍ അസദും പരിവാരങ്ങളുമാണ്. സുന്നി ഭൂരിപക്ഷ രാജ്യങ്ങള്‍ വിമതര്‍ക്കൊപ്പം നില്‍ക്കുന്നതും അസദിന് തിരിച്ചടിയാണ്. എല്ലാ വിലക്കും മതിയാക്കി ബശ്ശാറുല്‍ അസദിനെ അറബ് ലീഗിലേക്കും ഒഐസിയിലേക്കും ക്ഷണിക്കാന്‍ മുന്നില്‍ നിന്ന സൗദി അറേബ്യയും യുഎഇയും ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണം. കുര്‍ദ് സൈന്യത്തിന് എല്ലാ പിന്തുണയും നല്‍കി അസദ് ഭരണകൂടത്തിനെതിരായ നീക്കങ്ങള്‍ അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. നേരത്തെ ദുര്‍ബലരായ ഒട്ടേറെ വിമതസംഘങ്ങള്‍ ഒരുമിച്ചാണ് ഇപ്പോള്‍ അസദ് ഭരണകൂടത്തിനെതിരെ പടയോട്ടം തുടങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അസദ് ഭരണകൂടത്തിനെതിരായ ഉപരോധം നീക്കണമെങ്കില്‍ ഇറാനുമായുള്ള സിറിയയുടെ ബന്ധം അവസാനിപ്പിക്കണം എന്ന ഉപാധി അമേരിക്ക മുന്നോട്ടുവച്ചു എന്നാണ് മറ്റൊരു വാര്‍ത്ത. വിഷയം അമേരിക്കയും യുഎഇയും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടത്രെ. ലബനോനിലെ ഹിസ്ബുല്ലയ്ക്ക് ഇറാന്‍ ആയുധമെത്തിക്കുന്നത് സിറിയയിലൂടെയാണ്. ഈ വഴി അടയ്ക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം ദമസ്‌കസിലെത്തി പിന്തുണ അറിയിച്ചിരിക്കെയാണിത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് അസദുമായി ടെലിഫോണില്‍ സംസാരിക്കുകയും ചെയ്തു. അസദ് ഭരണകൂടവുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയാണ് യുഎഇ. അതിനിടെയാണ് അപ്രതീക്ഷിത മാറ്റങ്ങള്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam