മുന്നേറാനായി സോണിയാഗാന്ധിയുടെ ഒരു പിൻവാങ്ങൽ

JANUARY 8, 2025, 11:53 PM

1999ൽ സോണിയാ ഗാന്ധിയുടെ പൗരത്വപ്രശ്‌നം കോൺഗ്രസ്സ് പാർട്ടിയെ കുഴപ്പത്തിൽ ചാടിച്ചു. പാർട്ടിയിലെ സീനിയർ നേതാക്കളിൽ നിന്നുതന്നെയാണ് ഈ എതിർപ്പുണ്ടായത് എന്നതാണ് കൗതുകം

ഉമ്മൻചാണ്ടി ഏറെ അസ്വസ്ഥനായ നാളുകളായിരുന്നു തുടർന്നങ്ങോട്ടുള്ള വർഷങ്ങൾ. കാരണം കോൺഗ്രസിന്റെ പോക്ക് ഏങ്ങോട്ടെന്നു മനസ്സിലാകുന്നേയില്ല എന്ന അവസ്ഥയാണിപ്പോൾ. സോണിയാ ഗാന്ധിയുടെ പൗരത്വപ്രശ്‌നം കോൺഗ്രസ്സ് പാർട്ടിയെ കുഴപ്പത്തിൽ ചാടിച്ചിരിക്കുന്നു. പാർട്ടിയിലെ സീനിയർ നേതാക്കളിൽ നിന്നുതന്നെയാണ് ഈ എതിർപ്പുണ്ടായിരിക്കുന്നത്. ശരത് പവാറും സഗ്മയുമൊക്കെയാണ് അതിനുപിന്നിൽ. ഡൽഹിയിലെ അഭിഭാഷകൻ പി.എൻ. ലേഖി 1999 മേയ് 12ന് ഒരു പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ഒരു ഇന്ത്യൻ പൗരനെ നിർവചിക്കുന്ന ഭരണഘടനയുടെ അഞ്ചാം വകുപ്പിൽ പറയുന്ന കാര്യങ്ങൾ സോണിയാ ഗാന്ധിയടെ കാര്യത്തിൽ പാലിക്കപ്പെടുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇതിനെ പൂർണമായ സപ്പോർട്ട്  ചെയ്യുകയായിരുന്നു ശരത് പവാറും കൂട്ടരും. അതോടെ  സോണിയാ പാർട്ടി അധ്യക്ഷസ്ഥാനം രാജിവച്ചു.  എതിർപ്പുകൾ ഉണ്ടായിട്ടും സോണിയായെ തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസ് പ്രവർത്തക സമിതി കിണഞ്ഞു ശ്രമിച്ചു. അവർ ശരത് പവാറിനേയും സഗ്മയേയും പാർട്ടിയിൽ നിന്നും പുറത്താക്കി. ഏതാണ്ട് ഇതിന് സമാനമായ ഒരു സംഭവം 1977ൽ അങ്ങേറുകയുണ്ടായി. ഇന്ദിരാഗാന്ധി കൊണ്ടുവന്ന അടിയന്തരാവസ്ഥയ്ക്ക് യാതൊരു നീതീകരണവും ഇല്ലെന്ന് പറഞ്ഞു കൊണ്ടാണ് ജഗ്ജീവൻ റാമും എച്ച്.എൻ. ബഹുഗുണയും കലാപക്കൊടി അന്നു ഉയർത്തിയത്. 1999 മെയ് 15ന് മറാത്താ രാഷ്ട്രീയത്തിലെ അധികായനായ ശരത് പവാറും ലോക്‌സഭാ സ്പീക്കർ പി.എ. സഗ്മയും താരിഖ് അൻവറും സോണിയായോടുള്ള വിയോജിപ്പ് ശക്തമാക്കി രംഗത്തു വന്നു.

vachakam
vachakam
vachakam


അത് കോൺഗ്രസിൽ വലിയ ഞെട്ടൽ ഉളവാക്കി. കോൺഗ്രസുകാർ സദാ ഭയപ്പെട്ടിരുന്നതും എന്നാൽ സമ്മതിക്കാൻ തയ്യാറാകാതിരുന്നതുമായ ഒരു വസ്തുതയാണ് ഈ മൂവർ സംഘം  തുറന്നടിച്ചത്. 1977 നോടുള്ള താരതമ്യം അവിടംകൊണ്ടും  അവസാനിക്കുന്നില്ല. ഇന്ദിരയുടെ ആരാധകർ ജഗ്ജീവൻ റാമിനെയും മറ്റും ആക്രമിച്ച പോലെ സോണിയയുടെ അനുയായികൾ പവാർ സഗ്മ അൻവർ ത്രയത്തെ നേരിട്ടു. ബി.ജെ.പിയുടെ ട്രോജൻ കുതിരകളാണ് ഇവർ എന്ന് വിമർശിക്കപ്പെട്ടു.

അത് പൂർണ്ണമായും അടിസ്ഥാന രഹിതമായ ഒരു ആരോപണം ആണെന്ന് പറഞ്ഞു കൂടാ. ഒരു വർഷത്തോളമായി 'റോം'രാജിന്റെ ഭീഷണിയെ പറ്റി ബി.ജെ.പിയും സംഘപരിവാറും  ബഹളം വച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മെയ് 15ന് പവാറും കൂട്ടുരും നൽകിയ കത്ത് ഈ പ്രശ്‌നത്തെ കൂടുതൽ തുറന്ന ചർച്ചയ്ക്ക് കാരണമാക്കി. 98 കോടി ജനങ്ങൾ ഉള്ള ഇന്ത്യയെ നയിക്കാൻ ഈ മണ്ണിൽ ജനിച്ചു വളർന്ന ഒരാൾ തന്നെ വേണ്ടിയിരിക്കുന്നു. പവാറിന്റെയും കൂട്ടരുടെയും കത്തിൽ പറയുന്നു. സോണിയ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി ഉയർത്തിപ്പിടിച്ച അവസരത്തിലാണ് പാർട്ടിയെ അമ്പരപ്പിച്ച് പവാറും കൂട്ടരും കളത്തിലിറങ്ങിയത്.

vachakam
vachakam
vachakam

അടക്കിപ്പിടിച്ച സ്വരത്തിൽ ബി.ജെ.പി നടത്തിവന്ന പ്രചാരണമാണ് ഇവിടെ ഉച്ചത്തിൽ ഉന്നയിക്കപ്പെടുന്നത്. പാർട്ടിയുടെ അനിഷേധ്യ നേതാവ് എന്ന് കരുതിയിരുന്ന സോണിയ പാർട്ടിക്ക് ഒരു ബാധ്യതയായിരിക്കുന്നു എന്നാണ് പ്രവർത്തകസമിതിയിൽ പവാറും മറ്റും സോണിയയോട് വ്യക്തമാക്കിയത്.'താങ്കൾക്ക് രണ്ട് പാസ്‌പോർട്ടോ, രണ്ടു പൗരത്വമോ ഉണ്ടെങ്കിൽ... മാഡം, കാര്യങ്ങൾ ഒന്നും അറിയാതെ എങ്ങനെയാണ് ഞങ്ങൾ മാഡത്തെ ന്യായീകരിക്കുക?' സഗ്മ സോണിയോട് ചോദിച്ചു. രാജേഷ് പൈലറ്റ് നയതന്ത്രജ്ഞതയോടെ ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. നേതൃത്വ പ്രശ്‌നം തെരഞ്ഞെടുപ്പിന് ശേഷം പുതിയ എംപിമാർ തീരുമാനിക്കട്ടെ എന്നതായിരുന്നു അത്. രാഷ്ട്രീയത്തിന്റെ ഇത്തരം പരുക്കൻ മുഖങ്ങൾ പരിചയപ്പെട്ടിട്ടില്ലാത്തതിനാൽ സോണിയയ്ക്കിത് അമ്പരപ്പിക്കുന്ന അനുഭവമായിരുന്നു.

ദുഷ്ടലാക്കോടെയുള്ള ബി.ജെ.പിയുടെ പ്രചാരണം കൊണ്ട് ഞാൻ വിരണ്ടു പോവുകയില്ല എന്ന് പറഞ്ഞുകൊണ്ടാണ് സോണിയ പ്രവർത്തകസമിതി യോഗം തുടങ്ങിയത്. അപ്പോൾ സഗ്മ ചോദിച്ചു 'ബി.ജെ.പിയുടെ പ്രചാരണത്തിൽ എന്താണ് തെറ്റ്..? അത് ഒരു യഥാർത്ഥ പ്രശ്‌നമാണ്.' എന്നാൽ സോണിയ അങ്ങനെ കരുതിയില്ല രോഷവും നിരാശയും സങ്കടവും കാരണം യോഗത്തിനുശേഷം അരമണിക്കൂറോളം സോണിയ മൗനത്തിലാണ്ടു. പിന്നെ അവർ രാജിക്കത്ത് നൽകി. പ്രവർത്തകസമിതിയിലെ അതികായന്മാർ ആരും തന്നെ ന്യായീകരിക്കാൻ മുന്നോട്ടുവന്നില്ല എന്നതാണ് സോണിയായ ഏറെ അമ്പരപ്പിച്ചത്. എന്റെ പൗരത്വവും രാജ്യത്തോടുള്ള കൂറും ചോദ്യം ചെയ്യപ്പെടുമ്പോൾ എങ്ങനെയാണ് ഞാൻ മൗനം പാലിക്കുക. അവർ ചോദിച്ചതായി പറയപ്പെടുന്നു. 'ഞാൻ അവർക്കുവേണ്ടി പ്രവർത്തിക്കണമെന്നും തെരഞ്ഞെടുപ്പിൽ ജയിക്കാൻ അവരെ സഹായിക്കണമെന്നും എന്നാൽ പ്രധാനമന്ത്രി സ്ഥാനം വഹിക്കാൻ പാടില്ലെന്നും അവർ പറയുന്നു. പക്ഷേ ഞാൻ ഒരു പാർട്ടി ടിക്കറ്റ് പോലും ആവശ്യപ്പെട്ടിട്ടുണ്ടോ?'.

എന്നാൽ രണ്ടുദിവസം കൊണ്ട് സ്ഥിതിഗതികൾ ആകെ മാറിമറിഞ്ഞു സോണിയയുടെ രാജിക്കത്ത് കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെ ഇളക്കിമറിക്കാൻ പോന്നതായിരുന്നു. പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള തന്റെ രാജി പ്രഖ്യാപിച്ച പ്രവർത്തകസമിതി യോഗത്തിൽ സോണിയ പറഞ്ഞു: 'ഞാൻ വിദേശത്തു ജനിച്ചു എന്ന വസ്തുത കോൺഗ്രസിന് ഒരു ബാധ്യതയായി തീർന്നിരിക്കുന്നു എന്ന അഭിപ്രായം എന്റെ സഹപ്രവർത്തകരിൽ ചിലർ പ്രകടിപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയോടുള്ള രാജ്യത്തോടുള്ള ചുമതല ബോധവും പാർട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവയ്ക്കാൻ എന്നെ നിർബന്ധിക്കുന്നു'. ഇത്രയും പറഞ്ഞതിനുശേഷം അവർ പ്രവർത്തകസമിതി യോഗത്തിൽ നിന്നും പുറത്തു വന്ന് തന്റെ ഉപദേശകനായ ആർ.ഡി. പ്രധാനോടൊപ്പം  ജൻപഥ്  പത്താം നമ്പർ വസതിയിലേക്ക് നടന്നു.

vachakam
vachakam
vachakam

പിന്നാലെ ഓടിയെത്തിയ സീതാറാം കേസരി അവരുടെ കയ്യിൽ മുറുകെപ്പിടിച്ചുകൊണ്ട് യാചനാസ്വരത്തിൽ ചോദിച്ചു: 'ഞാനിവിടെ ഉള്ളിടത്തോളം കാലം എങ്ങനെയാണ് താങ്കൾ പുറത്തുപോവുക..?' പിന്നീടുണ്ടായത് സിനിമകളിലെ കദനകഥകളെ വെല്ലുന്ന രംഗങ്ങൾ ആയിരുന്നു. ഡൽഹിയിലെ അക്ബർ റോഡിൽ കോൺഗ്രസുകാർ അതിരുകടന്ന വികാരപ്രകടനങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഒട്ടേറെ നാടകീയരംഗങ്ങൾ അങ്ങേറി. സോണിയയുടെ വസതിയിൽ കുതിച്ചെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ദീഗ്‌വിജയ് സിംഗ്  സോണിയയുടെ സെക്രട്ടറി ജോർജിന്റെ ടെലിപ്രിന്ററിൽ നിന്ന് ഒരു കഷണം കടലാസ് കീറിയെടുത്ത് തന്റെ രാജിക്കത്ത് എഴുതി. ഒരു യുവ കോൺഗ്രസ് പ്രവർത്തകൻ സമീപത്തുള്ള വൃക്ഷത്തിന് മുകളിൽ കയറി സോണിയ രാജ പിൻവലിച്ചാലെ താഴെ ഇറങ്ങൂ എന്ന് വാശിപിടിച്ചു. ആകെ ഒരു കൂട്ടക്കരച്ചിൽ ആയിരുന്നു. സോണിയായെ പിന്തിരിപ്പിക്കാൻ ആയി രാജികളും ആത്മഹൂദി ശ്രമങ്ങളും നിരാഹാര സമരവും രക്തം കൊണ്ട് കത്തെഴുതലും ഒക്കെ നടന്നു.

ആ അവസരത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒന്നടങ്കം സോണിയ ഗാന്ധിയുടെ പിന്നിൽ ഉറച്ചുനിന്നു. ഡൽഹിയിൽ എ.കെ. ആന്റണിയും കെ. കരുണാകരനും ഉമ്മൻചാണ്ടിയും പി.ജെ. കുര്യനും എല്ലാം സോണിയ ഗാന്ധിയെ സന്ദർശിച്ച് രാജിതീരുമാനം പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിലെ വിവിധ കോൺഗ്രസ് നേതാക്കൾ സോണിയാക്കി അനുകൂലമായി പ്രകടനവും ഉപവാസവും ഒക്കെ നടത്തുന്ന തിരക്കിലായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവ് എന്ന നിലയ്ക്ക് പവാറിനോട് കേരളത്തിലെ കോൺഗ്രസുകാർക്ക് അത്ര വലിയ ആത്മബന്ധം ഒന്നുമില്ല. വർഷങ്ങളുടെ ബന്ധമുള്ളത് പി.സി. ചാക്കോയ്ക്ക് മാത്രമാണ്.

മുമ്പ് ഇന്ദിരാഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ് പവർ കോൺഗ്രസ് ഉണ്ടാക്കിയപ്പോൾ പി.സി.ചാക്കോയും കേരളത്തിൽ നിന്നുള്ള കുറെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അങ്ങോട്ട് ചേർന്നു. എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയവർ 1980 ഇടത് മുന്നണിയുമായി യോജിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കുകയും സർക്കാർ പങ്കാളിത്തം വഹിക്കുകയും ചെയ്തു. പി.സി. ചാക്കോയും അന്ന് മന്ത്രിയായിരുന്നു. പിന്നീട് ആന്റണി വിഭാഗം മുന്നണി വിട്ടു കോൺഗ്രസിൽ തിരികെ ലഭിക്കുകയായിരുന്നു. അന്നും ഇന്നും പവാറിന്റെ ആൾ എന്ന നിലക്കാണ് ചാക്കോ അറിയപ്പെട്ടിരുന്നത്. ചാക്കോ പോലും ഇന്ന് സോണിയ ഗാന്ധിക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നു. ഇങ്ങനെയൊരു തീരുമാനം ബി.ജെ.പിയെ ആണ് സഹായിക്കുക അതിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയുകയില്ല എന്ന് ചാക്കോ പറയുന്നു.

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam