കടന്നു പോയ വർഷം കുറെ അനുഭവങ്ങളും വരുംവർഷം ചില പ്രതീക്ഷകളും നമുക്കു നൽകുന്നു. മാറുന്ന കാലത്തിന്റെ ഘടികാര സൂചി പിന്നെയും തിരിയും. 2024ലെ നഷ്ടങ്ങളും നേട്ടങ്ങളും വർഷാന്ത്യത്തിൽ വിശദമായി വിശകലനം ചെയ്യപ്പെട്ടു. ആഗോള തലത്തിലും ദേശീയ തലത്തിലും പ്രാദേശിക തലത്തിലുമൊക്കെ നടന്ന പ്രധാന സംഭവങ്ങൾ ഒരിക്കൽക്കൂടി അനുസ്മരിക്കപ്പെട്ടു. വയനാട് ദുരന്തവും ഗാസയിലെ സംഘർഷവും ഉക്രെയിനിലെ യുദ്ധവുമൊക്കെ വിശകലനം ചെയ്യുന്നവർ തങ്ങളുടെ ചുറ്റും നടന്ന കാര്യങ്ങൾ പലപ്പോഴും വിസ്മരിക്കുന്നു.
പുതിയ പ്രതീക്ഷകളും വാഗ്ദാനങ്ങളും തീരുമാനങ്ങളുമായി നാം 2025ലേക്കു കടന്നുകഴിഞ്ഞു. പുതുവർഷാഘോഷത്തിന്റെ ആഗോള ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ നാം നേരിട്ടു കണ്ടു. കേരളത്തിലും പ്രധാന നഗരങ്ങളിലെല്ലാം പാതിരായ്ക്ക് ആളുകൾ ഒത്തുകൂടി പുതുവത്സരാഘോഷം നടത്തി. ആഘോഷപരിപാടികളെല്ലാം പൊതുവേ സമാധാനപരമായി കടന്നുപോയെങ്കിലും ദാരുണമായ ചില സംഭവങ്ങളും ഉണ്ടായി. തൃശൂർ തേക്കിൻകാട് മൈതാനത്തിന്റെ പടിഞ്ഞാറെ നടയ്ക്കു സമീപം പതിനാലു വയസുള്ള ഒരു കൗമാരക്കാരൻ മുപ്പതു വയസുള്ള യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊച്ചിയിൽ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങിയ രണ്ടു ചെറുപ്പക്കാർ ബൈക്കപകടത്തിൽ മരിച്ചു. കൗമാരക്കാരും യുവാക്കളും ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ പെരുകുന്നതു സമൂഹത്തിലെ മൂല്യച്യുതിയുടെ പ്രകടമായ ലക്ഷണം തന്നെ.
മറക്കാനും പൊറുക്കാനുമുള്ള ആഹ്വാനങ്ങളും തീരുമാനങ്ങളും വർഷാന്ത്യത്തിലും നാം കേട്ടു. അതു പ്രായോഗികമാക്കേണ്ട സമയം വരുകയാണ്. മണിപ്പൂരിലെ വംശീയ കലാപത്തിന്റെ പേരിൽ ഏറെ ആരോപണങ്ങൾ നേരിട്ട മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ ക്ഷമാപണമാണ് ഏറെ ശ്രദ്ധേയമായത്. വാക്കുകളിൽ മാത്രം ഒതുങ്ങുന്ന പ്രഖ്യാപനങ്ങളും ക്ഷമാപണവും രാഷ്ട്രീയക്കാരുടെ പതിവുശൈലിയായി മാറിയിരിക്കുന്ന കാലത്ത് പ്രായോഗിക പരിഹാരങ്ങൾ മാത്രമേ ജനം കണക്കിലെടുക്കൂ.
പുതുവർഷത്തോടനുബന്ധിച്ചു ദേശീയ തലത്തിലും സംസ്ഥാനത്തും പല പുതിയ പദ്ധതികളും തുടങ്ങുന്നുണ്ട്. കേരളത്തിൽ പുതുവർഷദിനത്തിൽ ആരംഭിച്ച വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ വാരം പുതിയൊരു മാറ്റത്തിന്റെ തുടക്കമെന്നാണ് സർക്കാർ വിശേഷിപ്പിക്കുന്നത്. 'നാടു സുന്ദരമാക്കാൻ കൂടെ നിൽക്കാം, മാലിന്യം വലിച്ചെറിയാതിരിക്കാം' എ്ന്ന സന്ദേശമാണ് ഇതിലൂടെ പ്രചരിപ്പിക്കുന്നത്. മാലിന്യം വഴിയിലും അയൽക്കാരന്റെ പറമ്പിലും നിക്ഷേപിക്കുന്നൊരു രീതി മലയാളിക്കുണ്ട്. വികസിത സമൂഹം ഇത് ഒരുതരത്തിലും സഹിക്കില്ല. ലോകം കണ്ടിട്ടുള്ള മലയാളി അത്തരം നല്ല മാതൃകകൾ നമ്മുടെ നാട്ടിൽ എത്തുമ്പോൾ മറക്കുന്നു.
പരിസരം മാത്രമല്ല മനുഷ്യമനസുകളും ശുചിയാക്കപ്പെടണം. അതിനുള്ള അവസരം കൂടിയാകണം പുതുവർഷാരംഭം. വ്യക്തിപരമായ തീരുമാനങ്ങൾപോലും സമൂഹജീവിതത്തെ സ്വാധീനിക്കും. അതിൽ പ്രധാനമാണ് ലഹരിക്കെതിരേയുളള പ്രവർത്തനം. പല കുറ്റകൃത്യങ്ങളുടെയും പിന്നാമ്പുറങ്ങളിൽ ലഹരിയുടെ ഗന്ധം ഉണ്ട്. ഈ പുതുവത്സരാഘോഷത്തിലും അതിന്റെ ചില പ്രത്യാഘാതങ്ങൾ നാം കണ്ടു.
അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ നിഷ്പക്ഷവും നീതിപൂർവുമായ തീരുമാനങ്ങളും ഇടപെടലുകളും വളരെ പ്രധാനമാണ്. നിർഭാഗ്യകരമെന്നു പറയട്ടെ അധികാര ദുർവിനിയോഗത്തിന്റെ അഭിശപ്ത വാർത്തകളാണ് നാം ഏറെയും കേൾക്കുന്നത്. ജനങ്ങളുടെ ക്ഷേമവും സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കാൻ ഉത്തരവാദിത്വമുള്ളവരിൽനിന്നു കൂടുതൽ ഉദാരവും ക്രിയാത്മകവുമായ നടപടികളാണ് പുതുവർഷം ആവശ്യപ്പെടുന്നത്.
രാജ്യത്തെ പ്രധാനമന്ത്രിയെന്ന നിലയിൽ പത്തു വർഷക്കാലവും അതിനു മുമ്പ് വ്യത്യസ്ത പദവികളിലും നിസ്തുല സംഭാവകൾ നൽകിയ ഡോ. മൻമോഹൻസിംഗ്, മലയാള സാഹിത്യത്തെയും സിനിമയെയും ലോകോത്തര നിലവാരത്തിലേക്കുയർത്തിയ എം.ടി. വാസുദേവൻ നായർ, ഇന്ത്യൻ സിനിമയിൽ പുതിയൊരു പാത തുറന്ന സംവിധായകൻ ശ്യാം ബെനഗൽ, തബലയിൽ മാന്ത്രിക സംഗീതം വിരിയിച്ച സക്കീർ ഹുസൈൻ എന്നിവർ കഴിഞ്ഞ ഡിസംബറിലാണു നമ്മെ വിട്ടു പിരിഞ്ഞത്.
പ്രഗത്ഭരും പ്രസിദ്ധരും വിട പറയുമ്പോഴുള്ള ശൂന്യത കൂടുതൽ ശ്രദ്ധിക്കപ്പെടുമെങ്കിലും എല്ലാ വിയോഗങ്ങളും ആരെയെങ്കിലുമൊക്കെ ബാധിക്കാം. അവയും ചെറുതായി കാണാനാവില്ല. സെക്യൂരിറ്റി ജോലി കഴിഞ്ഞു വൃദ്ധരായ മാതാപിതാക്കളുള്ള വീട്ടിലേക്കു മടങ്ങും വഴി കാട്ടാന ചവിട്ടിക്കൊന്ന കോതമംഗലം കോടിയാട്ട് എൽദോ വർഗീസും നിക്ഷേപത്തുക തിരികെ ലഭിക്കാഞ്ഞതിനെത്തുടർന്ന് ജീവനൊടുക്കിയ കട്ടപ്പനയിലെ സാബുവുമൊക്കെ ആ കുടുംബങ്ങളുടെ തീരാവേദനയാണ്. അതും ഡിസംബറിന്റെ നഷ്ടം തന്നെ.
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ജോയി എന്ന ശുചീകരണ തൊഴിലാളി മുങ്ങിമരിക്കാനിടായായ സംഭവം നടന്നത് കഴിഞ്ഞ ജൂലൈ 13നായിരുന്നു. ശുചിത്വകേരളത്തിന്റെ പൊയ്മുഖം അതു തുറന്നു കാട്ടി. അതേ മാസം തന്നെയാണ് കോഴിക്കോട്ട് ഒരു ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികൾ മരിച്ചതും. ഐടി, കോർപറേറ്റ് ലോകത്തെ ജോലി സംഘർഷത്തിന്റെ ബലിയാടായ അന്ന സെബാസ്റ്റിയൻ 2024ന്റെ മറ്റൊരു ദുഖസ്മരണയായി. ആലപ്പുഴയിൽ ആറു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കാറപകടം അതിദാരുണമായി. നാല്പതിനായിരത്തിലേറെ വാഹനാപകടങ്ങളാണ് കേരളത്തിൽ 2024ൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. മൂവായിരത്തിലേറെപ്പേർ മരിച്ചു. വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ വർഷം കേരളത്തിൽ നിരവധി ജീവൻ നഷ്ടപ്പെട്ടു. കുവൈറ്റിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ അമ്പതോളം പേർ മരിച്ച സംഭവവും 2024ലെ മറ്റൊരു കറുത്ത അധ്യായമായിരുന്നു.
കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദക്കൊടുങ്കാറ്റ് ഈ വർഷവും ആഞ്ഞടിക്കും. മുനമ്പത്ത് പണം കൊടുത്തും കരം അടച്ചും സ്വന്തമാക്കിയ വസ്തുവിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി അവിടുത്തെ അറുനൂറോളം കുടുംബങ്ങൾ നടത്തുന്ന പോരാട്ടം ഈ വർഷവും തുടരുകയാണ്.
വയനാട്ടിലെ മുണ്ടകൈചൂരൽമല
പ്രദേശത്തുണ്ടായ വൻ ഉരുൾ പൊട്ടലാണ് 2024ൽ കേരളത്തെ ഗ്രസിച്ച ഏറ്റവും വലിയ
ദുരന്തം. നാനൂറോളം പേർ മരിക്കുകയും നൂറിലേറെപ്പേരെ കാണാതാവുകയും ചെയ്തു.
2018ലെ മഹാപ്രളയത്തിനുശേഷം സംസ്ഥാനം നേരിട്ട വലിയ ദുരന്തമായി ഇത്. 2025
ഇവരുടെ പുനരധിവാസത്തിന്റെ പ്രശ്‌നസങ്കീർണമായ കാലമാകുമെന്ന ഭയമാണ്
പുതുവത്സരനാളുകളിൽ കേരളം അഭിമുഖീകരിക്കുന്നത്. വീടും സ്ഥലവും എല്ലാം
പൂർണമായി നഷ്ടപ്പെട്ടവരെപ്പോലും ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ല.
യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവാസവും പുനർനിർമാണവും നടക്കേണ്ട മേഖലയിൽ
ഇപ്പോഴും തർക്കവിതർക്കങ്ങളാണ്.
ഗിന്നസ് റിക്കാർഡ് തിരുത്താൻ നടത്തിയ വൻ
നൃത്ത പരിപാടിക്കെത്തിയ ഉമ തോമസ് എം.എൽ.എ എറണാകുളം കലൂർ സ്റ്റേഡിയത്തിലെ
സ്റ്റേജിൽനിന്നു താഴെ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവം കെടുകാര്യസ്ഥതയുടെ
മകുടോദാഹരണമായി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അതു സാക്ഷ്യപ്പെടുത്തുന്നു.
സർക്കാർ സംവിധാനങ്ങളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയുമൊക്കെ ഗുരുതരമായ
കൃത്യവിലോപം ഇവിടെയുണ്ടായി. അതൊക്കെ നിസാരവത്കരിക്കുന്ന രീതിയിലാണ്
പലരുടെയും പ്രതികരണങ്ങൾ.
എല്ലാവരും വികസനത്തിന്റെ വായ്ത്താരികൾ മുഴക്കുമ്പോൾ പല കാര്യങ്ങളിലും നാം പ്രാകൃതരാണെന്ന കാര്യം വ്യക്തമാവുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളും കൊടും കുറ്റകൃത്യങ്ങളും വ്യക്തിഹത്യകളും വൻ തട്ടിപ്പുകളും അരങ്ങേറുന്ന സമൂഹത്തിൽ എങ്ങിനെയാണ് നന്മ വളരുക? വിവാദങ്ങളുയർത്തി വസ്തുതകൾക്കു മൂടാപ്പു ചമയക്കുന്നവർക്കു യാഥാർഥ്യങ്ങളെ തത്കാലത്തേക്കു മറച്ചുവയ്ക്കാനായേക്കും. പക്ഷേ സത്യത്തിന്റെ സൂര്യവെളിച്ചം എല്ലാ തമസിനെയും കീറിമുറിച്ചെത്തും.
ഭരണകൂടങ്ങളും സർക്കാർ സംവിധാനങ്ങളും വൻ പദ്ധതി നടത്തിപ്പുകാരുമൊക്കെ പാവപ്പെട്ടവരെ സഹായിക്കാനും അവർക്കു കൈത്താങ്ങാകാനും കണക്കുപറയുകയും തർക്കിച്ചു സമയം പാഴാക്കുകയും ചെയ്യുമ്പോൾ ചില ചെറിയ മനുഷ്യർ ചെയ്യുന്ന വലിയ കാര്യങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. അതു ഭക്ഷണപ്പൊതി മുതൽ ഭവനം വരെ ഉണ്ട്. പലരും ചെയ്യുന്നതു പുറം ലോകം അറിയുന്നില്ലെന്നു മാത്രം. കാരണം അവർ അതി്‌ന്റെ പേരിൽ രാഷ്ട്രീയം കളിക്കാനോ സ്ഥാനാർത്ഥിയാകാനോ ആഗ്രഹിക്കുന്നല്ലെന്നതുതന്നെ.
വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും വീടും സ്ഥലവും ഒലിച്ചുപോയവരെ പുനരധിവസിപ്പിക്കുന്നതിന് ഇപ്പോഴും അലംഭാവം കാട്ടുന്നവർ പുതുവത്സരദിനത്തിലും അതിനടുത്ത ദിവസവും ഉദ്ഘാടനം ചെയ്യപ്പെട്ട രണ്ടു പദ്ധതികൾ കാണട്ടെ. പി.യു. തോമസിന്റെ നേതൃത്വത്തിലുള്ള ആർപ്പൂക്കര നവജീവൻ ട്രസ്റ്റിന്റെ സാന്ത്വന പരിപാലന കേന്ദ്രവും സാമൂഹിക പ്രവർത്തക ഡോ. എം.എസ് സുനിൽ പത്തനംതിട്ട പഴയരിക്കണ്ടത്തു നിർമിച്ചു നൽകിയ 337-ാമത്തെ ഭവനവും.
നവജീവൻ പി.യു. തോമസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ
സമാനതകളില്ലാത്തതാണ്. അര നൂറ്റാണ്ടിലേറെയായി എത്രയോ പേർക്കാണ് തോമസ്
ചേട്ടന്റെ ആശ്വാസഹസ്തം ലഭിച്ചത്. തെരുവിൽ അലഞ്ഞു നടന്നവരും അനാഥരും
മനോരോഗികളും മാറാവ്യാധിയുള്ളവരുമായ നാലായിരത്തോളം പേർക്കാണ് തോമസ്
ചേട്ടന്റെ നവജീവൻ അഭയം നൽകിയത്.
വ്യക്തികളുടെ നല്ല മനസിനെ സർക്കാരിനും
നന്നായി ഉപയോഗിക്കാനായാൽ എത്രയോ വലിയ കാര്യങ്ങൾ നിഷ്പ്രയാസം ചെയ്യാനാവും.
ജീവകാരുണ്യരംഗത്തും പുനരധിവാസത്തിലുമെല്ലാം വിശ്വാസ്യത ഒരു പ്രധാന
ഘടകംതന്നെ. എല്ലാ പ്രതിസന്ധികൾക്കിടയിലും ചില വ്യക്തികളും കൂട്ടായ്മകളും
കൊളുത്തുന്ന മൺചിരാതുകളിൽനിന്നുയരുന്ന പ്രകാശരേണുക്കളാണ് സമൂഹത്തിനു
വഴികാട്ടികളാകുന്നത്.
സെർജി ആന്റണി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1