കാനഡയില്‍ തമിഴ് വംശജ പ്രധാനമന്ത്രിയാകുമോ?

JANUARY 7, 2025, 9:04 AM

സ്ഥാനമൊഴിയുന്ന ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരിയായി കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജ എത്തുമെന്ന വാര്‍ത്തയാണ് സജീവമാകുന്നത്. നിലവില്‍ രാജ്യത്തിന്റെ ഗതാഗത മന്ത്രിയായ അനിതാ ആനന്ദ് പ്രധാനമന്ത്രി പദത്തിലേക്ക് എത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച ജസ്റ്റിന്‍ ട്രൂഡോ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ കണ്ടെത്തുന്നത് വരെയായിരിക്കും പദവിയില്‍ തുടരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗത വകുപ്പിനൊപ്പം തന്നെ ആഭ്യന്തര വ്യാപാര വകുപ്പിന്റെ ചുമതലുയം അനിത ആനന്ദ് വഹിക്കുന്നുണ്ട്. നോവ സ്‌കോട്ടിയില്‍ ജനിച്ചു വളര്‍ന്ന അനിതാ ആനന്ദിന്റെ രക്ഷിതാക്കള്‍ തമിഴ്‌നാട്ടില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയവാണ്.

1985-ലാണ് ഇവര്‍ നോവ സ്‌കോട്ടിയില്‍ നിന്നും ഒന്റാറിയോയിലേക്ക് താമസം മാറുന്നത്. ഭര്‍ത്താവ് ജോണിനും നാല് മക്കള്‍ക്കുമൊപ്പമാണ് അനിതയുടെ ജീവിതം. 2019ലെ തിരഞ്ഞെടുപ്പില്‍ ഓക്ക്വില്ലെയില്‍ നിന്നും അനിത ആനന്ദ് ആദ്യമായി പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കനേഡിയന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയായിരുന്നു അനിത.

2019 മുതല്‍ 2021 വരെ പൊതു സേവനങ്ങളുടെയും സംഭരണ വകുപ്പിന്റേയും മന്ത്രിയായി സേവനമനുഷ്ഠിച്ച അവര്‍ ട്രഷറി ബോര്‍ഡ് പ്രസിഡന്റായും ദേശീയ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അനിത പബ്ലിക് സര്‍വീസസ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു കോവിഡ് മാഹാമാരിയെത്തിയത്. ഈ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയക്കാരി എന്ന നിലയില്‍ അവരുടെ ജനപ്രീതി വര്‍ധിപ്പിച്ചു.

പിന്നീട് ദേശീയ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചപ്പോള്‍, സൈന്യത്തിലെ ലൈംഗിക ദുരാചാരങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളും അവര്‍ നടപ്പിലാക്കി. ഉക്രെയ്‌നിലെ റഷ്യയുടെ അനധികൃത അധിനിവേശത്തെത്തുടര്‍ന്ന് ഉക്രേനിയന്‍ സൈനികരെ പരിശീലിപ്പിക്കുന്നതിന് സമഗ്രമായ സൈനിക സഹായം നല്‍കാനുള്ള കാനഡയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ നേതൃത്വം നല്‍കി. 2024 സെപ്തംബറിലാണ് ട്രഷറി ബോര്‍ഡ് പ്രസിഡന്റ് എന്ന പദവിക്ക് പുറമേ, ഗതാഗത മന്ത്രിയായി അനിത ആനന്ദിനെ നിയമിക്കുന്നത്.

രാഷ്ട്രീയക്കാരി എന്നതിനോടൊപ്പം അനിതാ ആനന്ദ് അഭിഭാഷകയും ഗവേഷകയുമാണ്. ടൊറന്റോ സര്‍വകലാശാലയില്‍ നിയമ വിഭാഗത്തില്‍ പ്രൊഫസറായിരുന്നു അവര്‍ നിക്ഷേപക സംരക്ഷണത്തിലും കോര്‍പ്പറേറ്റ് ഭരണത്തിലും ക്ലാസുകള്‍ എടുത്തിരുന്നു. യേല്‍ ലോ സ്‌കൂള്‍, ക്വീന്‍സ് യൂണിവേഴ്‌സിറ്റി, വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും അവര്‍ നിയമം പഠിപ്പിച്ചു.

ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ ബിരുദം (ഓണേഴ്‌സ്), ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമശാസ്ത്രത്തില്‍ ബിരുദം (ഓണേഴ്‌സ്), ഡല്‍ഹൌസി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം, ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം എന്നിങ്ങനെയാണ് അനിത ആനന്ദിന്റെ വിദ്യാഭ്യാസ യോഗ്യത.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam