മഞ്ജിമയ്ക്ക് സ്വപ്നവീട് നൽകി സൗത്ത് ഫ്‌ളോറിഡയിലെ നവ കേരള മലയാളി അസോസിയേഷൻ

JANUARY 16, 2025, 12:17 AM

ആലപ്പുഴ: പഠിത്തത്തിൽ അസാമാന്യ മിടുക്കുള്ള മഞ്ജിമയ്ക്ക് ഇനി ചോർന്നൊലിച്ച് ഇടിഞ്ഞുവീഴാറായ വീട്ടിൽ ഭയപ്പാടോടെ കിടക്കേണ്ട. തലചായ്ക്കാൻ മഞ്ജിമയ്ക്കും കുടുംബത്തിനും ഒരു പുത്തൻ വീട് സ്വന്തമായി കിട്ടിയിരിക്കുന്നു. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും 'എ' പ്ലസ് വാങ്ങിയ മഞ്ജിമയുടെ വീടിന്റെ ദയനീയാവസ്ഥയറിഞ്ഞ് എത്തിയ സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവ കേരള മലയാളി അസോസിയേഷനാണ് ഈ നിർധന കുടുംബത്തിന് വീടുവച്ചു നൽകി അവരുടെ ചിരകാല സ്വപ്നത്തിന് ചിറകുകളേകിയത്.

ജീവകാരുണ്യ പ്രവർത്തിയുടെ മഹത്തായ സന്ദേശം പകർന്നുകൊണ്ട് ജനുവരി 14-ാം തിയതി മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ, ആലപ്പുഴ എം.എൽ.എ പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ വച്ചായിരുന്നു വീടിന്റെ താക്കോൽ ദാനം. നവകേരള അസോസിയേഷൻ മുൻ പ്രസിഡന്റും ട്രഷററുമായ സുശീൽകുമാർ നാലകത്ത്, മുൻ പ്രസിഡന്റും അഡൈ്വസറി ബോർഡ് മെമ്പറുമായ മാത്യു വർഗീസ്, മുൻ പ്രസിഡന്റ് ജെയിൻ വാത്തിയേലിൽ, മുൻ പ്രസിഡന്റും ഉപദേശ സമിതിയംഗവുമായ ജോസഫ് പാണികുളങ്ങര എന്നിവർ ചേർന്നാണ് താക്കോൽ ദാനം നിർവ്വഹിച്ചത്.


vachakam
vachakam
vachakam

സ്‌കൂളിലെ അധ്യാപകർക്കും മറ്റ് സ്റ്റാഫുകൾക്കും പി.ടി.എ ഭാരവാഹികൾക്കും പുറമെ ഒട്ടേറെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങളും തിരക്കഥാകൃത്തായ സുരേഷ് വാരനാട്, ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായ ജിജു കുളങ്ങര, ബിജു കട്ടത്തറ എന്നിവരും ഈ പ്രൗഢോജ്ജ്വലമായ സമ്മേളനത്തിൽ പങ്കെടുത്തു. 2023ൽ എല്ലാ വിഷയത്തിനും 'എ' പ്ലസ് വാങ്ങി അഭിമാനാർഹമായ നേട്ടം കൈവരിച്ച മഞ്ജിമയെ ആദരിക്കാൻ മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ അധ്യാപകരും പി.ടി.എ അധികൃതരും വീട്ടിലെത്തിയപ്പോഴാണ് മഞ്ജിമയുടെ ദുരിതപൂർണമായ ജീവിതം നേരിൽക്കണ്ട് അന്ധാളിച്ചുപോയത്.

സ്‌കൂളിൽ ഏവർക്കും പ്രിയങ്കരിയായ മഞ്ജിമ താമസിക്കുന്നത് അടച്ചുറപ്പില്ലാത്ത വീട്ടിൽ. മഴപെയ്താൽ മുറി മുഴുവൻ വെള്ളത്തിലാവും. പഠിത്തത്തിന് പുറമെ പാഠ്യേതര വിഷയങ്ങളിലും പ്രതിഭ തെളിയിച്ച മഞ്ജിമ അഭിമാനക്ഷതമോർത്ത് തന്റെ ദുരിത ജീവിതത്തെക്കുറിച്ച് ആരോടും ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ പരിതാപകരമായ ആ സാഹചര്യം നേരിൽക്കണ്ടവർക്കെല്ലാം വലിയ മനോവേദനയാണുണ്ടായത്.

ക്ലാസ് ടീച്ചർ ആയിരുന്ന വിധു നഹർ ആണ് മഞ്ജിമയുടെ ഈ ദുരവസ്ഥ നവകേരള മലയാളി അസോസിയേഷൻ ഭാരവാഹികളുമായി പങ്കുവെച്ചത്. മഞ്ജിമയുടെ ജീവിത സാഹചര്യം മനസ്സിലാക്കി അസോസിയേഷൻ പ്രവർത്തകർ അവസരോചിതമായിത്തന്നെ ആദ്യത്തെ വീട് മഞ്ജിമയ്ക്ക് നിർമിച്ച് നൽകുവാൻ തീരുമാനിക്കുകയും ഈ വിവരം നവ കേരള മലയാളി അസോസിയേഷന്റെ ട്രഷറർ സൈമൺ പാറത്തായം അവരെ അറിയിക്കുകയും ചെയ്തു. ജൂൺ മാസത്തിൽ വീടിന്റെ പണി ആരംഭിക്കുകയും ചെയ്തു.

vachakam
vachakam
vachakam

മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അന്തിയുറങ്ങാൻ ഒരു വീട് സന്തമാക്കുകയെന്നത്. മഞ്ജിമയുടെയും കുടുംബത്തിന്റെയും ആ മോഹം സാധിച്ചുകൊടുത്തതിലൂടെ നവകേരള മലയാളി അസോസിയേഷൻ ജൻമനാടിനെ നെഞ്ചോടു ചേർത്തു പിടിക്കുകയായിരുന്നു. അമേരിക്കയിലെ മലയാളി മനസ്സുകളിൽ നിറസാന്നിധ്യമാണ് ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവരുന്ന നവകേരള മലയാളി അസോസിയേഷൻ. മൂന്നു പതിറ്റാണ്ട് തികയുന്ന ഈ വർഷത്തിൽ മൂന്ന് നിർധന കുട്ടികൾക്ക് കൈത്താങ്ങ് ആവുകയാണ് ഏവർക്കും മാതൃകയായ ഈ സംഘടന. അതിൽ ആദ്യത്തെ വീടാണ് മഞ്ജിമയ്ക്ക് സമ്മാനിച്ചത്.

അർപ്പണബോധവും ആത്മാർത്ഥതയും ഉത്തരവാദിത്വവും കൈമുതലായി പ്രവർത്തിക്കുന്ന നവകേരള മലയാളി അസോസിയേഷൻ ജന്മഭൂമിയിലും സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സമൂഹത്തിലും അളവറ്റ ജീവകാരുണ്യ പ്രവർത്തനത്തിന്റെ കൊടിയേന്തിയാണ് ജൈത്രയാത്ര തുടരുന്നത്. പ്രതിസന്ധികളെ തരണംചെയ്ത് സഹായം അർഹിക്കുന്നവരുടെ കണ്ണീരൊപ്പാൻ ഈ സംഘടന അവർക്കൊപ്പം എന്നുമുണ്ടാവുമെന്ന് മുൻ പ്രസിഡന്റുമാർ വ്യക്തമാക്കി.

എ.എസ്. ശ്രീകുമാർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam