പത്മവ്യൂഹത്തിലകപ്പെട്ട കോൺഗ്രസ്

JANUARY 9, 2025, 12:08 AM

കപ്പിൽ മുത്തമിടാൻ കോൺഗ്രസ് കാത്തിരിക്കുമ്പോൾ, കാലം തെറ്റിവരുന്ന ഓരോ കാരണങ്ങൾ സംസ്ഥാന കോൺഗ്രസിനെ വല്ലാതെ വലയ്ക്കുകയാണ് ഇപ്പോൾ. വളരെ സുഖകരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാൻ കളമൊരുക്കി വരുമ്പോഴാണ് അവിചാരിതം എന്ന് തോന്നും വിധം പുതിയ വെല്ലുവിളികൾ കടന്നുവരുന്നത്. അത് പി.വി. അൻവറിന്റെ രൂപത്തിലും വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുടെ രൂപത്തിലും ഒരു വശത്ത്.
മറുവശത്ത് ജോസ് കെ. മാണിയുടെ യു.ഡി.എഫ് പ്രവേശന മോഹങ്ങളുടെ ചരടുവലികൾ, അതിനപ്പുറം ജമാഅത്ത് ഇസ്‌ലാമിയുമായുള്ള അടുപ്പത്തിനും അകൽച്ചയ്ക്കും എത്ര ദൂരം വയ്ക്കാമെന്ന ചോദ്യം. സർവോപരി സമുദായ നേതാക്കൾക്ക് രമേശ് ചെന്നിത്തലയോട് പെട്ടെന്നുണ്ടായ ഇഷ്ടക്കൂടുതലും സ്വീകാര്യതയും.

2024ലെ കേരള വനം (ഭേദഗതി) ബില്ലിനെ എതിർത്ത നിലമ്പൂരിലെ സ്വതന്ത്ര നിയമസഭാംഗമായ പി.വി. അൻവറിന്റെ നാടകീയമായ അറസ്റ്റിനും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയതിനും പിന്നാലെ അദ്ദേഹം യു.ഡി.എഫ്  പ്രവേശത്തിന് വഴിയൊരുങ്ങുകയാണെന്ന ചർച്ച ചൂടുപിടിച്ചു. ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അൻവർ സ്വീകരിച്ച യു.ഡി.എഫ് വിരുദ്ധ നിലപാട് നിലനിൽക്കെയാണ് അൻവറിന് പ്രതിപക്ഷം രാഷ്ട്രീയ താമസസൗകര്യം നൽകുന്നതായി ആക്ഷേപമുയർന്നത്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ)യുമായി യു.ഡി.എഫ് പൊതുധാരണ കണ്ടെത്തിയതായി പ്രതീതി പടർന്നു.

വനഭൂമിയിൽ താമസിക്കുന്ന കർഷകർ, വന്യജീവി ആക്രമണങ്ങളിൽ നിന്നും സുരക്ഷിതരല്ല എന്ന കാരണത്താൽ സമരം ചെയ്തവർ ഫോറസ്റ്റ് ഓഫീസ് തകർത്തത് അൻവറിന്റെ പ്രേരണയാലാണ് എന്നതാണ് അറസ്റ്റിന് കാരണമായത്. അൻവറിനെ അറസ്റ്റു ചെയ്ത നടപടി ചോദ്യം ചെയ്ത പ്രതിപക്ഷ നടപടി യു.ഡി.എഫിലേയ്ക്കുള്ള ക്ഷണമായി വ്യാഖ്യാനിക്കപ്പെട്ടു. അതിനിടെ, യു.ഡി.എഫിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് പി.വി. അൻവർ പാണക്കാട് തങ്ങളെ കണ്ടു. അൻവറിനെ ഒപ്പം നിർത്തുന്ന കാര്യം യു.ഡി.എഫിൽ ചർച്ച ചെയ്യുമെന്ന് തങ്ങളും അറിയിച്ചു.

vachakam
vachakam
vachakam

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സഖ്യമുണ്ടാക്കാനുള്ള അൻവറിന്റെ സന്നദ്ധത യു.ഡി.എഫ് പരിഗണിക്കുമെന്ന് സൂചന നൽകി. എന്നാൽ, വാതിൽ പൂർണമായി തുറന്നിടുന്നു എന്ന് കരുതാറായുമില്ല. പ്രതിപക്ഷത്തെ ആക്രമിക്കാൻ അൻവർ 'സർക്കാരിന്റെ പൂച്ച' ആയി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് ക്യാമ്പിൽ മുറുമുറുപ്പ് തുടങ്ങി. എന്നാൽ രാഷ്ട്രീയത്തിൽ വ്യക്തിപരമായ ഇഷ്ടങ്ങൾക്കോ അനിഷ്ടങ്ങൾക്കോ യാതൊരു പ്രസക്തിയുമില്ല എന്ന നിലപാട് പ്രതിപക്ഷ നേതാവ് സ്വീകരിച്ചതോടെ ആശയക്കുഴപ്പം പെരുത്തു. അൻവറിനു വേണ്ടി കൊടി പിടിക്കാൻ കിട്ടില്ലെന്ന യു.ഡി.എഫ് യുവജന സംഘടനളുടെ നിലപാടും തലവേദനയായി.

അൻവർ തന്റെ കോൺഗ്രസ് വേരുകൾ തിരിച്ചറിഞ്ഞ് പൂർണമായ തെറ്റുതിരുത്തൽ നടത്തണമെന്നാണ് കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി അഭിപ്രായപ്പെട്ടത്. അൻവർ തന്റെ രാഷ്ട്രീയ വഴിത്തിരിവ് പരസ്യമായി വ്യക്തമാക്കണമെന്ന് വി.ടി. ബലറാമും, മാത്യു കുഴൽനാടൻ എം.എൽ.എയും പറഞ്ഞു. അൻവർ പ്രതിപക്ഷ സഖ്യത്തെ ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ വെളിപ്പെടുത്തി.

എന്നാൽ, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നില ശക്തിപ്പെടുത്താൻ ഏതു ചെകുത്താനുമായി കൂടുന്നതിലും തെറ്റില്ലെന്ന് കരുതുന്ന യു.സി.എഫ് നേതാക്കളുമുണ്ട്.
പിണറായി വിജയൻ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ വിശ്രമിക്കില്ലെന്ന അൻവറിന്റെ പ്രഖ്യാപനം അവർക്ക് പ്രത്യാശ പകരുകയും ചെയ്തു.

vachakam
vachakam
vachakam

വിജയന്റെ മരണം

അതിനിടെ, വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമായി. കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കുടുംബത്തിന്റെ നാഥനായ വിജയനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണമുയർന്നു. ജില്ലാ നേതാക്കളായ ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും സ്ഥാനങ്ങൾ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം രംഗത്ത് വന്നു. സംഭവത്തിൽ പോലീസിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്. വിജയന്റെ മൊബൈൽ ഫോണും കത്തും ഫോറൻസിക് പരിശോധനയ്ക്ക് നൽകി കത്തിലെ കയ്യക്ഷരം സ്ഥിരീകരിക്കാൻ വിജയൻ മുൻപേ എഴുതിയ രേഖകൾ പോലീസ് ശേഖരിച്ചു.

സംസ്ഥാന കോൺഗ്രസ് നേതൃത്വം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. ഇതിനിടെ, വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കെ.പി.സി.സി സംഘം വയനാട്ടിൽ എത്തി കുടംബത്തെ സമാധാനിപ്പിച്ചു. എൻ.എം. വിജയന് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് മകൻ വിജിലൻസിന് മൊഴി നൽകിയിരിക്കുന്നത്. കുടുംബ പ്രശ്‌നങ്ങളല്ല, സാമ്പത്തിക പ്രശ്‌നങ്ങൾ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും അച്ഛന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകൻ വിജിലൻസിനോട് പറഞ്ഞു.

vachakam
vachakam
vachakam

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മകൻ വിജിലൻസിന് മൊഴി നൽകിയത്. എൻ.എം. വിജയന്റെ ആത്മഹത്യയ്ക്ക് കാരണം കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി നടത്തിയ സാമ്പത്തിക ഇടപാടുകളെന്ന കുടുംബത്തിന്റെ ആരോപണം തള്ളാൻ കോൺഗ്രസ് നേതൃത്വം പാടുപെട്ടു. ഇടപാടുകൾ സംബന്ധിച്ച് കെ.പി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മുന്നറിവുണ്ടായിരുന്നു എന്ന ആക്ഷേപത്തെ ഇരു നേതാക്കളും നേരിട്ടത് തീർത്തും വിശ്വസനീയമായ രീതിയിലായിരുന്നില്ല.

മരിച്ച വിജയനെ തള്ളിപ്പറയുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പാർട്ടി അണികളോടും രാഷ്ട്രീയ എതിരാളികളോടും മാത്രമല്ല പൊതുജനങ്ങളോടും സമാധാനം പറയേണ്ടി വന്നു കോൺഗ്രസ് നേതൃത്വത്തിന്. സംരക്ഷണം നൽകുമെന്ന തിരുവഞ്ചൂരിന്റെ ഉറപ്പിൽ കടുംബം തൽക്കാലം പ്രതീക്ഷ വയ്ക്കുന്നു.

അതോടെ വിഷയം കെട്ടടങ്ങിയെന്ന പ്രതീക്ഷ കൈവന്നെങ്കിലും സി.പി.എം അത് രാഷ്ട്രീയായുധമാക്കുക തന്നെ ചെയ്യും. വിജിലൻസ് കേസുമായി സർക്കാർ മുന്നോട്ടു പോയാലും അത് യു.ഡി.എഫിനെ ബാധിക്കില്ലെന്നാണ്  നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ, വയനാട്ടിലെ സഹകരണ സ്ഥാപനങ്ങളിലെ കോഴ നിയമന വിവാദങ്ങൾ തീരാ തലവേദനയാണ് മുഖ്യകക്ഷിയായ കോൺഗ്രസിന്.

 മതേതര വാദങ്ങൾ

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിൽ കോൺഗ്രസിൽ കല്ലുകടി ശക്തമായി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഒരുഭാഗത്തും യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സനും കെ. മുരളീധരനും മറുഭാഗത്തുമായാണ് വാദപ്രതിവാദങ്ങളുയർത്തിയത്. എന്നാൽ പ്രതിപക്ഷ നേതാവും ബന്ധത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ചില നേതാക്കൾ ബന്ധം തളളാനും കൊള്ളാനുമാകാതെ മൗനം പാലിച്ച് നിലകൊള്ളുകയാണ് ചെയ്തത്. മുസ്ലിംലീഗ് ഒരുക്കിയ കെണിയിൽ കോൺഗ്രസ് വീഴുകയായിരുന്നുവെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിലയിരുത്തൽ. വടക്കൻജില്ലകളിൽ പലയിടത്തും കോൺഗ്രസിനെ ഒതുക്കും വിധമാണ് ലീഗ് - വെൽഫെയർ കൂട്ടുകെട്ട്.

മുന്നണിക്ക് പുറത്തുളള ഒരു കക്ഷിയുമായി ബന്ധമില്ലെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും പറഞ്ഞത്. കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയും ബന്ധത്തെ എതിർത്തു. എന്നാൽ, യു.ഡി.എഫ് കൺവീനറായി ചുമതലലേയേറ്റ എം.എം. ഹസ്സൻ ജമാഅത്ത് അമീറുമായി ചർച്ച നടത്തി. അതിനുമുമ്പ് അദ്ദേഹം പാണക്കാട് എത്തി ലീഗ് നേതാക്കളെ കണ്ടിരുന്നു. ലീഗിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ഹസ്സൻ ജമാഅത്ത് അമീറിനെ കണ്ടതെന്നും ആരോപണമുണ്ടായി. ഹസ്സന്റെ സന്ദർശനത്തിനുശേഷമാണ് വെൽഫെയർപാർടിയുമായുള്ള ബന്ധത്തിന് കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചത്.

വെൽഫെയർ പാർടിയുമായി ബന്ധം സ്ഥാപിക്കാൻ ലീഗ് ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. ശക്തികേന്ദ്രങ്ങളിൽ പാർടി ക്ഷയിക്കുന്നതിൽനിന്ന് രക്ഷ തേടാനായിരുന്നു ഇത്. എന്നാൽ, തുടക്കത്തിൽ കോൺഗ്രസ് ഇതിനെ പ്രതിരോധിച്ചു. എന്നാൽ, ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം പാടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു. ഇതോടെ മുല്ലപ്പള്ളി വീണ്ടും രംഗത്ത് വന്നു. എന്നാൽ, മുല്ലപ്പള്ളിയെ തിരുത്തിയ ഹസ്സനും, കെ. മുരളീധരനും, എ.ഐ.സി.സി നേതൃത്വത്തെക്കൂടിയാണ് വെല്ലുവിളിച്ചത്.

മുസ്ലിംലീഗിന് കാര്യമായ സ്വാധീനമുള്ള ഭാഗങ്ങളിൽമാത്രമാണ് വെൽഫെയറിനും സ്വാധീനമുള്ളത്. കോൺഗ്രസിന് കിട്ടേണ്ട പല സീറ്റുകളും ലീഗ് വെൽഫെയറിന് കൈമാറിയത് മലബാർ മേഖലയിൽ കോൺഗ്രസിന് തിരിച്ചടിയായി. തെക്കൻ കേരളത്തിൽ വെൽഫയർബന്ധം വിശദീകരിക്കാനാകാതെ വെട്ടിലായിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.

പ്രജിത് രാജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam