മലയാളിളേ കേൾക്കൂ, പോലീസ് 'ബ്രോ' വിളിക്കുന്നൂ  മോനേ... മോളേ..

OCTOBER 7, 2021, 10:59 AM

പോലീസുകാരുടെ ഉള്ളമാനം പോകാതിരിക്കാൻ, കാക്കി നിക്കർ മാറ്റി പാന്റ്‌സാക്കിയത്, പ്രതികളുമായുള്ള 'കരമിടപാടും, കാലിടപാടു'മെല്ലാം കുറേക്കൂടിഅനായാസമാക്കിയന്നത് നേര്. കുട്ടൻ പിള്ള പോലീസിന്റെ പേര് പറഞ്ഞ് കുഞ്ഞുങ്ങളെ അമ്മമാർ ചോറൂട്ടിയ കാര്യമെല്ലാം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമസഭയിൽ വിളമ്പിയതിന്റെ ചൂടാറുന്നതിനു മുമ്പേ, 2021 ആഗസ്റ്റ്  മൂന്നാം വാരത്തിൽ പോലീസിലെ ഭരണച്ചായ്‌വ് ഒരു ദുഷ്പ്രവണതയാണെന്ന് രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി  അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോൾ കേരളാ ഹൈക്കോടതി തുടരെത്തുടരെ പോലീസിനെ വാക്കാൽ പൊരിക്കുകയാണ്. ബ്രിട്ടീഷ് ഭരണകാലത്തെ പോലീസിന്റെ സ്വഭാവം കേരളാ പോലീസ് മാറ്റണമെന്ന് കോടതി പറഞ്ഞിരുന്നു. 'എടാ, എടീ' എന്നെല്ലാം വിളിക്കരുതെന്ന്, കോടതി പറഞ്ഞുവെങ്കിലും, ഒരു പോലീസുകാരൻ ഇതിനോട് ഫലിതമായി പ്രതികരിച്ചത് ഞങ്ങൾ സ്റ്റേഷനിലെത്തുന്നവരെ 'മോനേ', 'മോളെ' എന്നെല്ലാമാണ് വിളിക്കുന്നതെന്നായിരുന്നു.
ഈ പുന്നാര പദങ്ങൾക്കു മുമ്പിൽ ചേർക്കുന്ന വിശേഷണ പദങ്ങളെക്കുറിച്ച് 'കുട്ടൻ പിള്ള പോലീസ്' മൗനം പാലിക്കുന്നു.
സ്റ്റേഷനിലെത്തുന്ന സ്ത്രീകൾക്കായി 'മ' പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  കാർട്ടൂൺ കാണാനായി പ്രത്യേക ടി.വികളും, എന്തിന് കുഞ്ഞങ്ങളെ താരാട്ടിയുറക്കാൻ ഊഞ്ഞാലു പോലും സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്തു വാങ്ങിയ 'കാക്കിക്കുള്ളിലെ കവി ഹൃദയങ്ങൾ' കോടതിയുടെ പരാമർശങ്ങളിൽ ഇപ്പോൾ തേരാപാരാ കരച്ചിലിലാണെന്ന് തലസ്ഥാന റിപ്പോർട്ടർമാർ അലമുറയിടുന്നുണ്ട്.

വെള്ള പൂശുന്നതിനും ഒരു പരിധിയില്ലേ?
മുഖ്യമന്ത്രി പിണറായി വിജയൻ പോലീസുകാരുടെ വിപുലമായ സമ്മേളനം വിളിച്ചതിന്റെ ചൂടാറുന്നതിനു മുമ്പ് കേരളാ ഹൈക്കോടതി കേരളാ പോലീസിന്റെ കാടത്തത്തെക്കുറിച്ച് വിസ്തരിച്ചു പറഞ്ഞത് ഏതായാലും നാണക്കേടായി.  പരാതി നൽകിയതിന്റെ രസീത് ചോദിച്ചവനെ വിലങ്ങണിയിച്ച് ആദരിച്ച സംഭവമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. തെന്മല പോലീസ് സ്റ്റേഷനിൽ ഉറുകുന്ന് സ്വദേശി കെ. രാജീവാണ് പോലീസിന്റെ 'തലോടലിൽ' ആകെ തകർന്നു പോയത്. 
പരാതി നൽകിയതിന് രസീത് ചോദിച്ചപ്പോൾ, പുതുതായി രണ്ടോ മൂന്നോ കേസുകൾ കൂടി രാജീവിന്റെ പേരിൽ പോലീസ് ചുമത്തിയത് മനുഷ്യത്വരഹിതമായ പീഡനമായി കോടതി നിരീക്ഷിച്ചു. നിറയെ പോലീസുകാരുള്ള സ്റ്റേഷനിൽ ഒരു പിന്നാക്കക്കാരനായ  രാജീവ്  ബഹളം വച്ചതിനും കേസെടുത്തുവെന്ന പോലീസിന്റെ ന്യായവാദം കോടതി തള്ളിക്കളഞ്ഞു. നീതി നിഷേധിച്ച പോലീസുകാരെ വെള്ള പൂശിയുള്ള കൊല്ലം ഡി.വൈ.എസ്. പി.യുടെ അന്വേഷണ റിപ്പോർട്ട് കണ്ട് ഞെട്ടിപ്പോയെന്നും  ജഡ്ജി പറഞ്ഞു.
വേണം, പാവ പോലൊരു ക്രിമിനോളജിസ്റ്റിനെ
എല്ലാ പോലീസ് സ്റ്റേഷനിലും സി.സി.ടി.വി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. സ്റ്റേഷനിലെ ഓരോ സ്ഥലവും ക്യാമറയുടെ കണ്ണിൽ പെടുന്ന വിധത്തിലാണ് ടി.വി. സ്ഥാപിക്കേണ്ടതെന്നും വിധിയിലുണ്ട്. ഇതുവരെ കേരളം ഇത് നടപ്പാക്കിയിട്ടില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചുവെന്നു കേരളം  പറഞ്ഞത് , സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി സത്യവിരുദ്ധമാണെന്ന് സ്ഥാപിച്ചത് കേരളത്തിലെ ആഭ്യന്തര വകുപ്പിനും വനിയായി.
ഇതേ തിങ്കളാഴ്ച തന്നെയാണ് കേരളാ ഹൈക്കോടതി സംസ്ഥാന പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയിൽ ചീഫ് ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറെ (സി.ഐ.ഒ.) നിയമിക്കാത്തതിന് സർക്കാരിനെ വിമർശിച്ചത്.
സി.ഐ.ഒ.യെ നിയമിക്കാമെന്ന് 2021 ജൂലൈ 26ന് കോടതിക്ക് നൽകിയ ഉറപ്പ് പാലിക്കാത്തതിനെ ഹൈക്കോടതി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. പുതിയ സി.ഐ.ഒ ക്രിമിനോളജിസ്റ്റ് ആയിരിക്കണമെന്ന കോടതി നിർദ്ദേശമാണ് സർക്കാരിന് പുലിവാലായത്. ഏതെങ്കിലും ഒരു ശിങ്കിടിയെ നിയമിക്കാമെന്നു കരുതിയിരിക്കെ, സർക്കാർ വരയ്ക്കുന്ന വരയ്ക്ക് പുറത്തു പോകാത്ത ഒരു ക്രിമിനോളജിസ്റ്റിനെ തെരഞ്ഞ് കൈയ്യും കാലും കുഴഞ്ഞിരിക്കുകയാണ്  സർക്കാർ!
ഓർമ്മയുണ്ടോ 'മാക്‌സിമാമ' യെ?
പോലീസും കോടതിയുമെല്ലാം അവിടെ നിൽക്കട്ടെ.  നമുക്ക് പഴയ ഒരു ചരമവാർത്ത നോക്കാം: വാർത്ത അൽപ്പം പഴയതാണ്. 2021 ആഗസ്റ്റ് 12ന് എൺപതാം വയസ്സിൽ മരണമടഞ്ഞ യഹിയ എന്ന  മനുഷ്യനെക്കുറിച്ചാണ് ഈ വാർത്ത. പോലീസിന്റെ മുന്നിൽ മടക്കിക്കുത്ത് അഴിച്ചിടാത്തതിനാണ് യഹിയയെ പോലീസ് എടുത്തിട്ട് പൊതിച്ചത്. കടയ്ക്കൽ കുമ്മിൾമുക്കുന്നം ജംഗ്ഷനിലുള്ള ആർ. എം.എസ് തട്ടുകടയുടെ ഉടമയായിരുന്നു യഹിയ. ഏതായാലും , ആ സംഭവത്തിനു ശേഷം യഹിയ പോലീസിനു മുമ്പിൽ മടക്കിക്കുത്തില്ലാത്ത ഒരു വേഷം ധരിച്ചു. 
സ്ത്രീകൾ ധരിക്കുന്ന വീട്ടു വേഷമായ മാക്‌സി അല്ലെങ്കിൽ നൈറ്റി ആയിരുന്നു യഹിയ മരണം വരെ ധരിച്ചത്. പോലീസിനെതിരെ ഒറ്റയാൾ സമരമെന്നോ പ്രതിഷേധമെന്നോ ഒക്കെ പറയാവുന്ന 'കലാപരിപാടി' അവസാനിപ്പിച്ച് യഹിയ മരിച്ചത് 'മംഗളം ദിനപത്രത്തിലാണ് അന്ന് വായിച്ചത്. ഏതായാലും പോലീസുകാരുടെ തല്ല് കൊള്ളാതെ നടക്കാൻ മാക്‌സി മാമയെന്നു വിളിപ്പേരുള്ള   യഹിയയെ ആ വേഷം  ഏറെ സഹായിച്ചു വെന്ന് നാട്ടുകാർ ഓർമ്മിക്കുന്നു.
സെൻട്രൽ ജയിൽ ബിജുവിന് ചിൽഡ്രൻസ് പാർക്ക് പോലെ.
പോലീസിനെ കണ്ടാൽ മുട്ടു കൂട്ടിയിടിക്കുന്നവർ ബിജുവിനെ കണ്ടു പഠിക്കണം. അയിലം സ്വദേശിയാണ് ബിജു. ആറ്മാസം മുമ്പ് പോലീസ് ജീപ്പിനു കല്ലെറിഞ്ഞതിന്റെ പേരിൽ ബിജു ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. 2021 ആഗസ്റ്റ് 28ന് വീണ്ടും  ബിജു പോലീസ് ജീപ്പിന് കല്ലെറിഞ്ഞു. പ്രതിയെ പിടികൂടിയ പോലീസ് അന്തം വിട്ടു. ''എന്നെ അറസ്റ്റ് ചെയ്യൂ, ജയിലിലടയക്കൂ'' എന്ന ജഗതിയുടെ പഴയ സിനിമാ ഡയലോഗ് ബിജുവും ആവർത്തിക്കുന്നതു കേട്ട് പോലീസ് 'എൻക്വയറി'ക്ക് മുതിർന്നു. 
അപ്പോൾ ബിജു തത്ത പറയുന്നതുപോലെ കാര്യം പറഞ്ഞു. ജയിലിൽ പണിയുണ്ട്. കാശും കിട്ടും, ശാപ്പാടും കിട്ടും. തടവിൽ കഴിഞ്ഞ കാലത്ത് പണിയെടുത്ത് പത്ത് കാശുണ്ടാക്കിയിരുന്നു. ഇപ്പോൾ, അതെല്ലാം തീർന്നു. എന്നെ ജയിലിലച്ചാൽ, ഞാൻ പണിയെടുക്കും, പത്ത് കാശുണ്ടാക്കും, വിജയശ്രീലാളിതനായി നാട്ടിൽ തിരിച്ചുവരും. സെൻട്രൽ ജയിൽ എനിക്ക് ചിൽഡ്രൻസ് പാർക്ക് പോലെയാണെന്ന ഭീമൻ രഘുവിന്റെ ഡയലോഗ് അപ്പോൾ പോലീസ് ഏമാന്മാരുടെ കാതിൽ ആരോ മൊഴിഞ്ഞുവത്രെ. ഏതായാലും, വീണ്ടും ജയിലിലേക്കു പണമുണ്ടാക്കാൻ പോയ ബിജുവിന്റെ കാര്യം എന്താകുമോ, എന്തോ!
നന്ദി വേണം, സർക്കാരേ നന്ദി... 
നന്ദികേടല്ലേ സർക്കാർ കാണിച്ചത്? ജീവൻ പണയം വച്ച് കോവിഡ് കാലത്ത് രോഗ പ്രതിരോധ മേഖലയിൽ സേവനം ചെയ്ത് 22000 ആരോഗ്യ പ്രവർത്തകരെ സർക്കാർ കഴിഞ്ഞയാഴ്ച പിരിച്ചു വിട്ടു. ശമ്പളത്തിന്റെ 20 മുതൽ 30 ശതമാനം വരെ റിസ്‌ക്  അലവൻസ് വാഗ്ദാനം ചെയ്തിരുന്നു സർക്കാർ. ഇപ്പോൾ മാസങ്ങളുടെ റിസ്‌ക് അലവൻസ് കുടിശ്ശികയാണ്. ഈ  കുടിശ്ശിക എന്നു നൽകുമെന്ന് സർക്കാർ പറയുന്നുമില്ല. 
'പാലം കടക്കുവോളം' എന്നു തുടങ്ങുന്ന പഴഞ്ചൊല്ലൊന്നും പോരാ, സർക്കാരിന്റെ നന്ദികെട്ട  ഈ നടപടിയെ വിശേഷിപ്പിക്കാനെന്നു തോന്നുന്നു. പണ്ട് പ്രളയകാലത്ത് സ്വന്തം ബോട്ടിനും ജീവനുമെല്ലാം എന്തും  വരട്ടേയെന്ന മട്ടിൽ മുങ്ങിമരിക്കുമായിരുന്ന ലക്ഷക്കണക്കിനാളുകൾക്ക് ദേവദൂതന്മാരായി മാറിയ മത്സ്യത്തൊഴിലാളിളോട് സർക്കാർ കാണിച്ച മനോഭാവവും ഇതുപോലെയൊക്കെയല്ലേ  എന്ന് ചിലർ ചോദിക്കുന്നുണ്ട്.
'ചൈനീസ്' ഡോക്ടർമാർ വരുന്നതിൽ  ആർക്കാണ് അനിഷ്ടം?
ചൈനയിൽ ഡോക്ടർ പരീക്ഷയ്ക്ക് പഠിക്കുന്നവിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അങ്കലാപ്പിലാണ്. കോവിഡും അതിർത്തി പ്രശ്‌നങ്ങളും മൂലം വിദ്യാർത്ഥികൾക്ക് ചൈനയിലേക്ക് തുടർ പഠനത്തിനു പോകാൻ കഴിയുന്നില്ല. കേരളത്തിൽ ഇന്റേൺഷിപ്പിന്  വാർഷിക ഫീസായി 1,20,000 രൂപയാണ് സർക്കാരിന് അടയ്‌ക്കേണ്ടത്. ഇവിടെ പഠിച്ച എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് െ്രസ്രെപ്പൻഡോടുകൂടി ഇന്റേൺഷിപ്പിനു സൗകര്യമുണ്ട്. എന്നാൽ പുറത്തു പഠിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഈ സൗകര്യമില്ല. 
നാഷണൽ മെഡിക്കൽ കമ്മീഷൻ വിദേശത്തു പഠിച്ച വിദ്യാർത്ഥികൾക്കും സൗജന്യമായി ഇന്റേൺഷിപ്പാകാമെന്നു പറഞ്ഞിട്ടും ട്രാവൻകൂർകൊച്ചിൻ മെഡിക്കൽ കൗൺസിൽ ഈ ആനുകൂല്യം അട്ടിമറിച്ചിരിക്കുകയാണ്. ചൈനയിൽ മെഡിക്കൽ യൂണിവേഴ്‌സിറ്റികളിൽ പഠിക്കാം. കോളേജുകളിലല്ല. ചൈനയിൽ 200ഓളം മെഡിക്കൽ യൂണിവേഴ്‌സിറ്റികളുണ്ടെങ്കിലും വിദേശവിദ്യാർത്ഥികൾ ഇവയിൽ 45 എണ്ണമാണ് പഠനത്തിനായി സാധാരണ തെരഞ്ഞെടുക്കാറുള്ളത്. 
മൊത്തം ഇന്ത്യയിൽ നിന്ന് ചൈനയിൽ പഠിക്കാൻ പോയ 25000 പേരിൽ 22000 പേരും എം.ബി.ബി.എസ് കോഴ്‌സിനാണ് ചേർന്നിട്ടുള്ളത്. ഇവരിൽ കേരളത്തിൽ നിന്നുള്ളവർ 5000ത്തോളം വരും. യു.എസ്, യു.കെ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലെ പഠനച്ചെലവ് വച്ചു നോക്കുമ്പോൾ ചൈനയിൽ ഫീസ് കുറവാണ്. 16 ലക്ഷം രൂപ മാത്രം ഫീസിനത്തിൽ നൽകിയാൽ മതി. 
ഒന്നും ഒന്നരയും കോടികൾ മുടക്കി എം.ബി.ബി.എസ് പരീക്ഷ പാസാകുന്നവർ, അവരുടെ തുടർന്നുള്ള പ്രാക്ടീസിലും രോഗികളെ ഇടിച്ചു പിഴിഞ്ഞ് കാശു വാങ്ങാനിടയുള്ളപ്പോൾ, വലിയ ചെലവില്ലാതെ ചൈനയിൽ നിന്ന് ഡോക്ടർ പരീക്ഷ പാസായിവരുന്നവരിലൂടെ  പരിശോധനാ ഫീസും ചികിത്സാച്ചെലവുമെല്ലാം അൽപ്പമെങ്കിലും കുറയില്ലേ? കോവിഡാനന്തര കാലത്ത് 'വിലകുറച്ച്' എന്തും ജനത്തിനു നൽകാനല്ലേ സർക്കാർ ശ്രമിക്കേണ്ടത്?
സ്‌നേഹത്തിന്റെ മേൽക്കൂരകൾ 150 ആയി
എറണാകുളം ജില്ലയിലെ തോപ്പുംപടി ഔവർ ലേഡീസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌ക്കൂളിന്റെ നേതൃത്വത്തിലുള്ള ഹൗസ് ചലഞ്ച് പദ്ധതിയിൽ ഉൾപ്പെട്ട 150ാംമത്തെ വീടും പൂർത്തിയാക്കി. ജില്ലയുടെ മന്ത്രിയായ പി. രാജീവാണ് താക്കോൽദാനകർമ്മം നിർവ്വഹിച്ചത്. വൈപ്പിൻ ദ്വീപിലെ പുതുവൈപ്പിൻ രഞ്ജൻ വർഗ്ഗീസ് ദാനം ചെയ്ത സ്ഥലത്താണ് ഗീതാ പ്രദീപീന് വീട് വച്ച് നൽകിയത്. സിസ്റ്റർ ലിസി ചക്കാലക്കൽ എഫ്.എം.എം ആണ് ഈ സ്‌നേഹ വീടുകൾ നിർമ്മിച്ചു നൽകുന്നതിന് നേതൃത്വം നൽകുന്നത്. ഈ കാരുണ്യ പദ്ധതിയുടെ കോ ഓർഡിനേറ്റർ ലില്ലി പോളാണ്.
ചൂടുകാപ്പിക്കപ്പിൽ ചുടുകണ്ണുനീർ
കേരളത്തിലെ കാപ്പി കർഷകർ സങ്കടത്തിലും ദുരിതത്തിലുമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാപ്പി കൃഷിയുള്ളത് ഇടുക്കിയിലും വയനാട്ടിലുമാണ്. രണ്ടു വർഷമായി കൃഷിയാകെ താളം തെറ്റിയിരിക്കുകയാണ്. വിലത്തകർച്ചയും അജ്ഞാത രോഗവുമാണ് കർഷകരെ വലയ്ക്കുന്നത്. കിലോഗ്രാമിന് 100 രൂപയ്ക്കുമേൽ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന് ഇപ്പോൾ 65 രൂപ മുതൽ 70 രൂപവരെ മാത്രമേ കിട്ടുന്നുള്ളൂ. കഴിഞ്ഞ വിളവെടുപ്പു കാലത്ത് മഴയും കർഷകരെ ചതിച്ചു.
കാപ്പിക്കുരു പൂപ്പലെടുത്തു. മഴ മൂലം വിളവെടുപ്പ് മുടങ്ങിയതോടെ, കാപ്പി കൃഷി തന്നെ അവസാനിപ്പിച്ച് മറ്റ് കൃഷികളിലേക്ക് തിരിയുകയാണ് കർഷകർ. കാപ്പിച്ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗത്തിന് ഫലപ്രദമായ മരുന്നും അധികൃതർ നിർദ്ദേശിക്കുന്നില്ല. കാപ്പിക്കർഷകരുടെ ക്ഷേമത്തിനായുള്ള കോഫി ബോർഡ് ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിട്ടുള്ളത്. സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ഈ കൃഷിയും കേരളത്തിൽ അന്യം നിന്നുപോകും
ആന്റണി ചടയംമുറി

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam