എക്കാലത്തെയും ചൂടന്‍ വര്‍ഷമായി 2024

JANUARY 14, 2025, 5:33 PM

ഭൂമിയില്‍ എക്കാലത്തെയും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2024. കാലാവസ്ഥയില്‍ കനത്ത മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും നിരവധി കാലാവസ്ഥ നിരീക്ഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. 2023 ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ചൂടിനെ 202 മറികടന്നു. ഇനിയും കൂടുതല്‍ താപനിലയിലേക്കാകും നമ്മള്‍ കുതിക്കുക. 2015 ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിപ്രകാരം നിശ്ചയിച്ചിട്ടുള്ള 1.5 ഡിഗ്രി സെല്‍ഷ്യസ് അഥവ 2.7 ഡിഗ്രി ഫാരന്‍ഹീറ്റ് എന്ന പരിധിയാണ് 2024 ല്‍ മറികടന്നിരിക്കുന്നത്. 1800കള്‍ക്ക് ശേഷം ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത് ആദ്യമാണ് എന്നും യൂറോപ്യന്‍ കമ്മീഷന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥ സര്‍വീസും ബ്രിട്ടണിലെ കാലാവസ്ഥ വകുപ്പും ജപ്പാന്റെ കാലാവസ്ഥ ഏജന്‍സിയും ചൂണ്ടിക്കാട്ടുന്നു.

അമേരിക്കന്‍ ഏജന്‍സികളായ നാസ, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയര്‍ അഡ്മിനിസ്‌ട്രേഷന്‍, സ്വകാര്യ ഏജന്‍സിയായ ബെര്‍ക്ക്‌ലി എര്‍ത്ത് എന്നിവരും കഴിഞ്ഞ ദിവസം 2024 ലെ താപനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. എല്ലാ ഏജന്‍സികളും 2024 ല്‍ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയെന്ന് തന്നെയാണ് വ്യക്തമാക്കുന്നതെന്ന് യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. 1850 മുതലുള്ള താപനില വ്യതിയാനങ്ങള്‍ ഗവേഷക സംഘങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അന്തരീക്ഷത്തില്‍ ഹരിതഗേഹ വാതകങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് ഇത്തരത്തില്‍ താപനില ഉയരാനുള്ള പ്രാഥമിക കാരണമെന്നാണ് വിലയിരുത്തല്‍. കല്‍ക്കരി, എണ്ണ, വാതകം എന്നിവയുടെ അമിതമായ കത്തിക്കലാണ് ഇതിന് കാരണമെന്നും കോപ്പര്‍നിക്കസിന്റെ മുഖ്യ കാലാവസ്ഥ നിരീക്ഷകനായ സാമന്ത ബര്‍ജസ് ചൂണ്ടിക്കാട്ടുന്നു. ഹരിത ഗേഹ വാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തിലെത്തുന്നതോടെ താപനിലയിലും വര്‍ദ്ധനയുണ്ടാകുന്നു. കടലിലെയും സമുദ്രത്തിലെയും ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇതോടെ മഞ്ഞുപാളികളും മഞ്ഞ് മലകളും ഉരുകാനും തുടങ്ങുന്നു.

2023ല്‍ രേഖപ്പെടുത്തിയ താപനിലയെക്കാള്‍ ഡിഗ്രി സെല്‍ഷ്യല്‍ എട്ടിലൊന്ന് വര്‍ദ്ധന രേഖപ്പെടുത്തി, ഫാരന്‍ ഹീറ്റില്‍ അഞ്ചിലൊന്നിലേറെയും. ഇത് അസാധാരണമായ വര്‍ദ്ധനയാണ്. അമിതമായി ചൂടേറിയ കഴിഞ്ഞ രണ്ട് വര്‍ഷത്തേക്കാള്‍ ആഗോളതാപനിലയില്‍ നൂറില്‍ ഒരു ഡിഗ്രിയാണ് വര്‍ദ്ധന. കഴിഞ്ഞ പത്ത് വര്‍ഷം പത്ത് ചൂടേറിയ വര്‍ഷങ്ങളായിരുന്നു. എന്നാല്‍ 125,000 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നെന്നും ബര്‍ജസ് ചൂണ്ടിക്കാട്ടുന്നു. ജൂലൈ പത്തിനാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ആഗോള ശരാശരി 17.16 ഡിഗ്രി സെല്‍ഷ്യസാണ്. അതായത് 62.89 ഡിഗ്രി ഫാരന്‍ഹീറ്റെന്നും കോപ്പര്‍നിക്കസ് കണ്ടെത്തുന്നു.

താപനിലയിലെ വര്‍ദ്ധനവിന് കാരണങ്ങള്‍ ഇവയാണ്

ഫോസില്‍ ഇന്ധനങ്ങള്‍ എരിക്കുന്നതിലൂടെയാണ് ചൂട് ഇത്രയേറെ വര്‍ദ്ധിക്കുന്നതെന്ന് നിരവധി ശാസ്ത്രജ്ഞര്‍ പറയുന്നു. താത്ക്കാലിക സ്വഭാവിക എല്‍ നിനോ പ്രതിഭാസവും മധ്യ പസഫികില്‍ താപനിലയില്‍ നേരിയ വര്‍ദ്ധനയുണ്ടാക്കി. ഇതിന് പുറമെ 2022 ല്‍ സമുദ്രത്തിനടിയിലുണ്ടായ ഒരു അഗ്‌നിപര്‍വത സ്‌ഫോടനവും താപനില വര്‍ദ്ധിക്കാന്‍ ഇടയാക്കി. ഇത് നിരവധി കണികകള്‍ അന്തരീക്ഷത്തിലേക്കും ബാഷ്പീകരിക്കപ്പെട്ട ജലകണങ്ങളിലേക്കും എത്താന്‍ കാരണമായെന്നും ബര്‍ജസ് ചൂണ്ടിക്കാട്ടുന്നു.

അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നതാണ് താപനിലയിലുണ്ടായിട്ടുള്ള ഈ വര്‍ദ്ധന ചൂണ്ടിക്കാട്ടുന്നതെന്ന് ജോര്‍ജിയ സര്‍വകലാശാലയിലെ കാലാവസ്ഥ പ്രൊഫസര്‍ മാര്‍ഷല്‍ ഷെഫേഡ് ചൂണ്ടിക്കാട്ടുന്നു. ഹെലന്‍ ചുഴലിക്കാറ്റ്, സ്‌പെയിനിലെ വെള്ളപ്പൊക്കം, കാലിഫോര്‍ണിയയിലെ കാട്ടുതീ എന്നിവ കാലാവസ്ഥയിലുണ്ടാകുന്ന ദൗര്‍ഭാഗ്യകരമായ വ്യതിയാനത്തെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇനിയും നമുക്ക് ചില ഗതിവ്യതിയാനങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കാലാവസ്ഥ വ്യതിയാനത്തിന്റെ ലക്ഷണങ്ങള്‍ നിരന്തരം ഉണ്ടാകുന്നുണ്ട്. പൊതുജനങ്ങള്‍ അടിയന്തരമായി തന്നെ ഇതില്‍ ശ്രദ്ധ ചെലുത്തണമെന്നും വുഡ്വെല്‍ കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ജെന്നിഫര്‍ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടുന്നു. ഇതില്‍ അടിയന്തരമായി നടപടികള്‍ എടുക്കേണ്ടത് കേവലം താപനില മാത്രം മുന്നില്‍ കണ്ടാകരുത്. കഴിഞ്ഞ വര്‍ഷം ലോകത്ത് 14000 കോടി ഡോളറിന്റെ നഷ്ടമാണ് കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയത്. രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ മൂന്നാമത്തെ നഷ്ടമാണിത്. വടക്കേ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായതെന്നും ഇന്‍ഷുറന്‍സ് കമ്പനിയായ മ്യൂണിച്ച് റേയുടെ റിപ്പോര്‍ട്ട് പറയുന്നു.

ആഗോളതാപനില വര്‍ദ്ധിക്കുന്നു എന്നതിനര്‍ത്ഥം കൂടുതല്‍ നാശനഷ്ടങ്ങള്‍ എന്നത് തന്നെയാണെന്ന് അരിസോണ സര്‍വകലാശാലയിലെ ജലശാസ്ത്രജ്ഞന്‍ കാത്തി ജേക്കബ്‌സ് പറയുന്നു. ഇത് മാനുഷികാരോഗ്യത്തെയും നാം ആശ്രയിക്കുന്ന പരിസ്ഥിതിയെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു

മറികടന്നത് പാരിസ് ഉടമ്പടിയിലെ പരിധി

1.5 ഡിഗ്രിയെന്ന പരിധി ആദ്യമായി മറികടന്നത് 2024 ലാണ്. ദീര്‍ഘകാലമായി മാറാതെ നിന്ന ചൂട് പരിധിയാണിത്. ഇരുപത് കൊല്ലത്തെ മുന്‍നിര്‍ത്തി തയാറാക്കിയിട്ടുള്ള ശരാശരി താപനിലയാണിത്. വ്യവസായവത്ക്കരണകാലത്തിന് മുമ്പ് ഇത് 1.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. പാരിസ് ഉടമ്പടി പ്രകാരമുള്ള 1.5 ഡിഗ്രിയ്ക്ക് മുകളിലേക്ക് പോകരുത്. ഈ രാജ്യാന്തര നയം പാലിക്കാന്‍ എല്ലാ രാജ്യങ്ങളും പ്രതിബദ്ധമാണ്.

1.5 ഡിഗ്രി പരിധി എന്നത് കേവലം ഒരു നമ്പരല്ല. ഇതൊരു ചുവപ്പ് മുന്നറിയിപ്പാണ്. പാരിസ് കരാര്‍ പ്രകാരം ഉണ്ടാക്കിയിട്ടുള്ള ഈ പരിധി ഒരൊറ്റ വര്‍ഷം കൊണ്ട് നാം മറികടന്നു എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പാരിസ് കരാറിലെ പരിധി മറികടന്നിരിക്കുന്നുവെന്നതിനെ നാം ഗൗരവത്തിലെടുക്കണമെന്നും നോര്‍ത്തേണ്‍ ഇല്ലിനോയ്‌സ് സര്‍വകലാശാലയിലെ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ വിക്ടര്‍ ജെന്‍സിനി ഒരു ഇമെയിലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ 2018 ലെ ഒരു പഠനത്തില്‍ ഭൂമിയിലെ താപനില വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസ് ഡിഗ്രിയില്‍ താഴെ നിലനിര്‍ത്തുന്നത് പവിഴപ്പുറ്റുകളുടെ വംശനാശത്തെ തടയാന്‍ അത്യന്താപേക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളുടെ ഉരുകല്‍ തടയാനും ഇത് അത്യന്താപേക്ഷിതമാണ്. ഇതിലൂടെ നിരവധി മരണങ്ങള്‍ തടയാനും നിരവധി പേരുടെ ദുരിതങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.

ഇക്കുറി ലാനിന

കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന എല്‍ നിനോ മുന്നറിയിപ്പിന് പകരം ഇക്കുറി ഊഷ്മാവ് കുറയ്ക്കുന്ന ലാനിന പ്രതിഭാസമുളളതിനാല്‍ 2025 കഴിഞ്ഞ വര്‍ഷത്തെപ്പോലെ ചൂടുള്ളതാകില്ലെന്നാണ് യൂറോപ്യന്‍, ബ്രിട്ടീഷ് ഏജന്‍സികളുടെ വിലയിരുത്തല്‍. എങ്കിലും താപനില കൂടിയ മൂന്നാമത്തെ വര്‍ഷമായിരിക്കുമിതെന്നും വിലയിരുത്തലുണ്ട്. എങ്കിലും ഇക്കൊല്ലത്തെ ആദ്യ ആറ് ദിവസങ്ങള്‍ കിഴക്കന്‍ അമേരിക്കയില്‍ കൊടുംചൂടാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷാരംഭത്തില്‍ ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ആദ്യമായാണെന്നും കോപ്പര്‍നിക്കസിന്റെ രേഖകള്‍ പറയുന്നു.

ആഗോള താപനില വര്‍ദ്ധിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞരുടെ ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്നതിന് മതിയായ രേഖകള്‍ ലഭ്യമല്ല. സമുദ്രതാപനില കേവലം വര്‍ദ്ധിക്കുകയല്ല മറിച്ച് ത്വരിത വേഗത്തില്‍ കുതിക്കുകയാണെന്നും കോപ്പര്‍നിക്കസ് മേധാവി കാര്‍ലോ ബ്യുയോണ്‍ടെമ്പോ പറയുന്നു. നമ്മള്‍ പുതിയൊരു കാലാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. ഒപ്പം പുത്തന്‍ വെല്ലുവിളികളെയും. ഈ കാലാവസ്ഥ വെല്ലുവിളികളെ നേരിടാന്‍ നമ്മുടെ സമൂഹം വേണ്ട തയാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നും ബ്യൂവോണ്‍ടെമ്പോ പറയുന്നു.

നമ്മളൊരു ശാസ്ത്ര ചലച്ചിത്രത്തിന്റെ അവസാനം കാണും പോലൊരു അവസ്ഥയിലാണെന്നും പെന്‍സില്‍ വാനിയ സര്‍വകലാശാലയിലെ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ മൈക്കിള്‍ മാന്‍ പറയുന്നു. നാം വിതച്ചത് കൊയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam