കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജി അന്താരാഷ്ട്ര
വിദ്യാര്‍ത്ഥികളില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള
വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും നിലനില്‍പ്പിന് ഭീഷണിയാകുമെന്ന്
റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ രാജി വലിയ
ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്ന അവസരത്തില്‍ ഇന്ത്യക്കാര്‍ക്ക് ഇത്
പ്രതികൂലമാകുമോ എന്ന് നോക്കാം.
കുടിയേറ്റ നിയന്ത്രണവുമായി
ബന്ധപ്പെട്ട് ട്രൂഡോ കുറെ പദ്ധതികള്‍ തയാറാക്കിയെങ്കിലും വിദേശ
വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച കാലഘട്ടങ്ങളില്‍ ഒന്നായിരുന്നു
ട്രൂഡോയുടെ ഭരണകാലമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ലിബറല്‍
ഇമിഗ്രേഷന്‍ നയങ്ങളില്‍ നിന്ന് കാര്യമായ പ്രയോജനം നേടിയ അന്തര്‍ദേശീയ
വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്, ട്രൂഡോയുടെ
ഭരണകാലം ഒരു സുവര്‍ണ്ണ കാലഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഇമിഗ്രേഷന്‍,
റഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2015
മുതല്‍ 2024 വരെ ഏകദേശം 1.3 ദശലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്
ഉപരിപഠനത്തിനായി കാനഡ തിരഞ്ഞെടുത്തത്.
2015 മുതല്‍ 2023 വരെയുള്ള
ട്രൂഡോയുടെ ഭരണകാലത്ത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച്
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിരവധി അവസരങ്ങളും ആനൂകൂല്യങ്ങളും
ലഭിച്ചിരുന്നു. 2015ല്‍ 31,920 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ
വിദ്യാഭ്യാസ അനുമതി ലഭിച്ചിരുന്നുള്ളു. ഇത് ആകെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി
ജനസംഖ്യയുടെ 14.5 ശതമാനമാണ്. എന്നാല്‍ 2023 ആയപ്പോഴേക്കും വിദ്യാഭ്യാസ
അനുമതി ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 278,250 ആയി ഉയര്‍ന്നു.
എന്നാല്‍ ഈയടുത്ത് കനേഡിയന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി
പ്രവേശനത്തിന് കര്‍ശനമായ ഉപാധികള്‍ മുന്നോട്ടുകൊണ്ടുവന്നിരുന്നു. ഇതോടെ
2024 ല്‍ സ്റ്റഡി പെര്‍മിറ്റ് ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം
നാല് ശതമാനം കുറഞ്ഞു.
കാനഡയിലെ കണ്‍സര്‍വേറ്റീവ് നേതാവും
പ്രധാനമന്ത്രി പദത്തിനായുള്ള പോരാട്ടത്തിലെ മുന്‍നിരക്കാരനുമായ പിയറി
പൊയിലിവ്രെ ട്രൂഡോയുടെ കുടിയേറ്റ നയങ്ങളുടെ കടുത്ത വിമര്‍ശകനാണ്. രാജ്യത്തെ
താല്‍ക്കാലിക വിദേശ തൊഴിലാളി (TFW) പദ്ധതിയില്‍ മാറ്റം കൊണ്ടുവന്ന ട്രൂഡോ
സര്‍ക്കാരിനെ പൊയിലിവ്രെ പരസ്യമായി ശകാരിച്ചിരുന്നു. ഈ പദ്ധതി കാര്‍ഷിക
മേഖലയ്ക്കായി സംരക്ഷിക്കണമെന്നാണ് പൊയിലിവ്രെയുടെ വാദം. കനേഡിയന്‍
പൗരന്‍മാരുടെ തൊഴിലവസരങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന താല്‍കാലിക വിദേശ
തൊഴിലാളികളെ കുറയ്ക്കാനും പൊയിലിവ്രെ പദ്ധതിയിടുന്നുണ്ട്.
വരാനിരിക്കുന്ന
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനൊരുങ്ങുകയാണ്
പൊയിലിവ്രെ. പ്രധാനമന്ത്രിയായി അധികാരത്തിലേറിയാല്‍ രാജ്യത്തിന്റെ
കുടിയേറ്റ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം
വാഗ്ദാനം ചെയ്തിരുന്നു. പൊയിലിവ്രെ അധികാരത്തിലെത്തിയാല്‍ അന്താരാഷ്ട്ര
വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുമതി ലഭിക്കുന്നതിലും വെല്ലുവിളികള്‍
നേരിടേണ്ടി വരും.
ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും
കുടിയേറ്റക്കാരെയും ബാധിക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റ് ലഭിക്കുന്നതിലും
കാനഡയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിലും വെല്ലുവിളികള്‍
നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ സൂചന നല്‍കുന്നു.
ജോലിയ്ക്കായുള്ള
യോഗ്യതാ മാനദണ്ഡങ്ങളും പരിഷ്‌കരിക്കപ്പെടാം. അതെല്ലാം കാനഡയില്‍
സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ
കനേഡിയന്‍ സര്‍വകലാശാലകളിലും കോളേജുകളിലും പ്രവേശനത്തിനായുള്ള മത്സരം
വര്‍ധിക്കുന്നതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളി തീര്‍ക്കും.
പ്രത്യേകിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍
സര്‍ക്കാര്‍ തീരുമാനമെടുക്കുന്ന സാഹചര്യത്തില്‍ പരിമിതമായ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്
കടുത്ത മത്സരം നേരിടേണ്ടി വരും.
അതോടൊപ്പം സ്റ്റഡി
പെര്‍മിറ്റിനായുള്ള അപേക്ഷ പ്രക്രിയ ദൈര്‍ഘ്യമേറിയതാകും. കൂടാതെ കര്‍ശനമായ
യോഗ്യതാ മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ വരുന്നതോടെ കാനഡയില്‍ വിദ്യാഭ്യാസം
നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലാകും.
അധികാരത്തിലെത്തിയാല്‍ താല്‍ക്കാലിക വിദേശതൊഴിലാളികളെ നിയന്ത്രിക്കുന്ന നയം
നടപ്പിലാക്കുമെന്ന പൊയിലിവ്രെയുടെ മുന്നറിയിപ്പ് കാനഡയില്‍ ജോലി ചെയ്യുന്ന
ഇന്ത്യക്കാരെയും ബാധിക്കും. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള
കുടിയേറ്റക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുമെന്നും സൂചനയുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1