എന്താണ് നടക്കുന്നത്? കാനഡ ഭീകരസംഘടനയ്ക്ക് വളക്കൂറുള്ള മണ്ണോ?

JANUARY 14, 2025, 12:37 AM

ആഗോളതലത്തില്‍ ഇസ്ലാമിക ഖിലാഫത്ത് നടപ്പാക്കണമെന്ന് വാദിക്കുന്ന ഭീകര സംഘടനയായ ഹിസ്ബ് ഉത് തഹ്രീറിന്റെ നേതൃത്വത്തില്‍ കാനഡയിലെ ഒന്റാറിയോയിലെ മിസിസാഗയില്‍ വാര്‍ഷിക സമ്മേളനം നടത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജനുവരി 18നാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഇസ്ലാമിക ഖിലാഫത്തിന്റെ പുനസ്ഥാപനവും ശരിയത്ത് നിയമം നടപ്പിലാക്കണമെന്നതുമാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട.

രാജ്യത്ത് ഭീകരസംഘടനകള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം രാജിവെച്ചത്.  ഭീകര സംഘടന കാനഡയില്‍ സമ്മേളനം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. നിരവധി രാജ്യങ്ങള്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടും അവരുടെ പ്രവര്‍ത്തനങ്ങളോട് കാനഡ അനുകൂല നിലപാട് പുലര്‍ത്തുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

അമേരിക്ക, യൂറോപ്പ്, റഷ്യ, ചൈന എന്നിവയുള്‍പ്പെടുന്ന കൊളോണിയലിസ്റ്റ് സൂപ്പര്‍ പവറുകളെ മറികടക്കാനുള്ള വഴികള്‍ പര്യവേഷണം ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സമ്മേളനത്തിന്റെ പ്രൊമോഷണല്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഹിസ്ബ് ഉത്-തഹ്രീറിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ പ്രകോപനപമരമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക നമ്മുടെ സമൂഹത്തിന്റെ അത്ര ശക്തമാണോയെന്നും നമുക്ക് അമേരിക്കയെ തോല്‍പ്പിക്കാന്‍ കഴിയില്ലേയെന്നും വീഡിയോയില്‍ ചോദിക്കുന്നുണ്ട്. റോം, പേര്‍ഷ്യ ഉള്‍പ്പെടെയുള്ള പുരാതന സാമ്രാജ്യങ്ങളുടെ വിജയങ്ങളെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശനം ഉണ്ട്. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളെ മുസ്ലീം നഗരങ്ങള്‍ എന്നാണ് വീഡിയോയില്‍ അവകാശപ്പെടുന്നത്.

'ദേശീയതയും ഭരണകൂടങ്ങളും; ഇസ്ലാമിന്റെ മുഖ്യ ശത്രുക്കള്‍', 'ഖിലാഫത്ത് മാത്രമെ പലസ്തീനെ സ്വതന്ത്രമാക്കൂ, മറ്റെല്ലാം ശ്രദ്ധ തിരിക്കുന്നവയാണ്' തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനം ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സമ്മേളനം നടക്കുന്ന കൃത്യമായ വേദി എവിടെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.

ലോകമെമ്പാടും നിരോധിച്ചു, കാനഡയില്‍ നിരോധനമില്ല

1953ലാണ് ഹിസ്ബ് ഉത് തഹ്രരീര്‍ സ്ഥാപിതമായത്. ജോര്‍ദാന്‍ നിയന്ത്രിത ജറുസലേമില്‍ പലസ്തീന്‍ ഇസ്ലാമിക പണ്ഡിതനായ തഖി അല്‍ ദിന്‍ അല്‍ നഭാനിയാണ് ഈ സംഘടന രൂപീകരിച്ചത്. കര്‍ശനമായ ശരിയത്ത് നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഈ സംഘടന തീവ്രവാദത്തെയും ജൂതവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നു. യുകെ, ജര്‍മനി, ഈജിപ്ത്, ഇന്ത്യ, ചൈന, ഇന്തോനേഷ്യ, റഷ്യ, തുര്‍ക്കി, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഈ സംഘടന നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സംഘടനയുടെ സമ്മേളനം യുകെയില്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെ റദ്ദാക്കി.

അന്താരാഷ്ട്രതലത്തില്‍ സംഘടനയ്ക്കെതിരെ ഇത്രയധികം നടപടികള്‍ സ്വീകരിച്ചിട്ടും കാനഡ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. അതേസമയം, മിസിസാഗ മേയര്‍ ബോണി ക്രോംബി സമ്മേളനത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് സാമൂഹിക ഐക്യത്തിന് ഭീഷണിയാണെന്നും സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ കീഴില്‍ കാനഡ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുടെ സുരക്ഷിത താവളമായി മാറിയിരിക്കുന്നുവെന്ന് കനേഡിയന്‍ പാര്‍ലമെന്റ് അംഗം കെവിന്‍ വൂങ് വിമര്‍ശിച്ചു.

ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാനഡയുടെ പുറത്തേക്കും ആശങ്ക ഉയര്‍ത്തുന്നുണ്ട്. തമിഴ്‌നാട്ടിലും മറ്റ് പ്രദേശങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഹിസ്ബു ഉത്-തഹ്രീര്‍ അംഗങ്ങളെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്‍ റഹ്മാനും മുജിബുര്‍ റഹ്മാനുമെതിരെ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അടുത്തിടെ കുറ്റം ചുമത്തിയിരുന്നു.

ബംഗ്ലാദേശില്‍, ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതിനുശേഷം സംഘടനയുടെ സ്വാധീനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ഭരണകൂടം, ഹിസ്ബുത്-തഹ്രീര്‍ ബംഗ്ലാദേശിന്റെ സ്ഥാപകനായ നസിമുള്‍ ഗാനിയെ ആഭ്യന്തര സെക്രട്ടറിയായി നിയമിക്കുകയും സംഘടനയെ പിന്തുണയ്ക്കുകയും ചെയ്തതിന് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam