നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. അത് മറ്റൊന്നുമല്ല അയല്‍രാജ്യമായ കാനഡ അമേരിക്കയില്‍ ലയിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ച ഉടനെ ട്രംപ് തന്റെ ഓഫര്‍ ആവര്‍ത്തിക്കുകയായിരുന്നു. കാനഡ അമേരിക്കയില്‍ ലയിച്ചാല്‍ ലഭിക്കുന്ന നേട്ടങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ട്രംപ് പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നത് ജനുവരി 20 നാണ്. ഇതിന് മുമ്പ് അദ്ദേഹം നടത്തുന്ന പല പ്രസ്താവനകളും ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇങ്ങനെയൊക്കെ പറയാന്‍ ഒരു രാഷ്ട്ര നേതാവിന് സാധിക്കുമോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്. ഒരുവേള ഇന്ത്യയ്ക്കെതിരെ നികുതി ഭീഷണിയും അദ്ദേഹം മുഴക്കി. യുദ്ധങ്ങളെല്ലാം ഒറ്റയടിക്ക് നിര്‍ത്തുമെന്നും ട്രംപ് പറയുന്നു. എന്താണ് കാനഡ വിഷയത്തില്‍ ട്രംപിന് പറയാനുള്ളതെന്ന് നോക്കാം.
തിങ്കളാഴ്ചയാണ് ട്രൂഡോ കനേഡിയന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. 53 കാരനായ അദ്ദേഹത്തിന്റെ ജനകീയത കുറഞ്ഞുവെന്ന് വിലയിരുത്തിയാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. അടുത്ത പ്രധാനമന്ത്രി ചുമതലയേല്‍ക്കും വരെ പദവിയില്‍ തുടരുമെന്നും ട്രൂഡോ വ്യക്തമാക്കിയിട്ടുണ്ട്. കാനഡയില്‍ ഈ വര്‍ഷമാണ് പൊതുതിരഞ്ഞെടുപ്പ്.
ട്രൂഡോയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രംപ് ലയന ആവശ്യം ഉന്നയിക്കുകയായിരുന്നു. കാനഡ അമേരിക്കയില്‍ ലയിക്കണമെന്നും അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി മാറണമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യം. ഇത് മുമ്പും ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിയുക്ത പ്രസിഡന്റിന്റെ പുതിയ ആവശ്യം പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
78കാരനായ ട്രംപ് 2017-21 കാലത്ത് അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ട്രൂഡോയുമായി നല്ല ബന്ധമായിരുന്നില്ല. പലപ്പോഴും ട്രൂഡോയെ കളിയാക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ ഫ്ളോറിഡയിലെ മാര ലാഗോയില്‍ വച്ച് ട്രംപ് ട്രൂഡോയുമായി ചര്‍ച്ച നടത്തിയപ്പോഴും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ട്രംപ് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി വിഷയം പരസ്യമാക്കിയത്.
കാനഡയിലെ വലിയൊരു ഭാഗം ജനങ്ങള്‍ അമേരിക്കയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ട്രംപ് പറയുന്നത്. കാനഡയുമായുള്ള വ്യാപാര കമ്മി അമേരിക്കക്ക് ഏറെ കാലം സഹിക്കാന്‍ സാധിക്കില്ല. കാനഡയ്ക്ക് ഇളവുകള്‍ ആവശ്യമാണ്. ട്രൂഡോയ്ക്ക് ഇക്കാര്യം അറിയാം. അദ്ദേഹം രാജിവച്ചു. കാനഡ അമേരിക്കയില്‍ ലയിച്ചാല്‍ ഇറക്കുമതി നികുതിയുണ്ടാകില്ല. മറ്റു നികുതികള്‍ കുറയും. ചൈനയുടെയും റഷ്യയുടെയും യുദ്ധക്കപ്പലുകളുടെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും. ഒന്നിച്ചാല്‍ മഹത്തായ രാഷ്ട്രമാകുമെന്നും ട്രംപ് പറയുന്നു.
കാനഡ ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കാനഡയില്‍ നിന്ന് മയക്കുമരുന്നും കുടിയേറ്റക്കാരും അമേരിക്കയില്‍ എത്തുന്നു എന്നാണ് ട്രംപിന്റെ ആരോപണം. ഇത് തടഞ്ഞില്ലെങ്കില്‍ 25 ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. മാത്രമല്ല കാനഡ സംസ്ഥാനത്തിന്റെ ഗവര്‍ണറാണ് ട്രൂഡോ എന്നുവരെ മുമ്പ് ട്രംപ് പരിഹസിച്ചിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1