പൃഥ്വിരാജിന്റെ ആടുജീവിതം മൽസരത്തിനുള്ള സിനിമകളുടെ ഓസ്‌ക്കർ പട്ടികയിൽ ഉൾപ്പെട്ടു കഴിഞ്ഞു. ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണത്. എന്നാൽ, മലയാളികളുടെ യഥാർത്ഥ ജീവിതത്തിൽ കേൾക്കാൻ കഴിയുന്നത് ആടുജീവിതങ്ങളുടെ വലിയ വായിലുള്ള നിലവിളികളാണ്. ഇപ്പോൾ കേരളത്തിൽ നിരവധി ചെറുകിട ഉൽപ്പാദന യൂണിറ്റുകൾ പൂട്ടിപ്പോയതും, കടകൾ അടഞ്ഞു പോയതും അത് നടത്തിവന്നവരുടെ പിടിപ്പുകേടല്ല.
പ്രളയവും കോവിഡും ഇവർ സൃഷ്ടിച്ചതുമല്ല.
സർക്കാരിന് സാമ്പത്തിക ഞെരുക്കത്തിന് കേന്ദ്രത്തെ പഴി പറഞ്ഞ് ഖജനാവിലേക്കുള്ള വരുമാനം കൂട്ടാൻ നികുതികൾ കുത്തനെ കൂട്ടിക്കഴിഞ്ഞു. സർക്കാർ സേവനങ്ങൾക്കു പോലും ഇരട്ടിയിലധികമായി നിരക്ക് കൂട്ടിയിട്ടുണ്ട്. 'സർച്ചാർജ്' എന്ന ഓമനപ്പേരിൽ വൈദ്യുതി നിരക്കിലും, ഇന്ധന വിലയിലും വരുത്തിയ വിലവർധന അടുത്തകാലത്തൊന്നും പിൻവലിക്കാൻ പോകുന്നില്ല. അങ്ങനെ പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ ഒരു ആൾക്കൂട്ടപ്പതിപ്പ് ഇപ്പോൾ കേരളത്തിൽ ദൃശ്യമായി കൊണ്ടിരിക്കുകയാണ്.
ഹാപ്പി ന്യൂഇയർ അല്ല ജപ്തി ന്യൂഇയർ
സംസ്ഥാനങ്ങൾ പുതിയ സംരംഭകരെ തേടി ഡെൽഹിയിൽ റോഡ് ഷോ വരെ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഇനി നിക്ഷേപക സംഗമം എന്ന സർക്കാർ റിയാലിറ്റി ഷോയും ഫെബ്രുവരിയിൽ അരങ്ങേറും. എന്നാൽ പല കാരണങ്ങളാൽ (പ്രളയവും കോവിഡും പോലെ) ബിസിനസ് പൂട്ടിപ്പോയവർക്കായി എന്തെങ്കിലും ആശ്വാസ നടപടികൾ സ്വീകരിക്കാൻ സർക്കാർ മടിക്കുകയാണിപ്പോഴും. കേരളത്തിലെ വ്യാപാരികൾ ഇത്തരം ആവശ്യങ്ങളുമായി സമരം ചെയ്യുകയുണ്ടായി. കട വാടകയ്ക്കുള്ള ജി.എസ്.ടി. കടയുടമസ്ഥരല്ല കട നടത്തുന്നവരാണ് നൽകേണ്ടതെന്ന കേന്ദ്രസംസ്ഥാന സർക്കാരിന്റെ ഇണ്ടാസാണ് അവർക്ക് കിട്ടിയ ക്രിസ്തുമസ് സമ്മാനം.
ഈ ഉത്തരവിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടും, ഇപ്പോഴും അച്ഛന്റെ പേരിലുള്ള കടമുറിയിൽ മകൻ വ്യാപാരം നടത്തിയാലും വാടകത്തുകയുടെ 18 ശതമാനം ജി.എസ്.ടി. നൽകിയിരിക്കണമെന്നാണത്രെ പുതിയ നികുതി നിയമം. വമ്പൻമാരുടെ ഓൺലൈൻ വ്യാപാരത്തിന് ഇനിയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. പകരം പ്രളയവും കോവിഡും സാമ്പത്തിക പ്രതിസന്ധിയും മൂലം വ്യാപാരികളെ പിഴിയാനും ജി.എസ്.ടി.യുടെ പുതിയ വല വിരിക്കാനുമാണ് ഭരണകൂടങ്ങളുടെ ശ്രമം. ഫെബ്രുവരിയിൽ വ്യാപാരികൾ ഭരണകൂടങ്ങളുടെ കാടൻ നിയമങ്ങൾക്കെതിരെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹാപ്പി ന്യൂഇയർ ആഘോഷങ്ങൾ ഇത്തവണ നഗരങ്ങളിലും ചാനലുകളിലും ഒതുങ്ങിപ്പോയി. പല മലയാളി കുടുംബങ്ങളും പലവിധത്തിലുള്ള സാമ്പത്തിക ഞെരുക്കങ്ങളാൽ പിടയുകയാണ്. കടലോരങ്ങളിൽ മീനില്ല. മലയോരങ്ങളിൽ കാട്ടുമൃഗ ശല്യം രൂക്ഷം. മലയോര കർഷകന്റെ കൃഷിഭൂമി വാങ്ങാനാരുമില്ല. വിശ്വാസികൾക്ക് പ്രഭാതങ്ങളിൽ ആരാധനാലയങ്ങളിൽ പോകാൻ കഴിയുന്നില്ല. കാട്ടുമൃഗങ്ങളെ പേടിച്ച് കുട്ടികളെ സ്‌കൂളിൽ അയയ്ക്കുന്നില്ല. വനാതിർത്തിയോടു ചേർന്നുള്ള കടമുറികൾ കാട്ടുമൃഗങ്ങൾ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്. കേരളീയർ 'ഹാപ്പി ന്യൂയർ' ആഘോഷിച്ചുവെന്ന് പറയാനാവില്ല.
പലർക്കും ഇത് സങ്കടകരമായ 'ജപ്തി ന്യൂഇയർ' ആണ്. ആരും സഹായിക്കാനില്ലാത്ത ഹതഭാഗ്യരായ ഭൂരിപക്ഷം മലയാളികൾക്ക് ഇനി സ്വസ്ഥമായി ഉറങ്ങാനാവില്ല. കാരണം, ഭരിക്കുന്നവർ 'സാമ്പത്തിക പ്രതിസന്ധി' യുടെ പേരു പറഞ്ഞ് എല്ലാ ആനുകൂല്യങ്ങളും വെട്ടികുറയ്ക്കുയോ, നൽകാതിരിക്കുയോ ചെയ്യുന്നു. ക്ഷേമ പെൻഷന്റെ രണ്ടു തവണ ഒരുമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാർ അതിലും ഒരു തവണ തടഞ്ഞുവച്ചിരിക്കുകയാണ്. സാമ്പത്തിക വർഷാവസാനം മുന്നിൽ കണ്ട്, കുടിശ്ശികക്കാരെ തേടി ബാങ്കുകാർ നാട്ടിലിറങ്ങുമ്പോൾ, ജനങ്ങൾക്കുള്ള പല കുടിശ്ശികകളും നൽകാതെ ഭരിക്കുന്നവർ ഏ.സി. കാറുകളിൽ ഊരു ചുറ്റുകയാണ്.
ജപ്തി പരസ്യങ്ങളുടെ ഘോഷയാത്ര
ജനുവരി 5 ന് ഒരു ദേശസാൽകൃത ബാങ്ക് നൽകിയ പത്രപരസ്യത്തിലെ മൂന്ന് വായ്പക്കാരും വ്യവസായസംരംഭരോ, കടയുടമളോ ആണ്. ഒരു ഐ.ടി. കമ്പനി 56 ലക്ഷവും മറ്റൊരു ട്രേഡിംഗ് കമ്പനി രണ്ടര കോടിയും ഒരു ഹാർഡ് വെയർ കടയുടമ 9 കോടിയുമാണ് നൽകാനുള്ളതെന്ന് പരസ്യത്തിലുണ്ട്. തൊട്ടടുത്ത് കെ.എഫ്.സി.യുടെ (കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ) ജപ്തി പരസ്യവുമുണ്ട്. നഷ്ടത്തിന്റെ പടു കുഴിയിലേക്ക് വീണുകൊണ്ടിരുന്ന ഒരു കുത്തകക്കമ്പനിയിൽ കോടികൾ നിക്ഷേപിച്ച് 'മൂട് പൊള്ളിയിരിക്കുന്ന' കെ.എഫ്.സിയുടെ പിടിപ്പുകേടിന്റെ വാർത്തകൾ എന്തുകൊണ്ടോ മൂഖ്യധാരാ മാധ്യമങ്ങൾ ഇതുവരെ വലിയ രീതിയിൽ 'ഡിസ് പ്ലേ' ചെയ്യുന്നില്ല. കാരണം എന്താണാവോ?
അൻവറിക്കായുടെ പാതിരാ നാടകം
പി.വി. അൻവറിന്റെ വീട് രാത്രിക്കു രാത്രി വളഞ്ഞ് അറസ്റ്റ് ചെയ്തു ഒരു ദിവസമെങ്കിലും തവനൂർ ജയിലിലടച്ചത് ആഭ്യന്തരവകുപ്പിലെ ആരുടെ ബുദ്ധിയാണാവോ? മലയോര ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന വന്യമൃഗാക്രമണങ്ങൾ തടയുന്നതിൽ വനംവകുപ്പ് എന്ന ഭരണ സംവിധാനം അമ്പേ പരാജയമാണ്. രാഷ്ട്രീയം നോക്കാതെ ജനങ്ങൾ ഒന്നിക്കുന്ന ഒരു ജനകീയ പ്രശ്‌നത്തിന്റെ സമര മുൻനിരയിലേക്ക് അൻവറിനെ പ്രതിഷ്ഠിക്കാൻ ഈ സംഭവത്തിലൂടെ സർക്കാരിന് കഴിഞ്ഞുവെന്നത് ഒരു നേട്ടമാണോ?
നിലമ്പൂർ സീറ്റ് നോട്ടമിടുന്ന ആര്യാടൻ ഷൗക്കത്താണ് ഇപ്പോൾ അൻവറിന്റെ യു.ഡി.എഫ്. പ്രവേശത്തെ എതിർക്കുന്ന സ്ഥലത്തെ പ്രധാന പയ്യൻസ്. എന്നാൽ ഷൗക്കത്തിനെ ലീഗുകാർക്ക് അത്ര പഥ്യമല്ലെന്നറിയാവുന്ന അൻവർ 'പാണക്കാട്' വഴി യു.ഡി.എഫി.ലേക്ക് വഴിവെട്ടിക്കഴിഞ്ഞിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് 2026ലേ നടക്കൂ. പക്ഷെ ആ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യു.ഡി.എഫിൽ മുഖ്യമന്ത്രിക്കസേരയ്ക്കായി 'നിഴൽ നാടകങ്ങൾ' ആരംഭിച്ചു കഴിഞ്ഞത് ഒരർത്ഥത്തിൽ കോൺഗ്രസിന് ഗുണം ചെയ്യില്ല.
വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് ലഭിച്ച വൻഭൂരിപക്ഷത്തിന്റെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് ഡി.സി.സി. പ്രസിഡന്റ് എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുണ്ടാകുന്നത്. പൊലീസ് വകുപ്പിനെ ദുരൂപയോഗം ചെയ്ത് അതെല്ലാം കൂടി ഒന്ന് പൊലിപ്പിക്കാൻ സി.പി.എമ്മിനു കഴിഞ്ഞു. തിരുവഞ്ചൂരിന്റെ ടീം ഏതായാലും ഈ പ്രശ്‌നം തൽക്കാലം പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ നവീൻ ബാബുവിന്റെ വിധവ മഞ്ജുഷയുടെ കേസ് നടത്തിപ്പ് സി.ബി.ഐയെ ഏൽപ്പിക്കണമെന്ന ആവശ്യം തലശ്ശേരിക്കാരനായ ജഡ്ജി തള്ളിയതും, ജയിൽ വെൽഫെയർ ബോർഡ് ചെയർമാൻ പി.ജയരാജൻ പെരിയ കൊലക്കേസ് പ്രതികൾക്ക് 'കുപ്പിപ്പാൽ' കൊടുക്കാൻ പോയതുമെല്ലാം വലിയ പ്രാധാന്യമില്ലാത്ത വാർത്തകളായി മാറുകയായിരുന്നു.
തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങേറുകയാണിപ്പോൾ. നാട്ടിലെ പട്ടിണിയും പരിവട്ടവുമെല്ലാം മറന്ന് കലാവേദികളിലെത്തുന്ന കൗമാരങ്ങളുടെ നിഷ്‌കളങ്കമായ ചിരി നമ്മെ സന്തോഷിപ്പിക്കുന്നില്ല. കാരണം, ഈ കുഞ്ഞുങ്ങൾക്ക് 'സന്തോഷമായും സമാധാനമായും' ജീവിക്കാൻ കഴിയുന്ന കേരളമല്ല ഇപ്പോൾ ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ആ കുഞ്ഞുങ്ങൾ തൽക്കാലം ഇതൊന്നും അറിയാതിരിക്കട്ടെ. അല്ലേ?
ആടുജീവിതങ്ങളുടെ ക്യൂ നീളുകയാണ്...
തുടക്കത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതത്തെക്കുറിച്ച് എഴുതിയിരുന്നില്ലേ? ഇപ്പോൾ സർക്കാർ ആനുകൂല്യങ്ങൾ കിട്ടാത്തതുമൂലം ദുരിതക്കുഴികളിൽ പെട്ട കുറെ ആടുജീവിതങ്ങളുടെ കാര്യം പറഞ്ഞുകൊണ്ട് ഈ ആഴ്ചക്കുറിപ്പ് അവസാനിപ്പിക്കാം. ദിവസേന കഷ്ടിച്ച് 720 രൂപ ദിവസവേതനം കിട്ടുന്ന വനംവകുപ്പിലെ താൽക്കാലിക വാച്ചർമാർക്ക് കഴിഞ്ഞ 9 മാസമായി പണം കിട്ടുന്നില്ല. വിധവാ പെൻഷൻ പുതിയതായി അപേക്ഷിക്കാൻ നിലവിലുള്ള കമ്പ്യൂട്ടർ തകരാർ മൂലം കഴിയുന്നില്ല. ഒരു ജീവനക്കാരന്റെ ആത്മഹത്യയുടെ പേരിൽ വാർത്തയിൽ പ്രത്യക്ഷപ്പെട്ട ട്രാക്കോ കേബിൾസ് ജീവനക്കാരുടെ ശമ്പളമില്ലാത്ത അവസ്ഥ ഇപ്പോഴും തുടരുന്നു.
സ്‌പോർട്‌സ് കൗൺസിൽ ജീവനക്കാരുടെയും താൽക്കാലിക ജീവനക്കാരുടെയും പരിശീലകരുടെയും വേതനം കുടിശ്ശികയാണ്. കേന്ദ്രഭരണ പ്രദേശങ്ങൾ അടക്കമുള്ള 18 സംസ്ഥാനങ്ങൾ പാമ്പു കടിയേൽക്കുന്നത് സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2022ൽ ഇത് നടപ്പാക്കാൻ ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടും നടപ്പാക്കിയിട്ടില്ല. പാമ്പു കടിയേറ്റ് മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ത്രിശങ്കുവിലാണ്. കേരള സാഹിത്യ അക്കാദമി സാമ്പത്തിക ഞെരുക്കം മൂലം രാജ്യാന്തര സാഹിത്യോൽസവം തന്നെ റദ്ദാക്കിക്കഴിഞ്ഞു.
മുന്നാക്ക സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാനുള്ള തുക 12 കോടി രൂപയായിരുന്നത് സർക്കാർ പകുതിയാക്കിയിട്ടുണ്ട്. പുതിയ വൈറസ് ഭീഷണി നേരിടാൻ എല്ലാം സജ്ജമെന്നു പറയുന്ന സർക്കാരിന്റെ സ്ഥാപനമായ കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്നു കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക 680 കോടി രൂപയാണ്. ഇത്രയും പോരേ, ആടുജീവിതങ്ങളുടെ പട്ടിക?
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1