വേറിട്ട ശബ്ദത്തിലൂടെ മലയാളിയുടെ മനസില്‍ കുടിയേറിയ സിതാര

MAY 27, 2022, 6:23 PM

മൂന്നാമതും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികക്കുള്ള പുരസ്‌കാരം തന്നിലേക്കെത്തിച്ചിരിക്കുകയാണ് സിതാര കൃഷ്ണകുമാര്‍. മനു അശോകന്‍ സംവിധാനം ചെയ്ത കാണേ കാണേ എ്ന്ന പാല്‍നിലാവിന്‍ പൊയ്കയില്‍ എന്ന ഗാനമാണ് സിതാരയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന സിതാര വേറിട്ട ശബ്ദത്തിലൂടെയാണ് എന്നും അതിശയിപ്പിച്ചുകൊണ്ടേയിരുന്നത്. പിന്നണി ഗാന രംഗത്ത് 15 വര്‍ഷങ്ങള്‍ പിന്നിട്ടു ഈ ഗായിക. 

2012ലായിരുന്നു സിതാരക്ക് ആദ്യമായി മികച്ച ഗായികക്കുള്ള പുരസ്‌കാരം ലഭിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന പടത്തിലെ ഏനുണ്ടോടീ അമ്പിളി ചന്തം...എന്ന ഗാനമായിരുന്നു അത്. 2017ല്‍ പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ രണ്ടാം തവണയും പുരസ്‌കാരം സിതാരയെ തേടിയെത്തുകയായിരുന്നു. 

പുതിയ തലമുറയുടെ വേറിട്ട ശബ്ദം...നിലപാടുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ സിതാരക്ക് ഉള്ള സ്ഥാനം പുതിയ ഗായികരില്‍ ആര്‍ക്കും ഇല്ലെന്ന് തന്നെ പറയാം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായികയുടെ നിലപാടുകള്‍ തന്നെയാണ് എന്നും ശ്രദ്ധിക്കപ്പെടുന്നത്. ഒളിവും മറവും ഇല്ലാതെ വ്യക്തമായി തന്റെ രാഷ്ട്രീയവും ജീവിതവും ഒക്കെ തുറന്നു പറയുന്ന വ്യക്തിത്വത്തിനുടമാവുക പുതിയ കാലത്ത് അത്രക്കൊന്നും എളുപ്പമല്ല. പ്രത്യേകിച്ച് സിനിമ പോലുള്ള മാധ്യമങ്ങളില്‍ അത്തരം ആളുകള്‍ക്കുള്ള സ്വീകാര്യതക്ക് പലപ്പോഴും തടസങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അവസരങ്ങള്‍ ലഭിക്കില്ലെന്നുള്ള ഭയം പലപ്പോഴും ആഗ്രഹമുണ്ടെങ്കില്‍ തന്നെ പലരേയും പിന്നോട്ടുവലിക്കാറുണ്ട്. അവിടെയാണ് അവര്‍ തന്റേതായ ഇടം കണ്ടെത്തുന്നത്. 

മലയാളി കേട്ടുപരിചയിച്ച ഒരു പാട് ശബ്ദങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് പഴയ കാല ഗായികമാരുടേത്. പി.സുശീല, പി. ലീല, ജാനകിയമ്മ തുടങ്ങിയ പഴയ ഗായികമാര്‍ ശബ്ദത്തിന്റെ വ്യത്യസ്തകൊണ്ട് നമ്മുടെ ഹൃദയം കീഴടക്കിയവരാണ്. അതുപോലെ വ്യത്യസ്ത ശബ്ദം കൊണ്ട് ഹൃദയത്തില്‍ കയറിക്കൂടിയ സിതാര സംഗീത സംവിധായിക എന്ന നിലയിലും തിളങ്ങിക്കൊണ്ടിരിക്കുന്നു. 

ടെലിവിഷന്‍ ചാനലുകളിലെ സംഗീത പരിപാടികളിലൂടെ മലയാളിയുടെ മനസിലേക്ക് സിതാര കയറിക്കൂടി. കൈരളി ടിവിയുടെ ഗന്ധര്‍വ സംഗീതം സീനിയേഴ്സ് 2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുത്തത് സിതാരയുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. ഏഷ്യാനെറ്റില സപ്തസ്വരങ്ങളിലൂടെയും ജീവന്‍ ടിവിയുടെ വോയ്സ് 2004 ലെയും മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടു. ജീവന്‍ ടിവിയുടെ ഒരു വര്‍ഷം നീണ്ടു നിന്ന ആപ്പിള്‍മെഗാസ്റ്റാര്‍ ഷോ 2009 റിയാലിറ്റി ഷോയിലെ വിജയം സിതാരയെ കുറെക്കൂടി പ്രശസ്തയാക്കി. 

വിനയന്‍ സംവിധാനം ചെയ്ത അതിശയന്‍ ഇല്‍ അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതത്തില്‍ പമ്മി പമ്മി വന്നേ എന്ന ഗാനം ആലപിച്ച് സിനിമയിലെത്തി. കന്നഡയിലും തമിഴിലും തന്റെ കഴിവ് തെളിച്ചു സിതാര. ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലായി നാല്‍പ്പതോളം സിനിമയില്‍ പാടി. ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളില്‍ ഗസല്‍ കച്ചേരികളുമായി ആ രംഗത്തും സജീവമാണ്. 

സ്‌കൂള്‍ കോളേജ് യുവജനോത്സവ വേദികളില്‍ നൃത്തത്തിലും കളിവ് തെളിയിച്ചു. തിരുവനന്തപുരം നിശാഗന്ധി ഫെസ്റ്റിവലില്‍ സിതാര അവതരിപ്പിച്ച നൃത്തപരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും സിതാരയുടെ കഴിവുകള്‍ ശ്രദ്ധ നേടി കഴിഞ്ഞു. 

മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു നീ... എന്ന ഗാനം സംവിധാനം സിതാരയും മിഥുന്‍ ജയരാജും ചേര്‍ന്നായിരുന്നു. അടുത്ത കാലത്ത് പ്രേക്ഷകരെ പ്രണയാര്‍ദ്രമാക്കിയ ഗാനങ്ങളില്‍ ഇതും എടുത്തു പറയാവുന്ന ഗാനമാണ്. ഉടലാഴത്തിലെ ഓരോ ഗാനവും വളരെ വ്യത്യസ്തമായിരുന്നു. കഥപറഞ്ഞ എന്ന ചിത്രത്തിലെ പഴംപാട്ടിനീണം പേറി എന്ന ഗാനം ആലപിച്ചതും സിതാരയാണ്.  

നാടന്‍ പാട്ടുകളുടെ ശീലുകള്‍ സിതാരയുടെ ശബ്ദത്തില്‍ ഏറെ ഹൃദ്യമാണ്. മെലഡിയും പഴയ പാട്ടുകള്‍ക്ക് പുതിയ ജീവന്‍ നല്‍കി ആലപിക്കുമ്പോഴും അവര്‍ വ്യത്യസ്ഥത കൊണ്ട് മനസുകള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇനി ഹിന്ദുസ്ഥാനി സ്പര്‍ശം ഉള്ള പാട്ടുകളാണെങ്കില്‍ അതിലും ഉണ്ട് ഒരു സിതാര ടച്ച്. മോഹമുന്തിരി വാറ്റിയ രാവ്...രാസ രതിയുടെ സ്നേഹ നിലാവ്...എന്ന ഐറ്റം സോങ് കൊച്ചുകുഞ്ഞുങ്ങളുടെ നാവില്‍ ഏറ്റവും കൂടുതല്‍ എത്തിയതാണ്. കുഞ്ഞുകുട്ടികളോട് സിതാരയുടെ പാട്ടുകള്‍ ഏതാണിഷ്ടം എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ...മോഹമുന്തിരി...ഏനുണ്ടോടീ അമ്പിളി ചന്തം എന്ന് പാടി മലയാളിയുടെ നാട്ടുവഴികളിലൂടെ സിതാര അങ്ങനെ പാടിക്കൊണ്ടിരിക്കുകയാണ്. മണ്ണിന്റെ നനവുള്ള പച്ച മനുഷ്യന്റെ പാട്ടുകള്‍ പാടി നിലപാടുകളില്‍ വ്യത്യസ്തയായി സിതാര കൃഷ്ണകുമാര്‍ തന്റെ ഇടം സൃഷ്ടിച്ചുകൊണ്ട് കലാജീവിതത്തില്‍ മിന്നിത്തിളങ്ങട്ടേയെന്ന് ആശംസിക്കുന്നു...

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam