വാഷിംഗ്ടണ്‍: 15 മാസം നീണ്ട രക്തരൂക്ഷിതമായ ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹമാസും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഈജിപ്റ്റും ഖത്തറുമായി ചേര്‍ന്ന് അമേരിക്ക നടത്തിയ നിരവധി മാസങ്ങളിലെ തീവ്രമായ നയതന്ത്രത്തിന് ശേഷം, ഇസ്രായേലും ഹമാസും വെടിനിര്‍ത്തലിലും ബന്ദി ഉടമ്പടിയിലും എത്തിയെന്ന് ഈയാഴ്ച സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് പറഞ്ഞു.
'ഈ കരാര്‍ ഗാസയിലെ പോരാട്ടം അവസാനിപ്പിക്കും, പലസ്തീന്‍ പൗരന്മാര്‍ക്ക് ആവശ്യമായ മാനുഷിക സഹായം വര്‍ദ്ധിപ്പിക്കും. 15 മാസത്തിലധികം തടവിലാക്കിയ ശേഷം ബന്ദികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കും,''ജോ ബൈഡന്‍ പറഞ്ഞു.
ഉടമ്പടി കരാര്‍ മൂന്ന് ഘട്ടങ്ങളിലായാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ബൈഡന്‍ പറഞ്ഞു. ആറാഴ്ചത്തെ പ്രാഥമിക വെടിനിര്‍ത്തല്‍ ഘട്ടമാണ് ആദ്യത്തേത്. ബന്ദികളാക്കിയവരെ ഈ ഘട്ടത്തില്‍ ഹമാസ് വിട്ടയക്കാനാരംഭിക്കും. അതേസമയം ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈനികരെ ആസൂത്രിതമായി പിന്‍വലിക്കാനും തുടങ്ങും. കരാറിന്റെ ആദ്യ ഘട്ടത്തില്‍ ബന്ദികളെ മോചിപ്പിക്കാന്‍ അമേരിക്കയുടെ സഹായം ഉണ്ടാവും.
പരിക്കേറ്റ പാലസ്തീനികളെ വൈദ്യചികിത്സയ്ക്കായി ഗാസ വിടാനും കരാറിന്റെ ആദ്യ ഘട്ടം ആരംഭിച്ച് ഏഴ് ദിവസത്തിന് ശേഷം ഈജിപ്തുമായുള്ള റഫ ക്രോസിംഗ് തുറക്കാനും ഇസ്രായേല്‍ സമ്മതിച്ചു.
രണ്ടും മൂന്നും ഘട്ടങ്ങള്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇവ തയാറാക്കാന്‍ ആദ്യ ഘട്ടത്തില്‍ വിശദമായ ചര്‍ച്ച നടത്തും. അവസാന ഘട്ടത്തിനായുള്ള ചര്‍ച്ചകള്‍ ആദ്യ ആറാഴ്ചയ്ക്കപ്പുറം നീണ്ടാലും വെടിനിര്‍ത്തല്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് സ്ഥിരീകരിച്ചു.
രണ്ടാം ഘട്ടത്തില്‍, വ്യവസ്ഥകള്‍ പാലിച്ചാല്‍, കൂടുതല്‍ പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി, ശേഷിക്കുന്ന എല്ലാ തടവുകാരെയും ഹമാസ് മോചിപ്പിക്കും. പ്രാഥമികമായി ഇസ്രായേല്‍ പുരുഷ സൈനികരെ മോചിപ്പിക്കും. ഗാസയില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായും പിന്‍വാങ്ങാന്‍ തുടങ്ങും.
മൂന്നാം ഘട്ടത്തില്‍, കൊല്ലപ്പെട്ട തടവുകാരുടെ മൃതദേഹങ്ങള്‍ ഹമാസ് തിരികെ നല്‍കും. പകരമായി, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ നിയന്ത്രിക്കപ്പെടുന്ന ഗാസയുടെ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പിലാക്കും.
2023 ഒക്ടോബര്‍ 7-ന് ഹമാസ് ചാവേറുകള്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറുകയും 12,000 ത്തോളം സൈനികരെയും സാധാരണക്കാരെയും കൊല്ലുകയും ചെയ്തതിന് ശേഷമാണ് ഗാസ യുദ്ധം ആരംഭിച്ചത്. ആക്രമണത്തിനിടെ 250ഓളം പേരെ ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയിരുന്നു. 46000 ലേറെ പാലസ്തീന്‍കാര്‍ ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്