കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുകയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗവും ഇന്ത്യന്‍ വംശജനുമായ ചന്ദ്ര ആര്യ. ജസ്റ്റിന്‍ ട്രൂഡോയുടെ രാജിയ്ക്ക് പിന്നാലെയായിരുന്നു വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ താന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശക്തമായ തീരുമാനങ്ങളെടുക്കാന്‍ ഭയപ്പെടാത്ത ഒരു നേതൃത്വത്തെയാണ് കാനഡയ്ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഘടനാപരമായ പ്രശ്നങ്ങളാണ് കാനഡ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അവ പരിഹരിക്കാന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരും. കാനഡയിലെ ജനങ്ങളുടെ നന്മയ്ക്കായി കഠിനാധ്വാനം ചെയ്തയാളാണ് താന്‍. നമ്മുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വേണ്ടി അനിവാര്യമായ കടുത്ത തീരുമാനങ്ങള്‍ കൈകൊള്ളേണ്ടി വരും. ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടാല്‍ എന്റെ അറിവും കഴിവുമെല്ലാം അതിനായി സമര്‍പ്പിക്കുമെന്നും ചന്ദ്ര ആര്യ എക്സില്‍ കുറിച്ചു.
വരുമാനത്തിലെ അസമത്വം, വാടകയിലെ വര്‍ധന, അവശ്യവസ്തുക്കളുടെ വിലക്കയറ്റം തുടങ്ങി കാനഡയിലെ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിലെത്തിയാല്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും അവ നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യവും തനിക്കുണ്ട്. നമ്മുടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനായി കൈകൊള്ളേണ്ട കടുത്ത തീരുമാനങ്ങള്‍ താന്‍ കൈകൊള്ളും. ചെറുതും കാര്യക്ഷമവുമായ ഒരു സര്‍ക്കാരിനെ നയിക്കാനാണ് തനിക്കിഷ്ടം. കഴിവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയായിരിക്കും തനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആരാണ് ചന്ദ്ര ആര്യ?
2015 മുതല്‍ കാനഡ ജനപ്രതിനിധി സഭയില്‍ അംഗമാണ് ചന്ദ്ര ആര്യ. ലിബറല്‍ എംപിയായ അദ്ദേഹം നേപിയനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ വംശജനായ അദ്ദേഹം കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് ജനിച്ചത്. ധാര്‍വാര്‍ഡിലെ കൗസാലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ നിന്ന് എംബിഎ ബിരുദവും ഇദ്ദേഹം നേടി. 20 വര്‍ഷം മുമ്പാണ് കുടുംബത്തോടൊപ്പം അദ്ദേഹം കാനഡയിലെത്തിയത്.
എന്‍ജീനിയറായി ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം പിന്നീട് ഒരു ബാങ്കിലെ നിക്ഷേപ ഉപദേശകനായി മാറി. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുമ്പ് അദ്ദേഹം ടെക്-ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്തോ-കാനഡ ഒട്ടാവ ബിസിനസ് ചേംബറിന്റെ ചെയര്‍മാനായും ഫെഡറേഷന്‍ ഓഫ് കനേഡിയന്‍ ബ്രസീലിയന്‍ ബിസിനസിന്റെ സ്ഥാപക ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ടിച്ചു.
2015 മുതല്‍ നേപ്പിയനില്‍ നിന്ന് മൂന്ന് തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കാനഡയിലെ ഹിന്ദുക്കളുടെ ക്ഷേമത്തിനായി എന്നും ശബ്ദമുയര്‍ത്തിയ അദ്ദേഹം ഇന്ത്യ-കാനഡ ബന്ധം, ഖലിസ്ഥാന്‍ തീവ്രവാദം എന്നീ വിഷയങ്ങളില്‍ ലിബറല്‍ എംപിമാരുള്‍പ്പെടെയുള്ളവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഖലിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ട്രൂഡോയുടെ അനുയായി ആയിരുന്ന ജഗ്മീത് സിംഗുമായി അദ്ദേഹം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.
പുതിയ നേതാവിനെ മാര്‍ച്ചില്‍ പ്രഖ്യാപിക്കുമെന്ന് ലിബറല്‍ പാര്‍ട്ടി
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ മാര്‍ച്ച് 9ന് പ്രഖ്യാപിക്കുമെന്ന് ലിബറല്‍ പാര്‍ട്ടി അറിയിച്ചു. അതേസമയം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി പരാജയമേറ്റുവാങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയിലിവ്രെയ്ക്കാണ് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1