ഓസ്ട്രേലിയയും വിസ നടപടി കടുപ്പിക്കുന്നു

JANUARY 14, 2025, 12:30 PM

വിദേശവിദ്യാര്‍ത്ഥികള്‍ക്കായുള്ള വിസ ചട്ടങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഓസ്ട്രേലിയ. ഇനി മുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ വിസയ്ക്കായുള്ള അപേക്ഷയ്ക്കൊപ്പം കണ്‍ഫര്‍മേഷന്‍ ഓഫ് എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്നാണ് നിര്‍ദേശം. പ്രവേശനം ലഭിച്ച കോഴ്സില്‍ പഠിക്കാനെത്തുമെന്ന് വിദ്യാര്‍ത്ഥി ഉറപ്പുനല്‍കുന്ന രേഖയാണിത്.

'' ജനുവരി 1 മുതല്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ അപേക്ഷയ്ക്കൊപ്പം സിഒഇ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം,'' ഓസ്ട്രേലിയയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിഒഇ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവരുടെ അപേക്ഷ അസാധുവാകും. കൂടാതെ അപേക്ഷകര്‍ക്ക് തങ്ങളുടെ വിസ പുതുക്കാന്‍ കഴിയുകയുമില്ല. നിലവിലെ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് സിഒഇ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവര്‍ രാജ്യം വിട്ടുപോകണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ഓസ്ട്രേലിയയില്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കുടിയേറ്റം നിയന്ത്രിക്കാനായി സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. 2024 ഡിസംബറില്‍ വിദ്യാഭ്യാസമന്ത്രി ജെയ്സണ്‍ ക്ലെയര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിസ പ്രോസസിംഗിന് മുന്‍ഗണന നല്‍കുന്ന നിര്‍ദേശം അവതരിപ്പിച്ചു. നിര്‍ദേശത്തില്‍ വിസ പ്രോസസിംഗുമായി ബന്ധപ്പെട്ട രണ്ട് വിഭാഗത്തെപ്പറ്റിയാണ് പറയുന്നത്.

ഉയര്‍ന്ന മുന്‍ഗണന:

സര്‍വകലാശാലകളില്‍ നിശ്ചിത അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ക്വോട്ടയുടെ 80 ശതമാനം എത്തുന്നതുവരെ അപേക്ഷകള്‍ക്ക് അതിവേഗത്തില്‍ അംഗീകാരം നല്‍കാം.

സ്റ്റാന്‍ഡേര്‍ഡ് പ്രോസസിംഗ്:

80 ശതമാനംക്വോട്ട എത്തിക്കഴിഞ്ഞാല്‍ വിസ അംഗീകാരം മന്ദഗതിയിലാക്കാം. രാജ്യത്തെ കുടിയേറ്റം വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരം നിര്‍ദേശം മുന്നോട്ടുവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കുടിയേറ്റവും വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണവും കൂടുന്നതില്‍ ആശങ്ക

2025 മാര്‍ച്ചിലാണ് ഓസ്ട്രേലിയയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. കോവിഡ് വ്യാപനത്തിന് ശേഷം രാജ്യത്തെ കുടിയേറ്റനിരക്കുകളിലും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2023ല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. 746,080 വിദേശവിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷങ്ങളില്‍ ഓസ്ട്രേലിയയിലേക്ക് എത്തിയത്.ഇതില്‍ 122,391 പേര്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥി വിസയില്‍ എത്തുന്ന പലരും രാജ്യത്ത് ജോലിയ്ക്കായി ശ്രമിക്കുന്നതും വെല്ലുവിളി തീര്‍ക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ സ്റ്റുഡന്റ്, പോസ്റ്റ് സ്റ്റഡി വിസയില്‍ 860000ലധികം പേര്‍ ഓസ്ട്രേലിയയില്‍ കഴിയുന്നുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam