വ്യത്യസ്തതയുടെ ആവിഷ്‌ക്കാരമായി മഴവില്ലഴകില്‍ എല്‍ജിബിടി

JUNE 24, 2021, 2:25 PM

ലോകത്തിന്റെ വിവിധ കോണുകളിലുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് മഴവില്‍ മാസമാണ് ജൂണ്‍. അവര്‍ ആ നിറങ്ങളെ 'പ്രൈഡ്' (സ്വാഭിമാനം) എന്ന് വിളിക്കുന്നു. അമേരിക്കയില്‍ തുടങ്ങിയ ഈ മഴവില്‍ മാസം, ഇപ്പോള്‍ ലോകത്തില്‍ എല്ലായിടത്തും ശ്രദ്ധിക്കപ്പെടുകയും രഹസ്യമായെങ്കിലും ആചരിക്കപ്പെടുകയും ചെയ്യുന്നു. അവകാശങ്ങള്‍ക്കും തുല്യതയ്ക്കും വേണ്ടിയുള്ള എല്‍ജിബിടി സമൂഹത്തിന്റെ പോരാട്ടത്തിന്റെ മുഖമാണ് നിലവില്‍ പ്രൈഡ് മാസം.


ഗേ, ലെസ്ബിയന്‍, ബൈ, ജെന്‍ഡര്‍ നോണ്‍ കണ്‍ഫര്‍മിങ്, ട്രാന്‍സ് തുടങ്ങിയ നിരവധി ലൈംഗിക സ്വത്വങ്ങളുടെ ഭാഗമായി സ്വയം തിരിച്ചറിയപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം പ്രൈഡ് എന്ന വാക്ക് ഒരു പതാകയുടെ പര്യായം കൂടിയാണ്. മഴവില്ലിന്റെ ഏഴു നിറങ്ങളും പ്രതിനിധീകരിക്കുന്ന ആ പതാക വ്യത്യസ്ത ലൈംഗികസ്വത്വങ്ങളെ ഉള്‍ക്കൊള്ളുന്ന വലിയൊരു സാമൂഹികവിഭാഗത്തിന്റെ പ്രതിഫലനം കൂടിയാണ്. പ്രൈഡുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ക്കെല്ലാം മഴവില്‍ നിറങ്ങളായിരിക്കുമെന്ന് അവ നിരീക്ഷിക്കുന്നവര്‍ക്ക് അറിയാം. പ്രൈഡ് റാലികള്‍, പ്രൈഡ് മാര്‍ച്ചുകള്‍ എന്നിവയിലെല്ലാം മഴവില്‍ പതാകകള്‍ പാറിപ്പറക്കാറുണ്ട്. ആ റാലികളിലൂടെ ദൃശ്യത നേടുന്ന വിശാലമായ ജനവിഭാഗം ഉള്‍ക്കൊള്ളുന്ന വ്യത്യസ്തതകളുടെ ആവിഷ്‌കാരമാണ് മനോഹരമായ മഴവില്‍ നിറങ്ങള്‍. 

vachakam
vachakam
vachakam


2015ല്‍ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് ഈ പതാക ഏറ്റെടുത്തു കൊണ്ട് അറിയിച്ചത് ആര്‍ട്ടിസ്റ്റ് ഗില്‍ബര്‍ട്ട് ബേക്കറാണ് ആ പതാകയുടെ ശില്പി എന്നാണ്. 'ഞങ്ങളുടെ ഡിസൈന്‍ ശേഖരത്തിന്റെ ഭാഗമായി പ്രസിദ്ധമായ ഈ മഴവില്‍ പതാകയെ കൂടി ചേര്‍ക്കുകയാണെന്ന് അറിയിക്കുന്നു. സമാനമായ സാര്‍വത്രിക സ്വഭാവമുള്ള പ്രതീകങ്ങളായ @ എന്ന ചിഹ്നം, ക്രിയേറ്റീവ് കോമണ്‍സ് ലോഗോ, റീസൈക്ലിങ് ചിഹ്നം എന്നിവയുടെ കൂട്ടത്തിലാണ് മഴവില്‍ പതാകയെക്കൂടി ചേര്‍ത്തു വെയ്ക്കുന്നത്. 1978ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് ആര്‍ട്ടിസ്റ്റ് ഗില്‍ബര്‍ട്ട് ബേക്കറാണ് ഈ പതാക രൂപകല്‍പ്പന ചെയ്തത്. 

തന്റെ ഓര്‍മക്കുറിപ്പുകള്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ച 'റെയ്ന്‍ബോ വാരിയര്‍' എന്ന പുസ്തകത്തില്‍ ഗില്‍ബര്‍ട്ട് ബേക്കര്‍ വളരെ വിശദമായി ഈ പതാകയുടെ ഉദ്ഭവത്തെക്കുറിച്ചും അതിനിടയാക്കിയ ആശയങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. താന്‍ ഈ പതാക അവതരിപ്പിക്കുന്നതിന് മുമ്പ് സ്വവര്‍ഗാനുരാഗികളുടെ മുന്നേറ്റത്തിന്റെ പ്രതീകം പിങ്ക് ത്രികോണമായിരുന്നു എന്ന് ഗില്‍ബര്‍ട്ട് എഴുതുന്നു. 'എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായത്തെയാണ് ആ ചിഹ്നം പ്രതിനിധീകരിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് അഡോള്‍ഫ് ഹിറ്റ്‌ലര്‍ സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ ഭാഗമായി അവതരിപ്പിച്ച ഒന്നാണ് പിങ്ക് ത്രികോണം. അത് അടിച്ചമര്‍ത്തലിനായുള്ള നാസികളുടെ ഉപാധികളിലൊന്നായിരുന്നു. ആ ചിഹ്നത്തെ മറികടക്കുന്ന, സ്നേഹത്തെ ആഘോഷമാക്കുന്ന പോസിറ്റീവ് ആയ ഒരു പ്രതീകമാണ് നമുക്കാവശ്യം എന്ന് ഞങ്ങള്‍ക്കെല്ലാം അന്ന് തോന്നിയിരുന്നു'. - ഗില്‍ബര്‍ട്ട് എഴുതി.

vachakam
vachakam
vachakam


ക്വീര്‍ ഐക്കണോഗ്രഫിയുടെ ഭാഗമായി മുമ്പ് പിങ്ക്, കറുപ്പ് നിറങ്ങളിലുള്ള ത്രികോണങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഗേ, ലെസ്ബിയന്‍ വിഭാഗങ്ങളില്‍പ്പെടുന്ന വ്യക്തികളെ സൂചിപ്പിക്കാന്‍ നാസികള്‍ ഉപയോഗിച്ചിരുന്ന ഈ ചിഹ്നങ്ങള്‍ പിന്നീട് എല്‍ ജി ബി ടി കമ്മ്യൂണിറ്റി തങ്ങളുടേതാക്കി മാറ്റുകയായിരുന്നു. അതു കൂടാതെ പൗരാണിക ചിഹ്നമായ രണ്ടു തലയുള്ള ലാബ്രിസ് എന്ന മഴുവും ക്വീര്‍ പ്രതീകങ്ങളില്‍ ഇടം പിടിച്ചിരുന്നു.

'ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രതീകമായ ത്രിവര്‍ണ പതാകയിലെ ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങളെക്കുറിച്ചാണ് ഞാന്‍ ആദ്യം ആലോചിച്ചത്. ഇരു പതാകകളുടെയും ഉത്ഭവം കലാപം, കലഹം, വിപ്ലവം എന്നിവയിലാണെന്നതും ഞാന്‍ ഓര്‍ത്തു. അധികാരത്തെക്കുറിച്ചുള്ള ആശയപ്രകാശനത്തിനായി ഒരു ഗേ രാഷ്ട്രത്തിന് അതിന്റേതായ പതാക അനിവാര്യമാണെന്ന് ഞാന്‍ കരുതിയിരുന്നു' - ഗില്‍ബര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ നൃത്തം ചവിട്ടുമ്പോഴാണ് ആ പതാകയെക്കുറിച്ചുള്ള ദൃശ്യപരമായ ആശയം ഉടലെടുത്തതെന്നും ഗില്‍ബര്‍ട്ട് എഴുതുന്നുണ്ട്.

vachakam
vachakam


എന്നാല്‍, മഴവില്ല് എന്ന പ്രതീകത്തിന്റെ രൂപകല്‍പ്പനയുടെ ഏക ഉത്തരവാദി ഗില്‍ബര്‍ട്ട് ബേക്കര്‍ ആണെന്ന അവകാശവാദത്തെ ലോസ് ആഞ്ചലസ് ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം നിഷേധിക്കുന്നുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വെച്ച് 1978ല്‍ നടന്ന പ്രൈഡ് റാലിയുടെ അലങ്കാര സമിതിയില്‍ അംഗമായിരുന്ന മറ്റു സന്നദ്ധ പ്രവര്‍ത്തകരുമായുള്ള സഹകരണത്തിലൂടെ അന്ന് പ്രചാരത്തിലുണ്ടായിരുന്ന പ്രൈഡ് ചിഹ്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി എട്ട് നിറങ്ങളുള്ള പുതിയ പതാക സൃഷ്ടിക്കാനുള്ള തീരുമാനം ഉണ്ടാവുകയായിരുന്നു.

2018ല്‍ ഗ്രാഫിക് ഡിസൈനറായ ഡാനിയല്‍ ക്വാസര്‍ അഞ്ച് നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഷെവ്‌റണ്‍ കൂടി എല്‍ ജി ബി ടി മഴവില്‍ പതാകയില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഉള്‍ക്കൊള്ളല്‍, പുരോഗതി എന്നീ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് വേണ്ടിയാണ് ഈ മാറ്റം വരുത്തിയത്. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നീ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ആറു നിറങ്ങളുള്ള മഴവില്‍ പതാകയില്‍ അമ്പിന്റെ ആകൃതിയില്‍ അഞ്ച് വരകള്‍ കൂടി കൂട്ടിച്ചേര്‍ത്തതാണ് ക്വാസറിന്റെ പ്രോഗ്രസ് പ്രൈഡ് പതാക. ഈ പതാകയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബ്രൗണ്‍, കറുപ്പ് വരകള്‍ നിറത്തിന്റെ പേരിലുള്ള പാര്‍ശ്വവല്‍ക്കരണം നേരിടുന്ന എല്‍ ജി ബി ടി വിഭാഗങ്ങളെ സൂചിപ്പിക്കുന്നു.


അതോടൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ പ്രൈഡ് പതാകയില്‍ ഉപയോഗിച്ചിട്ടുള്ള പിങ്ക്, ഇളം നീല, വെള്ള എന്നീ നിറങ്ങളും ഈ പതാകയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 2017 ജൂണില്‍ ഫിലാഡല്‍ഫിയ നഗരം സ്വീകരിച്ച രൂപകല്‍പ്പനയെ അധികരിച്ചു കൊണ്ടാണ് ക്വാര്‍സ് തന്റെ പതാക രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിവിധ വംശവിഭാഗങ്ങളില്‍പ്പെടുന്ന എല്‍ ജി ബി ടി ജനവിഭാഗത്തെ സൂചിപ്പിക്കാനായി മഴവില്‍ പതാകയുടെ മുകളില്‍ ബ്രൗണ്‍, കറുപ്പ് വരകള്‍ ചേര്‍ത്ത രൂപകല്‍പ്പനയ്ക്കാണ് ഫിലാഡല്‍ഫിയ അംഗീകാരം നല്‍കിയത്. എയ്ഡ്സ് രോഗബാധിതരായി ജീവിക്കുന്നവരും മരിച്ചവരുമായ ജനങ്ങളെക്കൂടി ബ്രൗണ്‍, കറുപ്പ് വരകള്‍ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന ക്വാസര്‍ തന്റെ പതാകയില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രൈഡ് പതാകയില്‍ ഉപയോഗിച്ചിട്ടുള്ള നിറങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു.

പ്രൈഡ് റാലികളിലും മാര്‍ച്ചുകളിലും ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന പരിപാടികളിലുമൊക്കെ ഈ ഫ്‌ളാഗ് ഇപ്പോള്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഈ ജനവിഭാഗം എത്രമേല്‍ വൈവിധ്യം നിറഞ്ഞതാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പതാകയുടെ സാന്നിധ്യം.


ജൂണ്‍ മാസം ഒരു പ്രതീകമാണ്. അമേരിക്കയിലെ മാന്‍ഹട്ടനില്‍ 1969ല്‍ നടന്ന സ്റ്റോണ്‍വാള്‍ ലഹളയുടെ ഓര്‍മ്മക്കായാണ് ജൂണ്‍ മാസം തെരഞ്ഞെടുത്തത്. മാന്‍ഹട്ടനിലെ ഗ്രീന്‍വിച്ചിലെ സ്റ്റോണ്‍വാള്‍ എന്ന സത്രത്തില്‍ അതിരാവിലെ ഒരു പോലീസ് റെയ്ഡു നടന്നു. ലൈംഗിക ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ചു നടന്നത്തിയ ഈ നടപടിക്ക് എതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു.

ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ച് ഭയമില്ലാതെ പോകാനും സംസാരിക്കാനും ഇടപഴകാനും വേണ്ടിയുള്ള ഇടങ്ങള്‍ക്കായി തെരുവില്‍ വാദിച്ചു. പ്രതിഷധം വിജയിച്ചതിനൊപ്പം അവകാശ പ്രഖ്യാപനങ്ങളും അംഗീകരിക്കപ്പെട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ രണ്ട് സ്വവര്‍ഗാനുരാഗ അവകാശ സംഘടനകള്‍ ഉണ്ടായതും ഈ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ്. പിന്നീട് അമേരിക്കയ്ക്ക് പുറത്തും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ ലഭിക്കാനും ഇത് കാരണമായി.


പ്രൈഡ് പരേഡുകള്‍, ചര്‍ച്ചകള്‍, ഒത്തുചേരലുകള്‍, അവകാശ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഈ മാസം മാറ്റിവക്കപ്പെടുന്നു. പുരോഗമന ചിന്തയുള്ളവരും സ്വാഭിമാനത്തെ പിന്തുണയ്ക്കുന്നവരുമായവര്‍ പ്രൈഡില്‍ പങ്കെടുക്കുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam