ട്രംപ് അധികാരത്തിലെത്തുമ്പോള്‍ എന്ത് സംഭവിക്കും?

JANUARY 13, 2025, 11:40 PM

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. എന്തൊക്കെയാണ് പുതിയ പ്രസിഡന്റ് നടപ്പിലാക്കുക എന്നറിയാന്‍ ലോകം കാത്തിരിക്കുകയാണ്. യുഎസ് വിപുലീകരണമാണ് ട്രംപ് മുന്നോട്ട് വെയ്ക്കുന്ന പ്രധാന അജണ്ട. ട്രംപ് യുദ്ധ ദാഹിയല്ലെന്ന് അദ്ദേഹത്ത പിന്തുണയ്ക്കുന്നവര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും തന്റെ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്ന രാജ്യങ്ങള്‍ക്കെതിിരെ സാമ്പത്തിക യുദ്ധമാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

കാനഡ, മെക്‌സിക്കോ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപ് ലക്ഷ്യം വെയ്ക്കുന്നത് യുഎസ് വിപുലീകരണമാണ്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് കാനഡയെ അമേരിക്കയോട് ചേര്‍ത്തുനിര്‍ത്താനുള്ള ട്രംപിന്റെ ശ്രമം. കൂടാതെ പനാമ കനാലും ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമര്‍ശങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെക്‌സിക്കോയ്ക്ക് മേലും ട്രംപിന്റെ നോട്ടമുണ്ടെന്ന് വ്യക്തമാണ്. രാഷ്ട്രത്തലവന്‍ എന്ന നിലയിലുളള പ്രസ്താവനകളും പ്രഖ്യാപനങ്ങളും പുറപ്പെടുവിക്കാന്‍ ട്രംപ് സത്യപ്രതിജ്ഞ വരെ കാത്തിരിക്കുന്നില്ലെന്ന് ഇതില്‍ നിന്നും വ്യക്തമായിരിക്കുകയാണ്.

പനാമ കനാലും ഗ്രീന്‍ലാന്‍ഡും ഏറ്റെടുക്കുന്നതിനുള്ള സൈനിക നടപടി തള്ളിക്കളയാനും ട്രംപ് തയ്യാറായിട്ടില്ല. ഗള്‍ഫ് ഓഫ് മെക്‌സിക്കോയെ 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുന്നുണ്ട്. അധികാരമേല്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നേടാന്‍ ട്രംപ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ലോകം കാത്തിരിക്കുന്നത്.

എന്തുകൊണ്ട് പനാമ കനാല്‍

അറ്റ്‌ലാന്റിക്-പസഫിക്ക് സമുദ്രങ്ങളെ കൂട്ടിയിണക്കുന്ന പാനമ കനാലിനെ ട്രംപ് ലക്ഷ്യം വെയ്ക്കുന്നതിന്റെ പിന്നില്‍ സാമ്പത്തിക നേട്ടം തന്നെയാണ്. ലോക സമുദ്ര വാണിജ്യത്തിന്റെ അഞ്ച് ശതമാനവും ഈ കനാല്‍ വഴിയാണ് നടക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഇതിലൂടെ കടന്നുപോകുന്ന 74 ശതമാനം കപ്പലുകളും അമേരിക്കയുടേതാണ് എന്നതാണ്.

കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കനാലിലേക്ക് വെള്ളം നല്‍കുന്ന ഗെതുന്‍ തടാകം വരള്‍ച്ചയെ നേരിടുകയാണ്. അതിനാല്‍ ജനുവരി ഒന്നുമുതല്‍ ഷിപ്പിങ് ചാര്‍ജ് പാനമ വര്‍ധിപ്പിച്ചതാണ് ട്രംപിന്റെ പ്രകോപനത്തിന്റെ പ്രധാനകാരണം. കൂടാതെ ചൈനീസ് സൈനികരുടെ സ്വാധീനം വര്‍ധിക്കുന്നതും ട്രംപിന്റെ പ്രകോപനത്തിന്റെ പിന്നിലുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ കണക്കനുസരിച്ച് ഒരു വര്ഷം 14,000 കപ്പല്‍ കടന്നുപോകുന്ന പാനമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുക എന്നത് അമേരിക്കയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്.

ഗ്രീന്‍ലന്‍ഡും അമേരിക്കയും

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുന്നതില്‍ ട്രംപ് സ്വീകരിക്കുന്ന സമീപനവും ഏകദേശം ഇതുതന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിന്റെ ഭാഗമാണ്. ഐസുമൂടി കിടക്കുന്ന ഈ പ്രദേശം ധാതുലവണങ്ങളുടെയും എണ്ണയുടെയും വന്‍ ശേഖരമാണെന്നാണ് കണ്ടെത്തിയിരുന്നു. ഒന്നര ലക്ഷം കോടി ഡോളര്‍ ഡെന്മാര്‍ക്കിന് നല്‍കി ഗ്രീന്‍ലാന്‍ഡ് കൈവശപ്പെടുത്തിയാലും അമേരിക്കയ്ക്ക് ലാഭം നേടാന്‍ കഴിയുമെന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാനഡയും അമേരിക്കയും

തിരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ മുതല്‍ ട്രംപ് കാനഡയെ അമേരിക്കയോട് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോയെ കാനഡയുടെ ഗവര്‍ണര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ട്രൂഡോയുടെ രാജിക്ക് പിന്നാലെ ഇതേകാര്യം ട്രംപ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കാനഡയുടെ ഉയര്‍ന്ന വ്യാപാര കമ്മിയും സബ്സിഡികളും അമേരിക്കയ്ക്ക് തുടരാനാകില്ലെന്നും കാനഡ നേരിടുന്ന പ്രശ്‌നങ്ങള്‍ ജസ്റ്റിന്‍ ട്രൂഡോക്ക് അറിയാമെന്നും ട്രംപ് പറഞ്ഞിരുന്നു.

കാനഡ യുഎസില്‍ ലയിച്ചാല്‍ അധിക നികുതികള്‍ ഉണ്ടാകില്ല. മറ്റ് നികുതികള്‍ കുറയും. അതുപോലെ ഇപ്പോള്‍ റഷ്യന്‍, ചൈനീസ് കപ്പലുകള്‍ മൂലം നേരിടുന്ന ഭീഷണികളില്‍ നിന്ന് സുരക്ഷിതത്വവും ലഭിക്കുമെന്നും നിയുക്ത പ്രസിഡന്റ് ആവര്‍ത്തിച്ച് പറയുന്നു. പിന്നാലെ കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടവും ട്രംപ് പങ്കുവെച്ചിരുന്നു. ഇത്രയും നാള്‍ നിശബ്ദമായിരുന്ന കാനഡ ഇതിനെതിരെ രംഗത്തിയിട്ടുണ്ട്. അമേരിക്കയുടെ ഭാഗമായ സ്ഥലങ്ങളും, അല്ലാത്തതും എന്ന് വേര്‍തിരിച്ചു കാണിക്കുന്ന ഒരു ഭൂപടമാണ് ലിബറല്‍ പാര്‍ട്ടി പങ്കുവെച്ചിരിക്കുന്നത്.

കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമായാല്‍

ഭൂവിസ്തൃതി:

കാനഡ അമേരിക്കയുടെ ഭാഗമാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ രാജ്യമായി അമേരിക്ക മാറും. വലിപ്പത്തില്‍ റഷ്യയെ മറികടക്കാന്‍ അമേരിക്കയ്ക്ക് കഴിയും.

സമ്പദ്വ്യവസ്ഥ:

വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായിരിക്കും കാനഡ. കൂടാതെ സാമ്പത്തികസ്ഥിതിയില്‍ മൂന്നാമത്തെ വലിയ സംസ്ഥാനമായി കാനഡ മാറും. കാലിഫോര്‍ണിയയും ടെക്സാസുമായിരിക്കും ഈ പട്ടികയില്‍ കാനഡയ്ക്ക് മുന്നില്‍. കാനഡയുടെ ലയനം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കും. തല്‍ഫലമായി അമേരിക്കയുടെ സമ്പദ്വ്യവസ്ഥ ചൈനയെ മറികടന്ന് ഏകദേശം 30 ട്രില്യണ്‍ യുഎസ് ഡോളറിലെത്തും.

സൈന്യം:

കാനഡയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളും സംസ്ഥാനങ്ങളും ഉപയോഗിച്ച് ആര്‍ട്ടിക് പ്രദേശത്ത് സ്വാധീനം ചെലുത്താന്‍ അമേരിക്കയ്ക്ക് സാധിക്കും. ഇതിലൂടെ തന്ത്രപ്രധാനമായ വടക്കുപടിഞ്ഞാറന്‍ പാതയുടെ നിയന്ത്രണത്തിലേക്ക് എത്താനും സാധിക്കും. കാനഡയുടെ ഒരുലക്ഷം വരുന്ന സൈന്യത്തെ യുഎസ് സൈന്യത്തിലേക്ക് സംയോജിപ്പിച്ച് നേട്ടങ്ങളുണ്ടാകാന്‍ സാധിക്കുമെന്നാണ് അമേരിക്ക കരുതുന്നത്. കൂടാതെ 65 കനേഡിയന്‍ എയര്‍ഫോഴ്സ് ഫൈറ്റര്‍ ജെറ്റുകള്‍, 143 ഹെലികോപ്ടറുകള്‍, കനേഡിയന്‍ നാവികസേനയുടെ 14 യുദ്ധകപ്പലുകള്‍, നാല് അന്തര്‍വാഹിനികള്‍ തുടങ്ങിയവയും അമേരിക്കയുടെ നിയന്ത്രണത്തിന് കീഴിലാകും.

വിഭവങ്ങള്‍:

കാനഡ യുഎസില്‍ ലയിക്കുന്നതോടെ വിശാലമായ വിഭവങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും. ആര്‍ട്ടിക് വിഭവങ്ങള്‍ ഉപയോഗിക്കാനും കാനഡയുടെ പ്രകൃതിദത്ത വിഭവങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും അമേരിക്കയ്ക്ക് കഴിയും. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലശേഖരവും ആഗോള ഇന്ധനശേഖരത്തിന്റെ 13 ശതമാനവും കൈയടക്കാന്‍ അമേരിക്കയ്ക്ക് കഴിയും. ഇന്ധനശേഖരത്തിന്റെ കാര്യത്തില്‍ റഷ്യ,ഇറാഖ്, ഇറാന്‍ എന്നിവയെ മറികടക്കാനും യുഎസിന് സാധിക്കും.

ജനസംഖ്യ:

കാനഡ അമേരിക്കയില്‍ ലയിക്കുന്നതോടെ അമേരിക്കയുടെ ആകെ ജനസംഖ്യ 40 ദശലക്ഷം വര്‍ധിച്ച് 380 ദശലക്ഷമായി മാറും.

ലയനം സാധ്യമോ?

കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറുമെന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രശ്നങ്ങള്‍ ലയനത്തിന് വെല്ലുവിളി തീര്‍ക്കുന്നു. കൂടാതെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഉഭയകക്ഷി പങ്കാളിത്തവും അന്താരാഷ്ട്ര ബന്ധങ്ങളും ലയന സാധ്യത അപ്രായോഗികമാക്കുന്നു.

എന്തുതന്നെയായാലും അധികാരത്തില്‍ എത്തിയാല്‍ ഇക്കാര്യങ്ങളെല്ലാം ട്രംപ് നടപ്പിലാക്കുമോ എന്ന് അറിയാനാണ് ലോകം ഉറ്റുനോക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam