രാമചന്ദ്രൻ ഏറ്റവും ഇളയകുട്ടി ആയതിനാൽ അമ്മ സത്യഭാമയുടെ പ്രത്യേക വാൽസല്യത്തിന് പാത്രമായിരുന്നു. അമ്മ കുളിപ്പിച്ചുകൊടക്കാൻ കൂടെ ചെന്നില്ലെങ്കിൽ കുളിക്കില്ല, കുളിച്ചുകഴിഞ്ഞാൽ മുടി ചീകികൊടുക്കേണ്ടതും അമ്മ തന്നെയായിരിക്കണമെന്ന് അവന് നിർബന്ധമുണ്ടായിരുന്നു. ഭക്ഷണം കഴിക്കണമെങ്കിൽ ആ അമ്മ വാരിക്കൊടുക്കണം. രാമചന്ദ്രൻ കളികളിൽ മിടുക്കനായിരുന്നുവെന്നു പറഞ്ഞിരുന്നുവല്ലൊ, അന്നത്തെ പ്രധാന കളികളിലൊന്ന് കബഡി കളി ആയിരുന്നു. പാട്ടിന്റെ അകമ്പടിയോടെയായിരുന്നു അന്നൊക്കെ കബഡി കളിച്ചിരുന്നത്.
പാട്ടുംപാടി രാമചന്ദ്രൻ കളിക്കളത്തിലിറങ്ങിയാൽ പിന്നെ നോക്കേണ്ട. ഒരു പ്രത്യേക ആവേശം അവനിൽ വന്നു നിറയുകയായി. എതിരാളികൾക്ക് തോൽവി ഉറപ്പാണ്.മൂന്നാം ക്ലാസിലായിരുന്നു അന്ന് രാമചന്ദ്രൻ പഠിച്ചുകൊണ്ടിരുന്നത്. ക്ലാസ്സ് റുമിൽ കുടിവെള്ളം വച്ചിരുന്ന മൺപാത്രം ഉടഞ്ഞുപോയി. നിങ്ങൾ തന്നെ വേണമെങ്കിൽ പണം മുടക്കി പാത്രം വാങ്ങിക്കോള്ളൂ എന്നായി അധ്യാപകൻ. പാത്രം വാങ്ങാൻ എല്ലാവരും പണം കൊടുത്തു. എന്നാൽ ദരിദ്രരായ രണ്ടുകുട്ടികൾക്ക് പണം കൊടുക്കാൻ കഴിഞ്ഞില്ല. ആ കുട്ടികൾ അധ:സ്ഥിതരുമായിരുന്നു.
ക്ലാസ് ലീഡർ ആ കുട്ടികളെ പണം കൊടുക്കാത്തതിന് ചോദ്യം ചെയ്തു. പിന്നെ പരിഹസിക്കാനും ഉപദ്രവിക്കാനും തുടങ്ങി. ഇതുകണ്ട് സഹികെട്ട രാമചന്ദ്രൻ രണ്ടും കല്പിച്ച് എഴുന്നേറ്റു. പണമില്ലാത്തവനോട് കാണിക്കുന്ന ക്രൂരതക്കെതിരെ ലീഡറോട് സംസാരിച്ചു. അതിൽ കുപിതനായ ലീഡർ രാമചന്ദ്രനെ അതികപ്രസംഗിയായി ചിത്രീകരിക്കുകയും കണക്കിന് പരിഹസിക്കുകയും ചെയ്തു. തുടർന്നുള്ളദിനങ്ങളിൽ ലീഡറുടെ ചെയ്തികളെ സസൂക്ഷ്മം നിരീക്ഷിച്ചു. കുടിവെള്ളം നിറയ്ക്കാനുള്ള പാത്രം വാങ്ങാനെന്ന പേരിൽ വ്യാപകമായി പണം പിരിച്ച് ആ ക്ലാസ് ലീഡർ ആഘോഷമായി ചെലവഴിക്കുകയാണെന്ന് രാമചന്ദ്രൻ കണ്ടെത്തി.
ഈ വിവരം രാമചന്ദ്രൻ അധ്യാപകരെ അറിയിച്ചു. അന്നുമുതൽ രാമചന്ദ്രനായി ക്ലാസ് ലീഡർ.
സത്യത്തിൽ ഇനി എങ്ങിനെ ജീവിക്കും എന്ന ചോദ്യചിഹ്നം സത്യഭാമയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. എന്തുതന്ന ആയാലും രണ്ടു മക്കളുടെ പഠനം ഒരു കാരണവശാലും മുടങ്ങരുതെന്ന പ്രാർത്ഥനയിലായിരുന്നു അവർ. കൈയ്യിലുണ്ടായിരുന്ന പണം തീരുന്ന മുറയ്ക്ക് ആഭരണങ്ങൾ ഒന്നൊന്നായി വിറ്റുകൊണ്ടിരുന്നു. ഇങ്ങനെ എത്രകാലം പോകാനാകുമെന്ന് ഒരു നിശ്ചയവുമില്ലാതെയുള്ള ജീവിതം..!
എന്തിന് പറയുന്നു മൂന്നുനേരം കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനാകാത്ത അവസ്ഥ. സത്യഭാമയുടെ സഹോദരനും സമ്പന്നനൊന്നുമല്ല. എങ്കിലും അദ്ദേഹത്തെക്കൊണ്ട് ആകാവുന്നത്ര സഹായങ്ങലെല്ലാം ചെയ്തുപോന്നു. എന്നിട്ടും മുന്നോട്ടുപോകാനാകാതെ വന്നപ്പോൾ സത്യഭാമ കൂലിവേലയ്ക്കു പോകാൻ തീരുമാനിച്ചു. ഇതറിഞ്ഞ സഹോദരന് അത് മനപ്രയാസത്തിനിടയാക്കി. സഹോദരിയുടെ ഈ ദയനീയസ്ഥിതിയിൽ നിന്നും എങ്ങിനെ കരകയറ്റാമെന്നയാൾ ചിന്തിച്ചു. ഒടുവിൽ അയാളൊരു വഴി കണ്ടെത്തി. മിടുക്കരായ സത്യഭാമയുടെ രണ്ടുമക്കളേയും നാടകക്കമ്പനിയിൽ ചേർക്കാം. അവിടെനിന്ന് കുട്ടികൾക്കുവേണ്ട ഭക്ഷണവും വസ്ത്രങ്ങളും ലഭിക്കും.
കുറച്ചുകാലത്തെ നാടകപരിശീലനം കഴിഞ്ഞാൽ അവർക്ക് ശമ്പളവും കിട്ടിത്തുടങ്ങും. ഒരുപക്ഷേ, വരും നാളുകളിൽ അവരുടെ തലവര നന്നെങ്കിൽ വലിയ അഭിനേതാക്കാളായി തീരാനും സാധ്യതയുണ്ട്.
തൽക്കാലം കുട്ടികളുടെ പഠനം തടസ്സപ്പെടുമെങ്കിലും പിടിച്ചുനിൽക്കാൻ അതൊരു നല്ല ആശയമായി സത്യഭാമയ്ക്കും തോന്നി. മക്കളെങ്കിലും വയറുനിറച്ച് ആഹാരം കഴിക്കട്ടെ എന്നായിരുന്നു ആ വത്സലമാതാവിന്റെ ചിന്ത.ആസമയം ചക്രപാണി ഏഴാം ക്ലാസിലും രാമചന്ദ്രൻ മൂന്നാം ക്ലാസിലും ആയിരുന്നു പഠിച്ചുകൊണ്ടിരുന്നത്.
ന്യായാധിപനും സ്‌ക്കൂളിൽ പ്രധാന അധ്യാപകനുമായിരുന്ന ഒരു മനുഷ്യന്റെ മക്കൾക്ക് നാലക്ഷരം പഠിക്കാനുള്ള വഴി ഇല്ലാതായിപ്പോയല്ലോ എന്നോർത്ത് സത്യഭാമ വിതുമ്പിപ്പോയി. നല്ല വിദ്യാഭാസം കൊടുത്ത് മക്കളെ ഉന്നതിയിലെത്തിക്കണമെന്നുതന്നെയായിരുന്നു ആമാതാവന്റേയും ഏറ്റവും വലിയ ആഗ്രഹം. എന്നാലെല്ലാവഴികളും ദാരിദ്രമെന്ന മഹാഭൂതം അടച്ചുകളഞ്ഞു. അങ്ങിനെ ആ കുട്ടികൾ അമ്മാവനായ നാരായണനോടൊത്ത് പോണ്ടിച്ചേരിക്ക് പുറപ്പെട്ടു. അന്ന് അവിടെയായിരുന്നു നാടകക്കമ്പനി ക്യംപ് ചെയ്തിരുന്നത്.
നാടകക്കമ്പനിയലേക്ക് പോകുന്ന വിവരം അറിഞ്ഞപ്പോൾ ചക്രപാണിക്ക് ഉത്സാഹമേറി. എന്നാൽ രാമചന്ദ്രന് അമ്മയെ പിരിയാൻ വളരെയേറെ പ്രയാസമായിരുന്നു. ആ പിഞ്ചുഹൃദയം വിതുമ്പി. അവൻ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി. ഇനി വൈകിയാൽ കൃത്യസമയത്ത് തീവണ്ടി സ്‌റ്റേഷനിൽ എത്താൻ കഴിയുകില്ല. പിറ്റേന്നുതന്നെ പോണ്ടിച്ചേരിയിൽ എത്തുകയും വേണം. എന്നാൽ ആകുഞ്ഞിനെ അമ്മയിൽ നിന്നും പറിച്ചുമാറ്റാൻ അമ്മാവനായ നാരായണന് മനസ്സുവരുന്നില്ല.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1