'ഭ ഭ ബ' നീർവീര്യമാക്കുന്ന ജില്ലാ സമ്മേളനങ്ങളും, രാഷ്ട്രീയ സ്വയംസമാധികളും...

JANUARY 16, 2025, 1:38 AM

ദിലീപിന്റെ പുതിയ സിനിമയുടെ പേര് 'ഭ ഭ ബ' എന്നാണ്. ഭയം, ഭക്തി, ബഹുമാനം എന്നതിന്റെ ചുരുക്കാക്ഷരങ്ങളിൽ നിന്നാണ് ഈ സിനിമാപ്പേരുണ്ടായത്. സി.പി.എം.ന്റെ ആലപ്പുഴ ജില്ലാസമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിൽ മേൽപ്പറഞ്ഞ മൂന്നക്ഷരങ്ങൾ കീശയിലിട്ടാണ് പ്രതിനിധികൾ കമാന്നൊരക്ഷരം പറയാതെ പങ്കെടുത്തതെന്ന് മാധ്യമങ്ങളിൽ വാർത്ത കണ്ടു.

പുന്നപ്രവയലാർ സമരങ്ങളുടെ പൈതൃകം പേറുന്ന ആലപ്പുഴയ്ക്ക് വാരിക്കുന്തങ്ങളുമായി വർഗ ശത്രുക്കൾക്കെതിരെ പോരാടിയതിന്റെ ചരിത്രമേ പറയാനുള്ളൂ. ഇപ്പോൾ അക്കാലമെല്ലാം പോയ് മറഞ്ഞു. ജില്ലാ സെക്രട്ടറി നാസറും മന്ത്രി സജി ചെറിയാനും ഇവിടെ രണ്ട് തട്ടിലാണ്. യു. പ്രതിഭയെന്ന സി.പി.എം. എം.എൽ.എ. സജിയുടെ ഗ്രൂപ്പിലുമാണ്. കുട്ടനാട്ടിൽ സി.പി.എംൽ നിന്ന് കൂട്ടത്തോടെ  സി.പി.ഐ.യിലേക്ക് അണികൾ ചോരുന്നുമുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ,  സി.പി.എം.ന്റെ ശക്തി കേന്ദ്രങ്ങളായ അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം തുടങ്ങിയ പ്രദേശങ്ങളിൽ പാർട്ടി വോട്ടുകൾ ബി.ജെ.പി. സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രന് ലഭിച്ചതും പിന്നീട് വാർത്തയായി. വിപ്ലവത്തിന്റെ ഡി.എൻ.എ. ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത ആലപ്പുഴയിലെ വിമത ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ പിണറായി സർവ അടവുകളും പയറ്റി. ജില്ലാസമ്മേളനവേദിയിലെ സ്‌ക്രീനിൽ സദാ സമയവും തെളിഞ്ഞു നിന്നത് പിണറായിയുടെ ചിത്രം.

vachakam
vachakam
vachakam

പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെ നിഷ്പ്രഭനാക്കിയുള്ള പിണറായിയുടെ പ്രകടനം അംഗങ്ങളിലെ വിമത ശൗര്യം ഊറ്റിക്കളയുകയായിരുന്നു. പാർട്ടി സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗവും സമാപന പ്രസംഗവും രണ്ട് മണിക്കൂർ വീതം നീണ്ടു. രണ്ടാം കുട്ടനാട് പാക്കേജിലൂടെ 'നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്ന മട്ടിലുള്ള ഉറപ്പ് നൽകിയായിരുന്നു പിണറായി പ്രതിനിധികളെ അടക്കിയിരുത്തിയതും.

കഴിഞ്ഞ തവണ ജില്ലാ കമ്മിറ്റിയിൽ നിന്ന് അകറ്റിനിർത്തിയ യു. പ്രതിഭ എം.എൽ.ഏ.യെ ഇത്തവണ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും അംഗങ്ങളെ അമ്പരപ്പിച്ചു. മകനിൽ ആരോപിതമായ കഞ്ചാവ് കേസിൽ ആകെ ഉലഞ്ഞുപോയ പ്രതിഭയ്ക്ക് ജില്ലാ കമ്മിറ്റിയിൽ ഇടം കിട്ടിയത് പ്രതിഭയോടുള്ള പാർട്ടിയുടെ 'സ്‌പെഷ്യൽ വാൽസല്യ' ത്തെ സൂചിപ്പിക്കുന്നതായി.

ആലപ്പുഴ ജില്ലയിൽ വി.എസ്. പക്ഷത്തെ വെട്ടിയൊതുക്കാൻ പിണറായി പണ്ട് കൂടെ കൂട്ടിയ മുൻ മന്ത്രി ജി. സുധാകരനെ 'വീട്ടിലിരുത്തിയാണ്' ഇത്തവണ പിണറായി 'ശക്തിമാൻ' വേഷം കളിച്ചത്. സി.പി.എം.ൽ പാർട്ടി സെക്രട്ടറിയെന്ന അധികാര കേന്ദ്രത്തെ ഈ സമ്മേളനത്തിലൂടെ പിണറായി നിഷ്പ്രഭനാക്കി. ''ഞാനാണ് സർവ്വവും'' എന്ന ഗർവിന്റെ  വാക്കുകൾ പ്രതിനിധികൾ  കേട്ടിരുന്നെങ്കിലും അണിയറയിൽ വിഭാഗീയതകളുടെ 'ചെറു പൂരങ്ങൾ' രൂപപ്പെടുമോയെന്ന ആശങ്ക പാർട്ടിയിലെ മിതവാദികൾക്കുണ്ട്.

vachakam
vachakam
vachakam

ഇവിടെയും സ്വയം സമാധിയാകുന്നവരുണ്ടേ ....

നെയ്യാറ്റിൻകര ആറാലും മൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ (69) സ്വയം സമാധിയായെന്നത് ഇപ്പോൾ തർക്ക വിഷയമായിക്കഴിഞ്ഞു. പക്ഷെ, ഇപ്പോൾ സി.പി.എം.ൽ രാഷ്ട്രീയമായിതന്നെ സ്വയം സമാധിയാകാൻ ചില നേതാക്കൾ തിരക്കു കൂട്ടുകയാണ്. ഇതിൽ ഏറ്റവും പുതിയ പേര് 4 തവണ എം.പി.യും രണ്ടു തവണ എം.എൽ.ഏ.യുമായിരുന്ന കെ.സുരേഷ് കുറുപ്പിന്റേതാണ്. പാർട്ടിയുടെ ജില്ലാസമ്മേളനത്തിനു മുമ്പായി തന്നെ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ് കുറുപ്പ് നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. സുരേഷ് കുറുപ്പിന് ഇപ്പോൾ വയസ്സ് 68. അതുകൊണ്ടു തന്നെ ഏഴ് വർഷം കൂടി പാർട്ടിയുടെ ഔദ്യോഗിക പദവികൾ അദ്ദേഹത്തിന് വഹിക്കാനാകുമായിരുന്നു.

യു.ഡി.എഫി.ന്റെ കോട്ടയായിരുന്ന പഴയ പ്രദേശങ്ങൾ ഉൾപ്പെട്ട ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ നിന്നു പോലും അരിവാൾ ചുറ്റിക ചിഹ്നത്തിൽ ജയിക്കാൻ കഴിഞ്ഞ ജെന്റിൽമാനും സുന്ദര കില്ലാഡിയുമാണ് സുരേഷ്  കുറുപ്പ്. എസ്.എഫ്.ഐ.യ്ക്ക് കെ.എസ്.യുവിനെ കീഴടക്കാൻ കിട്ടിയ സൗമ്യസുന്ദരമുഖമായിരുന്നു സുരേഷ് കുറുപ്പിന്റേത്. പിന്നീട് എസ്.എഫ്.ഐ.ക്കാരി തന്നെയായ സാവിത്രിയെ സുരേഷ് കുറുപ്പ് വിവാഹം കഴിച്ചു. പഴയ സഖാവ് എൻ.എ.സി (എൻ. ശ്രീധരൻ)ന്റെ പ്രിയ ശിഷ്യരായിരുന്നു എഴുപതുകളിൽ സുരേഷ് കുറുപ്പും സി.പി ജോണും ജോൺ ബ്രിട്ടോയുമെല്ലാം. ബ്രിട്ടോ കുത്തേറ്റ് വീണ് വീൽചെയറിലായപ്പോൾ, സുരേഷ് കുറുപ്പ് കണ്ണൂർ സി.പി.എംന്റെ കണ്ണിലെ കരടായി.     

vachakam
vachakam
vachakam

സി.പി.ജോണാകട്ടെ എം.വി.രാഘവനോടൊപ്പം സി.എം.പി.യിലേക്ക് പോയി. ഒരിക്കൽ നിയമസഭാ സ്പീക്കറോ മന്ത്രിയോ വരെയാകുമെന്ന് കരുതിയിരുന്ന കാലം മുതലേ പാർട്ടിയിലെ പഴയ പടക്കുതിരകളുടെ ചവിട്ടേറ്റ് വീണ ജാതകമാണ് സുരേഷ് കുറുപ്പിന്റേത്. ഷാജി എൻ. കരുണിന്റെ ഒരു സിനിമയിൽ വേഷമിട്ട അനുഭവവും സുരേഷ് കുറുപ്പിനുണ്ട്. ''നല്ല നായർ'' എന്ന ഗണത്തിൽ പെടുത്താവുന്ന സുരേഷ് കുറുപ്പിന് പഴയ എസ്.എഫ്.ഐ. കാലത്ത് 'മുടിഞ്ഞ ഗ്ലാമറാ' യിരുന്നുവെന്ന് ഈയിടെ ഒരു മാധ്യമ പ്രവർത്തകൻ വിശേഷിപ്പിച്ചത് കേട്ടു. കാമുകിമാരുടെ 'ക്യൂ' ഉണ്ടായിട്ടും സുരേഷ് കുറുപ്പിന്റെ കൈപിടിച്ചത് അന്നത്തെ എസ്.എഫ്.ഐ. തൃശൂർ ജില്ലാ കമ്മിറ്റിയംഗമായിരുന്ന സാവിത്രിയാണ്.

കൊട്ടാരക്കരയിലെ മാടമ്പിയായ ആർ. ബാലകൃഷ്ണപിള്ളയെ അടിപടലം നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച സി.പി.എം. നേതാവായ ഐഷാ പോറ്റിയും സജീവ രാഷ്ട്രീയം വിട്ടു കഴിഞ്ഞു. മലബാറിൽ  സി.പി.എം.ന്റെ ക്രിസ്തീയ മുഖമായിരുന്ന ജെയിംസ് മാത്യു ഇപ്പോൾ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുകയാണ്. നീർവീര്യമാക്കപ്പെട്ട ആദർശ ധീരന്മാരായ പ്രാദേശിക നേതാക്കളുടെ സംസ്ഥാന തലത്തിലുള്ള ഐക്യം സാധ്യമാകുമോ?

ഫെബ്രുവരിയിലാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുക. മലപ്പുറം സമ്മേളനത്തിൽ പിണറായിയ്‌ക്കെതിരെ പി.കെ. ഗുരുദാസനെ പാർട്ടി സെക്രട്ടറിയാക്കാനുള്ള വി.എസി.ന്റെ നീക്കം മണത്തറിഞ്ഞ പിണറായി ഇപ്പോൾ മണിപവറും മസിൽ പവറും ചേർന്ന അധികാരത്തിന്റെ 'ഹിറ്റ്‌ലർ വേഷ'മണിഞ്ഞു കഴിഞ്ഞുവെന്ന് എതിരാളികൾ പിറുപിറുക്കുന്നുണ്ട്. ഐ.ടി.യും എസ്.എഫ്.ഐ.ഒ.യും ചേർന്ന് ഡെൽഹി ഹൈക്കോടതിയിൽ എഴുതി നൽകിയ 185 കോടി രൂപയുടെ അഴിമതിയുടെ പിന്നിലുള്ള 'കരിവേഷ'ങ്ങൾക്ക് മാധ്യമങ്ങൾ വലിയ പ്രചാരം നൽകുന്നില്ല. പകരം പത്തനംതിട്ട ബലാൽസംഗവും, നെയ്യാറ്റിൻകര സ്വയം സമാധി വിവാദവുമെല്ലാമാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്.

കനുഗോലുവിന് ഒരു മുഴം മുമ്പേ...

കർണ്ണാടകത്തിൽ കോൺഗ്രസിനെ അധികാരത്തിലേറ്റിയത് ഇലക്ഷൻ തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു. കേരളത്തിൽ 2026ൽ ഭരണം പിടിക്കാനുള്ള തന്ത്രങ്ങളൊരുക്കാൻ കനുഗോലുവും ടീമും കേരളത്തിലെത്തിയിട്ടുണ്ട്. പിണറായിയുടെ നേതൃത്വത്തിലുള്ള രണ്ട് മന്ത്രിസഭകളുടെയും 'അഴിമതിക്കഥകൾ'ക്ക് പുതിയ പ്രചരണമുഖം നൽകാനാണ് കനുഗോലു പദ്ധതിയൊരുക്കിയത്.

എന്നാൽ പ്രിയങ്കാ ഗാന്ധിക്ക് വൻഭൂരിപക്ഷം ലഭിച്ച വയനാട്ടിൽ നിന്നു തന്നെയുള്ള കോൺഗ്രസ് എം.എൽ.ഏ.യായ ഐ.സി. ബാലകൃഷ്ണനെതിരെ തന്നെ 'ആത്മഹത്യ പ്രേരണക്കുറ്റം' ചുമത്തി കേരളാ പോലീസ് കേസെടുത്തതോടെ, കെ.പി.സി.സി.യുടെ 'ക്രൈസിസ് മാനേജ്‌മെന്റ്' പാളിപ്പോയെന്ന് കരുതുന്നവരാണേറെ.

പിണറായിക്കും മന്ത്രിമാർക്കുമെതിരേ അഴിമതിയാരോപണങ്ങൾ നിരവധിയുണ്ടെങ്കിലും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ അതൊന്നും ക്ലച്ച് പിടിച്ചില്ലെന്ന കാര്യം കെ.പി.സി.സി.യും കനുഗോലുവും മറക്കരുത്. മന്ത്രിമാർ 'കട്ടാലും പൂട്ടടിച്ചാലും' ജനങ്ങൾ അതൊന്നും കാര്യമാക്കില്ല. അവരുടെ ആനുകൂല്യങ്ങൾ മുടങ്ങുമ്പോഴാണ് അവർക്ക് നോവുക. ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളോട്, പ്രാദേശികമായി അതിവീറോടെ പ്രതികരിക്കാനുള്ള 'മെഷീനറി' ഇപ്പോൾ കോൺഗ്രസിലുണ്ട്. അതോടൊപ്പം തന്നെ വീട് വച്ചു നൽകിയും ചികിത്സാ സഹായം നൽകിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വങ്ങൾ സജീവമായിട്ടുണ്ട്. എന്നാൽ, 'ഒത്തുതീർപ്പ് രാഷ്ട്രീയ' ത്തിന്റെ ദുർഗന്ധം കേരളത്തിൽ നിന്ന് പൂർണ്ണമായും അകന്നു പോയിട്ടില്ല. പണമുള്ളവന്റെ പക്ഷം പിടിക്കുന്നത് കോൺഗ്രസുകാരനായാലും സി.പി.എം.കാരനായാലും നീതിരഹിതമായാൽ സംഗതി കുഴയും.

കാട്ടുതീയല്ല, ഇത് നാട്ടു തീ...

സി.പി.എംന്റെ ഉള്ളിൽ ഉരുണ്ടു കൂടുന്ന 'നാട്ടു തീ' നിയന്ത്രിക്കുന്നതിൽ ഇതുവരെ പിണറായി വിജയപാതയിലാണ്. സി.പി.എം.ന്റെ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനം പോലും തെരഞ്ഞെടുപ്പിലൂടെ മരുമകന്റെ ഉറ്റ സുഹൃത്തായ ഡി.വൈ.എഫ്.ഐ നേതാവിനായി നേടിയെടുക്കുന്നതിലും പിണറായി പക്ഷം മിടുക്ക് കാണിച്ചു. വയനാട്ടിലെ പുനരധിവാസ പദ്ധതികൾ ഊരാളുങ്കലിനെ ഏൽപ്പിക്കുന്നതിലും, ആ പദ്ധതിയുടെ ധനപരമായ നേട്ടം ആർജ്ജിക്കുന്നതിലും, ഇനിയൊരു എതിർ സ്വരം വയനാട്ടിലെ പാർട്ടിയിൽ നിന്നുണ്ടാകാതിരിക്കാനും പുതിയ പാർട്ടി സെക്രട്ടറി പൂർണ്ണ ഗ്യാരന്റി നൽകും.

പക്ഷെ, കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന മട്ടിൽ, കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാർട്ടിയാകുന്ന 'ഇല്ലം' ഉപേക്ഷിക്കുന്ന നേതാക്കളോടൊപ്പം അണികളും ഉൾപ്പെട്ടാൽ എല്ലാം തകിടം മറിയും. പിണറായിയുടെ മുടിഞ്ഞ 'കോൺഫിഡൻസി'ലാണ് ഇപ്പോൾ പാർട്ടിയുടെ നിലനിൽപ്പ്. എനിക്കു ശേഷം പ്രളയം എന്നല്ല എനിക്കുശേഷം സർവം നശിപ്പിക്കുന്ന 'നാട്ടു തീ' എന്ന ചിലരുടെ പിടിവാശിക്കെതിരെ നില്ക്കാൻ ഏതായാലും സി.പി.എംന്റെ 'ജനാധിപത്യ കുപ്പായം' ധരിച്ചവർ ഏറെയുണ്ടാകില്ല. പകരം പിണറായിയുടെ ഓഫീസ് നിയന്ത്രിക്കുന്ന യന്ത്രമനുഷ്യരുടെ നിരയാകും കാണാനാവുക. ഈ കൂലിപ്പട്ടാളത്തിന്റെ ബലത്തിൽ 'കൊല്ലം കടമ്പ'കടക്കാൻ പാർട്ടിക്ക് കഴിയുമോ? വെയിറ്റ് ആന്റ് സീ...

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam