വാഷിംഗ്ടണ്‍: ചരക്ക് കപ്പലുകള്‍ക്ക് നേരെ യമനിലെ വിമത ഹൂതികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാനായി അമേരിക്കന്‍ സൈന്യം രൂപീകരിച്ച ഉന്നത സാമൂഹ്യമാധ്യമ ഗ്രൂപ്പില്‍ മാധ്യമ പ്രവര്‍ത്തകനും. ഈ മാധ്യമ പ്രവര്‍ത്തകന്‍ എങ്ങനെ ഉന്നത ഗ്രൂപ്പിന്റെ ഭാഗമായെന്നതാണ് ചോദ്യം.
അമേരിക്കയുടെ യമനെതിരേയുള്ള സൈനിക നടപടികള്‍ ഈ ഗ്രൂപ്പിലായിരുന്നു പങ്കുവെച്ചിരുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ സൈനിക പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് അതീവ ഗൗരവതരമായ സംഭവം. ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയ വിവരം ദി അറ്റലാന്റിക് മാഗസിന്റെ ചീഫ് എഡിറ്റര്‍ ജെഫ്രി ഗോള്‍ഡ്ബര്‍ഗാണ് വെളിപ്പെടുത്തിയത്. ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് സൂചന.
ഹൂതി പിസി സ്‌മോള്‍ ഗ്രൂപ്പ് എന്ന സമൂഹമാധ്യമ ഗ്രൂപ്പില്‍ ചേരാന്‍ മാര്‍ച്ച് 13 നാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് ജെഫ്രി ഗോള്‍ഡ്ബര്‍ഗ് തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 'ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയ സാഹചര്യത്തില്‍ ഹൂതികള്‍ക്കെതിരെ സൈനിക നടപടികള്‍ ഏകോപിപ്പിക്കാന്‍ ഒരു 'ടൈഗര്‍ ടീമിനെ' രൂപീകരിക്കാന്‍ ഈ സമൂഹമാധ്യമ ഗ്രൂപ്പിലൂടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വോള്‍ട്‌സ്, പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലക്‌സ് നെല്‍സന്‍ വോങ്ങിനെ ചുമതലപ്പെടുത്തി.
ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന ആക്രമണം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ്, ആക്രമിക്കേണ്ട കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, യുഎസ് വിന്യസിക്കുന്ന ആയുധങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവച്ചു. പിന്നാലെ 15ന് യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന വ്യോമാക്രമണം ആരംഭിച്ചുവെന്ന് ജെഫ്രി ഗോള്‍ഡ്ബര്‍ഗ് വ്യക്തമാക്കി.
ചാറ്റ് ഗ്രൂപ്പ് യഥാര്‍ഥമാണെന്ന് വ്യക്തമാക്കിയ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ബ്രയണ്‍ ഹ്യൂസ്, എങ്ങനെയാണ് മറ്റൊരു ഫോണ്‍ നമ്പര്‍ അതില്‍ ചേര്‍ക്കാന്‍ ഇടയായതെന്ന് പരിശോധിച്ചുവരികയാണെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്