അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 'ഹാബെബ്' എന്ന പേരിൽ നൂതനമായ ഒരു ചാരിറ്റി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു.
'ഈ എളിയവനിലൊരുവന് നിങ്ങൾ ചെയ്യുന്നതെന്തും എനിക്കായി ചെയ്യന്നതാകുന്നുവെന്ന' ക്രിസ്തുവചനത്തെ അടിസ്ഥാനമാക്കി വിശക്കുന്നവന് ആഹാരം കൊടുക്കുകയെന്ന സദ് ഉദ്ദേശത്തോടെ ആരംഭംകുറിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടന കർമ്മം, 2025 മാർച്ച് മാസം 23-ാം തീയതി ഞായറാഴ്ച വി.കുർബ്ബാനാനന്തരം ഭദ്രാസനാധിപൻ, അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് നിർവഹിച്ചു.
കേരളത്തിലുള്ള അശരണരും രോഗികളും ആലംബഹീനരുമായ ആളുകൾക്ക്, മാസത്തിൽ ഒരു നേരത്തെ ആഹാരം എത്തിച്ചു നൽകുകയെന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിവാഹവാർഷികം, ജന്മദിനം, ഉറ്റവരുടെ ഓർമ്മദിനങ്ങൾ മറ്റു വിശേഷ ദിവസങ്ങൾ തുടങ്ങിയ അവസരങ്ങളിൽ സഹൃദയരായ ആളുകൾ സംഭാവനയായി നൽകുന്ന തുക സമാഹരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ആതുര സേവനരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇത്തരം പദ്ധതികൾ ഏറെ ശ്ലാഘനീയമാണെന്നും വിശക്കുന്നവന് ഒരു നേരത്തെ ആഹാരം നൽകുകയെന്ന മഹത്തായ ലക്ഷ്യം പൂർത്തീകരണത്തിനായി സഹായിക്കുകയെന്നത് ഏവരുടേയും ക്രൈസ്തവധർമ്മമാണെന്നും, അഭിവന്ദ്യ മെത്രാപോലീത്താ ഉദ്ഘാടന പ്രസംഗത്തിൽ ഇടവകാംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു.
വികാരി റവ. ഫാ. ബേസിൽ അബ്രഹാം, അസോസിയേറ്റ് വികാരി റവ. ഫാ. മാർട്ടിൻ ബാബു, പി.സി. വർഗീസ് (കത്തീഡ്രൽ വൈസ് പ്രസിഡന്റ്), ജോസഫ് ജോർജ് (ട്രഷറർ), സെസിൽ മാത്യു (ജോ. സെക്രട്ടറി), ചാക്കൊ കോര (സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ്), യൽദൊ ചാക്കോ (സെക്രട്ടറി), ജിറ്റു കുരുവിള (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റിയംഗങ്ങൾ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഈ പദ്ധതിയിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ് സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്