കനേഡിയന്‍ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ പകരക്കാര്‍ ആരെന്ന ചോദ്യമാണ് ഉയരുന്നത്. കാനഡയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ ഈയവസരം കാര്യമായി ഉപയോഗിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ട്രൂഡോ എത്രമാത്രം തളര്‍ന്നുവോ അത്രമാത്രം മുന്നോട്ട് കുതിക്കാനാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശ്രമിക്കുന്നത്. കാനഡയിലെ ഈ ചേരിപ്പോരില്‍ ചര്‍ച്ചയാകുന്ന പേരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നേതാവായ പിയറി പൊയിലിവ്രെയുടേത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഓര്‍മ്മിപ്പിക്കും വിധത്തിലാണ് പിയറിയുടെ രാഷ്ട്രീയ മുന്നേറ്റം.
പിയറി പൊയിലിവ്രെ
കാനഡയിലെ കാലിഗറിയിലാണ് പിയറി പൊയിലിവ്രെ ജനിച്ചുവളര്‍ന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ പിയറിയ്ക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം എഴുതിയ ഒരു ഉപന്യാസത്തിന് സമ്മാനം ലഭിക്കുകയും ചെയ്തു. കാനഡയുടെ പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചാല്‍ രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചായിരുന്നു പിയറി ആ ഉപന്യാസത്തില്‍ എഴുതിയിരുന്നത്.
കാനഡയ്ക്ക് ആയിരിക്കും താന്‍ എപ്പോഴും പ്രാധാന്യം കൊടുക്കുകയെന്ന് പിയറി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ 'ആദ്യം അമേരിക്ക' എന്ന മുദ്രാവാക്യത്തെ അനുസ്മരിപ്പിക്കുന്ന വാക്കുകളാണ് പിയറിയും ഉപയോഗിക്കുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ട്രൂഡോയെ പരാജയപ്പെടുത്താന്‍ കഴിവുള്ള നേതാവാണ് പിയറി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാനഡയുടെ സാമ്പത്തിക-രാഷ്ട്രീയ വികസനത്തിന് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറയുന്നു.
ജസ്റ്റിന്‍ ട്രൂഡോയെ ദുര്‍ബലന്‍ എന്നും മാനസികരോഗിയെന്നുമാണ് പിയറി വിശേഷിപ്പിച്ചത്. കൂടാതെ മോണ്‍ട്രിയല്‍ മേയറായ വലേറി പ്ലാന്റയെ കഴിവില്ലാത്തവളെന്നും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ജഗ്മീത് സിംഗിനെ സ്വന്തം നേട്ടത്തിനായി തത്വങ്ങളെ വഞ്ചിച്ചവന്‍ എന്നുമാണ് പിയറി വിശേഷിപ്പിക്കുന്നത്.
ട്രംപിനെ പോലെ ഹ്രസ്വശൈലികള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കാനും പിയറി ശ്രമിക്കുന്നു. ഉദാഹരണത്തിന് രാജ്യത്തിന്റെ പണപ്പെരുപ്പത്തിന് കാരണം ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണമാണെന്ന് വിമര്‍ശിക്കുക ചെയ്തിരുന്നു പിയറി. കൂടാതെ ട്രംപിനെ പോലെ മാധ്യമങ്ങളുടെയും ഉന്നതവര്‍ഗത്തിന്റെയും മോശം പെരുമാറ്റത്തിന്റെ ഇരയാണ് താനെന്ന് ചിത്രീകരിക്കാനും പിയറി ശ്രമിക്കുന്നുണ്ട്. ട്രംപിനെ പോലെ പിയറിയ്ക്കും സ്ത്രീകള്‍ക്കിടയില്‍ ജനപ്രീതി കുറവാണ്. എന്നാല്‍ 2022ല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റാലികളില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ പിയറിയ്ക്ക് സാധിച്ചു. ഇദ്ദേഹത്തിന്റെ റാലികളില്‍ വന്‍ ജനപങ്കാളിത്തമുണ്ടാകുകയും ചെയ്തു.
ധ്രൂവീകരിക്കുന്ന സന്ദേശങ്ങള്‍
ജനങ്ങളില്‍ ധ്രൂവീകരണമുണ്ടാക്കുന്ന സന്ദേശങ്ങളാണ് പിയറി പൊയിലിവ്രെ പങ്കുവെയ്ക്കുന്നതെന്ന് ഒട്ടാവ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്സ് പ്രൊഫസറായ ജെനിവീവ് ടെല്ലിയര്‍ എഎഫ്പിയോട് പറഞ്ഞു. ഒരു പിറ്റ് ബുള്ളിന്റെ സവിശേഷതകളടങ്ങിയ വ്യക്തിയാണ് പിയറി എന്നും അദ്ദേഹം പറഞ്ഞു. ലിബറല്‍ നേതാവായ ട്രൂഡോ പ്രധാന എതിരാളിയായ പിയറി പോയിലിവ്രെയേക്കാള്‍ 20 പോയിന്റ് പിന്നിലാണെന്ന് നാനോസ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ഒക്ടോബറിലാണ് കാനഡയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
പൊയിലിവ്രെയ്ക്കും ട്രംപിനും ഇടയില്‍ ധാരാളം സമാനതകളുണ്ടെന്നും ഈ സമാനതകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും യൂണിവേഴ്സിറ്റി ഓഫ് വിന്നിപെഗിലെ പൊളിറ്റിക്സ് പ്രൊഫസറായ ഫെലിക്സ് മാത്യു പറഞ്ഞു. '' ട്രംപിനെ പോലെ പിയറി പൊയിലിവ്രെ യുക്തിചിന്തയെ ആശ്രയിക്കുന്നില്ല. പകരം മുദ്രാവാക്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആശയങ്ങളുടെ പിന്തുണയെക്കാള്‍ ജനകീയ ആവേശം സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്,'' പ്രൊഫസര്‍ ഫെലിക്സ് മാത്യു പറഞ്ഞു.
സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളുടെ ലിങ്കുകള്‍ പിയറി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുമുണ്ട്. കാനഡയിലെ വലതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന പിയറി അമേരിക്കയിലെ യാഥാസ്ഥിതികരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1