പൂമ്പാറ്റകള്‍ യൂറോപ്പിനോട് വിടപറയുന്നു; ആവാസവ്യവസ്ഥ അപകടാവസ്ഥയില്‍

MAY 31, 2023, 11:30 AM

പൂമ്പാറ്റകള്‍ക്ക് മറ്റെല്ലാ ജീവികളെയും പോലെ ഭൂമിയില്‍ അവയുടേതായ ചില കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അത്ര ആശാവഹമല്ല. പ്രത്യേകിച്ചും യൂറോപ്പില്‍ നിന്നും. യൂറോപ്പില്‍ ചിത്രശലഭങ്ങള്‍ അപകടാവസ്ഥയിലാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍, അത് അത്ര ചെറിയ ഒരു പ്രശ്‌നമല്ലെന്നും ചിത്രശലഭങ്ങളുടെ നിലനില്‍പ്പ് ആവാസവ്യസസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് അത്യന്താപേക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു, പ്രത്യേകിച്ചും കാര്‍ഷിക മേഖലയ്ക്ക്.

ഫ്രാന്‍സിന്റെ ജൈവ വൈവിധ്യ നിരീക്ഷണ കേന്ദ്രമായ ഒഎന്‍വി ( Observatoire National de la Biodiversité - ONB) 2022ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഫ്രാന്‍സിലെ മെയിന്‍ലാന്‍ഡില്‍ വസിക്കുന്ന 301 ഇനം ചിത്രശലഭങ്ങളില്‍, 200 എണ്ണം കഴിഞ്ഞ നൂറ്റാണ്ടിന് ശേഷം ഏതെങ്കിലും ഒരു പ്രദേശത്ത് നിന്നെങ്കിലും അപ്രത്യക്ഷമായിട്ടുണ്ട്. മൊത്തത്തില്‍ ഇത് 66% സ്പീഷീസുകളെയാണ് പ്രതിനിധീകരിക്കുന്നത്. മാത്രമല്ല, യൂറോപ്യന്‍ പരിസ്ഥിതി ഏജന്‍സിയുടെ കണക്കനുസരിച്ച്, 20 വര്‍ഷത്തിനുള്ളില്‍ യൂറോപ്പിലെ പകുതിയോളം പുല്‍മേടിലെ ചിത്രശലഭങ്ങളും അപ്രത്യക്ഷമായി. എന്നാല്‍ ചിത്രശലഭങ്ങളുടെ ഭീഷണിയുടെ വ്യാപ്തി പലര്‍ക്കും ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

'തേന്റെ ആവശ്യത്തിനായി തേനീച്ച ഒഴികെ ആവാസവ്യവസ്ഥയില്‍ മറ്റ് പ്രാണി വര്‍ഗ്ഗങ്ങള്‍ വഹിക്കുന്ന പങ്ക് ഇപ്പോഴും ഭൂരിപക്ഷം പേര്‍ക്കും മനസിലായിട്ടില്ലെന്ന്' ഫ്രാന്‍സിലെ മ്യൂസിയം നാഷണല്‍ ഡി ഹിസ്റ്റോയര്‍ നേച്ചര്‍ അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു.

പരാഗണകാരികളായ പ്രാണികളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ, ചിത്രശലഭങ്ങളും ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല അവ പല കാര്‍ഷിക വിളകള്‍ക്കും അമൂല്യമായ സംഭാവനയാണ് നല്‍കുന്നത്. കാരണം അവ പൂമ്പൊടിയുടെ 80% ത്തിലധികം വഹിച്ചു കൊണ്ടുപോകുന്നു. അതിനേക്കാളേറെ അവ ഭക്ഷ്യ ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ്. ചിലന്തികള്‍, പല്ലികള്‍, പക്ഷികള്‍ എന്നിവയുള്‍പ്പെടെ നിരവധി വേട്ടക്കാരുടെ ഭക്ഷണം കൂടിയാണ് ചിത്രശലഭങ്ങള്‍.

ആവാസവ്യവസ്ഥയുടെ നാശമാണ് ചിത്രശലഭങ്ങളുടെ നാശത്തിന്റെ തോത് ഉയര്‍ത്തുന്നത്. കാര്‍ഷിക മേഖലയിലുപയോഗിക്കുന്ന അമിത കീടനാശിനി പ്രയോഗം ഇതിനൊരു കാരണമാണ്. നഗരവല്‍ക്കരണം, തണ്ണീര്‍ത്തടങ്ങള്‍ വറ്റിക്കല്‍, വനനശീകരണം, വിപുലമായ കന്നുകാലി വളര്‍ത്തല്‍ എന്നിവയാല്‍ പൂമ്പാറ്റകളുടെ  പ്രകൃതിദത്ത ജൈവ പ്രദേശങ്ങള്‍ നശിപ്പിക്കപ്പെടുന്നതിനാല്‍ പുല്‍മേടിലെ ചിത്രശലഭങ്ങളുടെ എണ്ണത്തെയും ഇത് ബാധിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം, വര്‍ദ്ധിച്ചുവരുന്ന വരള്‍ച്ച, മലിനീകരണം എന്നിവയും ഇവയുടെ വംശവര്‍ദ്ധനവിന് തടയിടുന്നു. കീടനാശിനിയുടെ പ്രയോഗം കുറച്ചാല്‍ തന്നെ കാര്യമായ മാറ്റം ഈ രംഗത്ത് ഉണ്ടാകുമെന്ന് വിദഗ്ദര്‍ പറയുന്നു. മാത്രമല്ല. പ്രകൃതിയിലുള്ള മനുഷ്യന്റെ അമിത പ്രയോഗം ഇല്ലാതാക്കി, ഭൂമിയെ അതിന്റെ ജൈവാവസ്ഥയില്‍ തിരിച്ച് വിടുക തുടങ്ങിയവ ചെയ്താല്‍ പൂമ്പാറ്റകളുടെ വംശവര്‍ദ്ധനവ് സാധ്യമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാണ് എന്നതാണ് പ്രധാന വെല്ലുവിളിയെന്നും പഠനം പരാമര്‍ശിക്കുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam