കൊച്ചി: നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമാ, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജുമായി കൈകോർത്ത് ഫോമാ കുടുംബാംഗങ്ങൾക്കും അവരുടെ ബന്ധുക്കൾക്കും വേണ്ടി ആവിഷ്കരിച്ചിരിക്കുന്ന ഡയമണ്ട് മെഡിക്കൽ കാർഡ് പദ്ധതിയുടെ ഉദ്ഘാടനം മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പ്രൊഫ. പി.ജെ. കുര്യൻ നിർവ്വഹിച്ചു. ആശുപത്രിയിലെത്തുന്ന ഫോമായുടെ അംഗങ്ങൾക്കും ബന്ധുക്കൾക്കും പരസഹായമില്ലാതെ, ഏറെ നേരം കാത്തുനിൽക്കാതെ ആരോഗ്യസംബന്ധമായ സേവനങ്ങൾ ലഭ്യമാക്കാനും ഇളവ് ലഭിക്കാനുമുള്ള ഗേറ്റ് വേയാണ് ആരോഗ്യകരമായ ഈ സ്കീമിലൂടെ തുറന്നിരിക്കുന്നതെന്ന് പ്രൊഫ. പി.ജെ. കുര്യൻ പറഞ്ഞു.
ഇന്ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജിലെ സെനറ്റ് ഹാളിൽ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സന്നിഹിതരായിരുന്ന ഫോമാ കുടുംബാംഗങ്ങൾ കാർഡ് ഏറ്റുവാങ്ങി. കൂടുതൽ പേർക്ക് കാർഡുകൾ നൽകുമെന്ന് ബേബി മണക്കുന്നേൽ അറിയിച്ചു. നാട്ടിലെത്തുന്ന ഫാമാ കുടുംബാംഗങ്ങൾക്കും കേരളത്തിലുള്ള അവരുടെ ബന്ധുക്കൾക്കും വേഗത്തിൽ വിവിധ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ ഈ മെഡിക്കൽ കാർഡ് ഏറെ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മിതമായ നിരക്കിലുള്ള ആരോഗ്യ സുരക്ഷാ സേവനം, ഹോംകെയർ സർവീസ്, ചെക്കപ്പ്, ഔട്ട്പേഷ്യന്റ് വിഭാഗത്തിന് മുൻഗണന തുടങ്ങിയവ പ്രദാനം ചെയ്യുന്നതാണ് ഫോമാപുഷ്പഗിരി മെഡിക്കൽ സ്കീം.
യോഗത്തിൽ പുഷ്പഗിരി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ലിജു തോമസ്, പുഷ്പഗിരി ഹോസ്പിറ്റൽ സി.ഇ.ഒ റവ. ഫാ. ഫിലിപ്പ് പായംപള്ളിൽ, പത്തനംതിട്ട ജില്ല യു.ഡി.എഫ് കൺവീനർ അഡ്വ. വർഗീസ് മാമ്മൻ, റാന്നി മുൻ എം.എൽ.എയും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാം, ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ഫോമായുടെ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ, മുൻ പ്രസിഡന്റുമാരായ അനിയൻ ജോർജ്, ഡോ. ജേക്കബ് തോമസ്, നാഷണൽ കമ്മിറ്റി മെമ്പർ ജിജു കുളങ്ങര, സതേൺ റീജിയൺ പ്രസിഡന്റ് രാജേഷ് മാത്യു, ഫോമാ മുൻ കൺവൻഷൻ ചെയർമാനും പി.ആർ.ഒയുമായിരുന്ന മാത്യു വർഗീസ്, വർഗീസ് ചാമത്തിൽ തുടങ്ങിയവർ സംസാരിച്ചു.
ഫോമാ അംഗങ്ങളും അവരുടെ മാതാപിതാക്കളും കുട്ടികളും ആണ് ഈ മെഡിക്കൽ കാർഡിന്റെ ഗുണഭോക്താക്കൾ. കെ.എ.എസ്.പി, ഇ.എസ്.ഐ, മെഡിസെപ് ഉൾപ്പെടെയുള്ള ഇൻഷുറൻസ് പദ്ധതിയിൽ ചേരാത്തവർക്ക് ഈ സ്കീമിന്റെ ആനുകൂല്യം ലഭിക്കും. കുടുംബത്തിലെ മറ്റാർക്കെങ്കിലും ആരോഗ്യ സേവനം ആവശ്യമുണ്ടെങ്കിൽ ഫോമായുടെ ഔദ്യോഗിക ലെറ്റർ ഹെഡിൽ ബന്ധുത്വം തെളിയിക്കുന്ന ശുപാർശ നൽകിയാൽ മതി. പുഷ്പഗിരി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ലിജു തോമസുമായി ഫോമാ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് ഫോമാപുഷ്പഗിരി മെഡിക്കൽ സ്കീം ആവിഷ്കരിക്കാൻ ധാരണയായത്.
ഔട്ട് പേഷ്യന്റ് ചെക്കപ്പിനും മറ്റും 'പേഷ്യന്റ് റിലേഷൻസ് ഓഫീസറു'ടെ സഹായം ഉണ്ടായിരിക്കും. രോഗനിർണയത്തിനും മരുന്നിനും ശസ്ത്രക്രിയ സംബന്ധിച്ചുള്ള കാര്യങ്ങൾക്കും 5 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഫൈനൽ ബില്ലിൽ 10 ശതമാനം ഡിസ്കൗണ്ട് ഉണ്ട്. സ്കീമിലൂടെ നിലവാരമുള്ള ചികിൽസയും മറ്റ് സേവനങ്ങളും താങ്ങാവുന്ന നിരക്കിൽ രോഗികൾക്ക് ലഭിക്കുമെന്ന് പുഷ്പഗിരി മെഡിക്കൽ കോളേജിലെ ബന്ധപ്പെട്ട അധികൃതർ ഉറപ്പുനൽകി.
ഫോമാപുഷ്പഗിരി മെഡിക്കൽ സ്കീമിന്റെ സേവന ആനുകൂല്യങ്ങൾ, ആവശ്യമുള്ളപ്പോൾ വേണ്ടവർക്കെല്ലാം ലഭിക്കട്ടെയെന്നും ഫോമാ കർമഭൂമിയിലും ജൻമനാട്ടിലും സമയബന്ധിതമായി നടപ്പാക്കുന്ന ജനപക്ഷമുഖമുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ മെഡിക്കൽ കാർഡ് വിതരണം ചെയ്യുന്നതെന്നും ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ പറഞ്ഞു.
എ.എസ് ശ്രീകുമാർ ഫോമാ ന്യൂസ് ടീം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്