ദീര്‍ഘനാളായുള്ള രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ആരോപണങ്ങള്‍ക്കും ശേഷം കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചിരിക്കുകയാണ്. പാര്‍ട്ടി ഒരു പുതിയ നേതാവിനെ തിരഞ്ഞെടുത്താലുടന്‍ ഓഫീസ് വിടുമെന്നാണ് ട്രൂഡോ അറിയിച്ചിരിക്കുന്നത്.
തുടര്‍ച്ചയായുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങളാണ് ട്രൂഡോയുടെ രാജിയിലേക്ക് നയിച്ചത്. ഇന്ത്യക്കെതിരായ ട്രൂഡോയുടെ വിവാദ ആരോപണങ്ങളാണ് അദ്ദേഹത്തിന്റെ പതനത്തിന് പിന്നിലെ ഒരു പ്രധാന കാരണം. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതവുമായി ബന്ധപ്പെട്ടാണ് ഇത്.
ട്രൂഡോയുടെ നിജ്ജര്‍ ആരോപണങ്ങളും നയതന്ത്ര വീഴ്ചയും
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കാനഡയില്‍ വെച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച് 2023 സെപ്റ്റംബറിലാണ് ട്രൂഡോ ഇന്ത്യക്കെതിരേ ആദ്യമായി രംഗത്തെത്തിയത്. ഗുരുതരമായ ഈ ആരോപണങ്ങള്‍ക്ക് പിന്നാലെ ട്രൂഡോയുടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. കനേഡിയന്‍ മണ്ണില്‍ ഇന്ത്യ ചില ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നുണ്ടെന്ന് ട്രൂഡോ അവകാശപ്പെട്ടു. ഇതിനെതിരേ ഇന്ത്യ ശക്തമായി നിലപാടെടുത്തിരുന്നു.
ഈ ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ-കാനഡ ബന്ധത്തില്‍ വലിയ വിള്ളല്‍ വീണു. ട്രൂഡോയുടെ അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും ഒട്ടാവയിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു.
ട്രൂഡോയുടെ നേതൃത്വത്തിന് കീഴില്‍ ഖലിസ്ഥാന് പിന്തുണ
ട്രൂഡോയുടെ പതനത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം കാനഡയിലെ വര്‍ധിച്ചു വരുന്ന ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളും വികാരങ്ങളുമാണ്. ടൊറാന്റോയിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ കൂടുതല്‍ ശക്തമാക്കി.
നിജ്ജറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഇന്ത്യ വീണ്ടും ഊന്നിപ്പറഞ്ഞു. ട്രൂഡോ തന്റെ രാഷ്ട്രീയ നേട്ടത്തിനായി കാനഡയിലെ ഖലിസ്ഥാനി അനുഭാവികളെ തൃപ്തിപ്പെടുത്തുകയാണെന്നും മോദി സര്‍ക്കാര്‍ ആരോപിച്ചു. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതിലും ട്രൂഡോ പരാജയപ്പെട്ടു. ഖലിസ്ഥാനി സിഖ് വോട്ടുകള്‍ ലഭ്യമാക്കുന്നതിനും യഥാര്‍ത്ഥ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമവുമാണ് ഇന്ത്യക്കെതിരായ ആരോപണങ്ങള്‍ എന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിമര്‍ശകര്‍ പറയുന്നു.
ഡിസംബറില്‍ കനേഡിയന്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചതോടെ കനേഡിയന്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങി. എല്ലാ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഫ്രീലാന്‍ഡിന്റെ രാജിക്ക് വഴിയൊരുക്കിയത്. ഫ്രീലാന്‍ഡിന്റെ രാജിക്ക് പിന്നാലെ ഹൗസിംഗ് മന്ത്രി സീന്‍ ഫ്രേസറും രാജിവെച്ചു. ഇതിന് പിന്നാലെ ട്രൂഡോയോട് രാജിവെക്കാന്‍ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിംഗും ആവശ്യപ്പെട്ടു.
ഇതിനെല്ലാം പുറമെ, ഭാര്യ സോഫി ഗ്രിഗോയര്‍ ട്രൂഡോയുമായുള്ള 18 വര്‍ഷം നീണ്ട വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് 2023 ഓഗസ്റ്റില്‍ ട്രൂഡോ അറിയിച്ചിരുന്നു. ഇതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പതനത്തില്‍ വഴിത്തിരിവായി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1