ഒട്ടേറെ വിശേഷണങ്ങൾക്ക് അർഹമായൊരു ഫോട്ടോ. അതിന് പുലിറ്റ്‌സർ അവാർഡുവരെ അന്നു ലഭിച്ചിരുന്നു. നിക് ഊട്ട് എന്ന ക്യാമറാമാനെ പ്രശസ്തിയുടെ കൊടുമടി കയറ്റിയ ചിത്രം. എന്നാൽ കഴിഞ്ഞ മാസം ഇതിനൊരു പുതിയ അവകാശി ഉടലെടുത്തു. അവകാശമുന്നയിച്ച് ഒരു ഡോക്യമെന്ററി തന്നെ പുറത്തിറക്കി.
യുഎസിലെ യൂട്ടായിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച 'ദ് സ്ട്രിങ്ങർ' എന്ന ഡോക്യൂമെന്ററിയാണ് ഫ്രീലാൻസ് ഫൊട്ടോഗ്രഫർ നോയൻ ടാൻ നെ ആണു ആ ചിത്രമെടുത്തതെന്ന് പ്രഖ്യാപിച്ചുകളഞ്ഞത്. നാപാം പെൺകുട്ടിയായ കിം ഫുക്കിന്റെ പടമെടുത്തത് 1972 ജൂൺ 8ന് ആ ണെന്ന് ആണയിട്ടുപറയുമ്പോൾ എന്തേ ഇത്രയും കാലം മിണ്ടാതിരുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല.
അതുശരിയാണോ എന്നു പറയേണ്ട നിക് ഊട്ടും ആദ്യം മൗനത്തിലായിരുന്നു. എന്നാലിപ്പോൽ മൗനം വെടിഞ്ഞ് നിക് ഊട്ട് അത് നോയൻ ടാൻ നെയുടെ ഉണ്ടയില്ലവെടിയായിരുന്നുവെന്ന് മൊഴിഞ്ഞിരിക്കുന്നു. നാപാം പെൺകുട്ടിയുടെ മാത്രമല്ല, അവളുടെ കുടുംബത്തിന്റേയും ഫോട്ടോയെടുത്തിരുന്നുവെന്നും നിക്ക് തറപ്പിച്ചു പറയുന്നു.
വിയറ്റ്‌നാം യുദ്ധകാലത്ത് എപിയുടെ ഫോട്ടോ എഡിറ്റർ ആയിരുന്ന കാൾ റോബിൻസൺ ആണ് ദ സ്ട്രിങ്ങർ എന്ന ഡോക്യുമെന്ററിയുടെ പ്രധാന സ്രോതസ്സുകളിൽ ഒന്ന്. സ്ട്രിങ്ങറിൽ നിന്ന് വിലകൊടുത്ത് വാങ്ങിയ ഫോട്ടോ എപി ഫോട്ടോഗ്രാഫറുടെതായി അവതരിപ്പിക്കാൻ നിർദ്ദേശം ഉണ്ടായിരുന്നുവെന്ന് റോബിൻസൺ പറയുന്നു. ഫ്രഞ്ച് ഫോറൻസിക് ടീം നടത്തിയ അന്വേഷണത്തിൽ ഫോട്ടോ നിക് ഔട്ട് എടുത്തതാണെന്ന് ഉറപ്പു പറയാൻ ആവില്ല എന്നാണ് കണ്ടെത്തിയത്.
എന്നാൽ നിക്ക് ഊട്ട് തന്നെയാണ് ഫോട്ടോ എടുത്തിട്ടുള്ളതെന്നും ഇക്കാര്യം തങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടതാണെന്നുമാണ് എപിയുടെ നിലപാട്. മറ്റു തെളിവുകൾ വല്ലതുമുണ്ടെങ്കിൽ കൈമാറാൻ ഡോക്യുമെന്ററിയുടെ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർത്ത ഏജൻസി പറഞ്ഞെങ്കിലും ഇതുവരെ അങ്ങനെ ഒരു തെളിവും ഡോക്യുമെന്ററി കാർക്ക് നൽകാനായില്ല.
തെക്കൻ വിയറ്റ്‌നാമിലെ റ്റ്രാങ്ക് ബാങ്ക് ഗ്രാമത്തിൽ നിന്നും നാപാം ബോംബാക്രമണത്തിൽ നിന്ന് രക്ഷനേടുവാനായി ഉടുതുണി കത്തിവീണ് നഗ്‌നയായി അലമുറയിട്ട് ഓടുന്ന ഒൻപത് വയസ്സുള്ള ഫാൻ തി കിം ഫുക് എന്ന പെൺകുട്ടിയുടെ ചിത്രം പകർത്തിയത് നിക് ഊട്ടിനു ലോകശ്രദ്ധ നേടിക്കൊടുത്തു.
ഫ്രഞ്ച് ഇന്തോചൈനയിലെ ലോംഗ് ആൻ പ്രവശ്യയിൽ ജനിച്ച നിക് ഉട്ട് തന്റെ 16-ാം വയസ്സിൽ തന്നെ അസോസിയേറ്റഡ് പ്രസ്സിനുവേണ്ടി ഫോട്ടോ എടുത്തിരുന്നു. യുദ്ധത്തിൽ മൂന്നു പ്രാവശ്യം പരിക്കേറ്റ ഊട്ട്, ടോക്കിയോ, ദക്ഷിണ കൊറിയ, ഹാനോയ് എന്നിവിടങ്ങളിലെ അസോസിയേറ്റഡ് പ്രസ്സിന്റെ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഛായഗ്രാഹകനായിരുന്ന മുതിർന്ന സഹോദരൻ ഹുയുങ് താഹ്ന് മിയ് യുദ്ധരംഗത്ത് കൊല്ലപ്പെട്ടിരുന്നു. അൻപതു വർഷത്തെ സേവനത്തിനു ശേഷം 2017 മാർച്ച് 29 ന് അദ്ദേഹം എ.പി.യിൽ നിന്ന് കക്ഷി വിരമിച്ചിരുന്നു.
നിക് പകർത്തിയ ഈ യുദ്ധചിത്രം നഗ്‌നത ആരോപിച്ച് ഏ.പി തുടക്കത്തിൽ പ്രസിദ്ധീകരിയ്ക്കാൻ മടിച്ചിരുന്നു. അക്കാലത്തെ പത്രത്തിന്റെ ഇതു സംബന്ധിച്ച നയങ്ങൾ ആയിരുന്നു ഇതിനു കാരണം. എന്നാൽ ചിത്രത്തിന്റെ വാർത്താമൂല്യം കണക്കിലെടുത്ത് പിന്നീട് ഈ ചിത്രം പ്രസിദ്ധീകരിക്കുകയായിരുന്നു.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്