കുടിയേറ്റം, കൂടുമാറ്റം

JUNE 24, 2024, 4:43 PM

കേരളം ഏറെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽനിന്നു വിദേശത്തേക്ക് വിദ്യാഭ്യാസത്തിനായി പോയവരുടെ എണ്ണം ഇരട്ടിയായി എന്നതാണ് ഒരു പ്രധാന കണ്ടെത്തൽ. 2018ൽ ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ വിദേശ വിദ്യാഭ്യാസത്തിനു പോയപ്പോൾ 2023ൽ അതു രണ്ടര ലക്ഷമായി ഉയർന്നു. ഏറ്റവുംകൂടുതൽ പേർ പോയത് യുകെയിലേക്കാണ്. രണ്ടാമതു കാനഡയും. ഇരു രാജ്യങ്ങളിലും വിദ്യാഭ്യാസത്തിനും ജോലിക്കുമായി പോകുന്നവർ നേരിടുന്ന പ്രശ്‌നങ്ങളും ഏറെയാണ്. വിദേശത്ത് എത്തിയാൽ എല്ലാം ശരിയാകും എന്നു കരുതുന്നതു മൗഢ്യമാണെന്നു വ്യക്തമാക്കുന്ന പല അനുഭവങ്ങളും പുറത്തുവരുന്നുണ്ട്.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മൈഗ്രഷൻ ആൻഡ് ഡെവലപ്‌മെന്റെ ചെയർമാൻ എസ്. ഇരുദയരാജന്റെ നേതൃത്വത്തിൽ തയാറാക്കിയ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ സർക്കാർ വളരെ ഗൗരവത്തിൽ എടുക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും വിദേശത്തു പഠിക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികൾ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. പറഞ്ഞിട്ടെന്തു കാര്യം. പണി വേണമെങ്കിൽ നാടു വിടേണ്ട സ്ഥിതിയാണ്. നമ്മുടെ സർക്കാർ തസ്തികകളിൽപോലും പിൻവാതിൽ നിയമനങ്ങളാണ്. താത്കാലിക ജീവനക്കാരായി കയറി സ്ഥിരമായി തുടരുന്നവർക്കു രാഷ്ട്രീയ പിൻബലം ഉണ്ടെങ്കിൽ പിടിച്ചുനിൽക്കാനാവും.

18 വയസിനു മുമ്പുതന്നെ വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോകുന്നവരുടെ എണ്ണത്തിൽ അടുത്തകാലത്തു വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. കുടുംബത്തോടെ വിദേശത്തേക്കു കുടിയേറുന്ന മലയാളികളുടെ എണ്ണവും വർധിക്കുന്നു. ഇതിനെല്ലാം ഇടയിലും പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിലുണ്ടായ വർധന നാം ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എന്നു ചിന്തിക്കണം. ഈ ഒഴുക്കു കുറയുയോ ഇല്ലാതാവുയോ ചെയ്താൽ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആക്കവും വർധിക്കും.പ്രവാസികളുടെ പണം മാത്രമല്ല അവർ നേരിടുന്ന പ്രശ്‌നങ്ങളും ഭരണകൂടം കണക്കിലെടുക്കേണ്ടതുണ്ട്. 22 ലക്ഷത്തോളം മലയാളികൾ വിദേശത്തുണ്ടെന്നാണ് കണക്ക്. അതിലും കൂടുതൽ അതിഥി തൊഴിലാളികൾ കേരളത്തിലുണ്ടെന്ന കാര്യവും ഇതിനോടു ചേർത്തു വായിക്കണം. വിദേശത്തു വിദ്യാഭ്യാസത്തിനായി പോകുന്ന യുവജനങ്ങളുടെ എണ്ണം വർധിച്ചതോടെ കേരളത്തിൽനിന്നു പുറത്തേക്കു പണമൊഴുക്കും കൂടിയിട്ടുണ്ട്.

vachakam
vachakam
vachakam

കോവിഡിനു ശേഷം കേരളത്തിലേക്കുള്ള വിദേശപ്പണത്തിന്റെ വരവിൽ വലിയ വർധനയുണ്ടായി. 2018ൽ പ്രവാസികൾ കേരളത്തിലേക്ക് അയച്ചത് 85,092 കോടി രൂപയായിരുന്നത് 2023 ആയപ്പോൾ അത് 2,16,893 കോടി രൂപയായി. അഞ്ചു വർഷം കൊണ്ട് രണ്ടിരട്ടിയോളം. കേരളത്തിന്റെ സമ്പദ്ഘടനയിൽ എന്തു മാറ്റമാണ് ഇതു വരുത്തിയത് എന്നു ഗൗരവമായി പഠിക്കേണ്ടിയിരിക്കുന്നു. കെട്ടിപ്പൊക്കിയ കുറെ കെട്ടിടങ്ങിൽ മാത്രമായി അത് ഒതുങ്ങിയോ?

രാജ്യത്തെ എൻആർഐ നിക്ഷേപത്തിന്റെ 21 ശതമാനം കേരളത്തിലാണ്. പ്രവാസികൾ വീടുകളിലേക്ക് അയയ്ക്കുന്ന പണത്തിന്റെ കണക്കും പ്രത്യേകമായി വന്നിട്ടുണ്ട്. 2023ൽ 37,058 കോടി രൂപയാണ് പ്രവാസികൾ നേരിട്ടു വീടുകളിലേക്ക് അയച്ചത്. 2018ലേതിനേക്കാൽ 20 ശതമാനം കൂടുതൽ. അതേസമയം കേരളത്തിൽ നിന്നു പുറത്തേക്ക് അയച്ച തുകയിലും വർധന ഉണ്ടായി. 43,378 കോടി രൂപയാണ് കേരളത്തിൽനിന്നു പുറത്തേക്ക് അയച്ചത്. ഇത് ഏറെയും വിദേശ വിദ്യാഭ്യാസത്തിനായി പോകുന്നവർക്കു വേണ്ടിയുള്ളതായിരുന്നു.


vachakam
vachakam
vachakam

********************************************************

''സന്ദേശം'' സിനിമ മലയാളിയുടെ മനസിൽ തങ്ങിനിൽക്കുന്നത് അതിലെ ചില രംഗങ്ങൾക്ക് ഇന്നും വലിയ പ്രസക്തിയുള്ളതുകൊണ്ടാണ്. മാറുന്ന കാലത്തിനും അതീതമായി ചില വിഷയങ്ങൾ ഇങ്ങിനെ മനുഷ്യമനസിനെ മഥിച്ചുകൊണ്ടിരിക്കും. ഏതു വെല്ലുവിളികളെയും നേരിടുന്നതിനും വിപ്ലവ ആശയങ്ങളെ ഉൾക്കൊള്ളുന്നതിനും മലയാളിക്ക് എന്നും സവിശേഷമായൊരു താത്പര്യമുണ്ടായിരുന്നു. അടിച്ചമർത്തപ്പെട്ടവരുടെ വിമോചനമെന്നും തൊഴിലാളി വർഗ സർവാധിപത്യമെന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങൾ അങ്ങിനെ വലിയൊരു വിഭാഗം മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു.

മുതലാളിയും തൊഴിലാളിയും തമ്മിലുള്ള അന്തരം സാമൂഹികമായ പല പ്രതിസന്ധികളും ലോകത്തു സൃഷ്ടിച്ചു. വ്യവസായവിപ്ലവവും പിന്നീടുണ്ടായ രാഷ്ട്രീയ വിപ്ലവങ്ങളുമൊക്കെ തൊഴിലാളികളുടെ വ്യക്തിത്വത്തെയും തൊഴിലിന്റെ മഹത്വത്തെയും ഉയർത്തിപ്പിടിക്കുന്നതിനായി അവതരിപ്പിക്കപ്പെട്ടു. കടുത്ത ചൂഷണത്തിലും ദാരിദ്യത്തിലും കഴിഞ്ഞുവന്ന തൊഴിലാളി സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങൾക്കു മാറ്റം സൃഷ്ടിക്കുന്നതിൽ ലോകത്തെ ഏറെ സ്വാധീനിച്ച ആശയം കമ്യൂണിസമാണ്.

vachakam
vachakam
vachakam

അതിൽതന്നെ മാർക്‌സിസം തൊഴിലാളികളുടെ മാഗ്‌നാകാർട്ടയായി മാറി. തൊഴിലാളിവർഗ സർവാധിപത്യമെന്ന ലക്ഷ്യം മുന്നിൽ കണ്ടുള്ള വിപ്ലവങ്ങൾ ലോകമെമ്പാടും നടന്നു. പക്ഷേ പിന്നീടതിനുണ്ടായ മാർഗഭ്രംശം സമകാലിക ചരിത്രം. പഴയ സോവ്യറ്റ് യൂണിയന്റെയും അതിന്റെ ഭാഗമായ ഇന്നത്തെ റഷ്യയുടെയും കമ്യൂണിസറ്റ് ചൈനയുടെയും ഇന്നത്തെ അവസ്ഥ കമ്യൂണിസത്തിന്റെ രൂപപരിണാമം വ്യക്തമാക്കുന്നു. വടക്കൻ കൊറിയയിലെ പരമോന്നത നേതാവ് കിം ജോംഗ് ഉൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി അടുത്തകാലത്തു നടന്ന കൂടിക്കാഴ്ചയും പുതിയൊരു ചരിത്രപാഠം.


********************************************************

കുവൈറ്റ് ദുരന്തത്തിന്റെ ആഘാതത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ നാലാം ലോക കേരള സഭ തിരുവനന്തപുരത്തു നിയമസഭാ മന്ദിരത്തിൽ നടത്തിയത് നിശിത വിമർശനത്തിന് ഇടയാക്കിയിരന്നു. ഇത്തരമൊരു അവസരത്തിൽ മലയാളി പ്രവാസികളുടെ ആഗോള കൂട്ടായ്മ നടത്തുന്നതിൽ ശക്തമായ എതിർപ്പ് ഉണ്ടായിരുന്നുവെങ്കിലും മുൻനിശ്ചയിച്ച പ്രകാരം ചടങ്ങുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനിച്ചത്. നെടുമ്പാശേരിയിലെത്തി കുവൈറ്റിൽനിന്നെത്തിയ പ്രവാസി മലയാളികളുടെ മൃതദേഹങ്ങളിൽ പുഷ്പചക്രം സമർപ്പിച്ച് ആദരാജ്ഞലികളും അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് എത്തി ലോക കേരളസഭ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തേക്ക് പ്രവാസികൾ അയയ്ക്കുന്ന പണത്തിന് അനുസരിച്ചുള്ള നന്ദി അവർക്കു തിരിച്ചു കൊടുക്കുന്നില്ലന്ന് ലോക കേരള സഭയുടെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. പ്രവാസികളെക്കുറിച്ചുള്ള ഉത്കണ്ഠകൾ പങ്കുവയ്ക്കുമ്പോഴും അവരുടെ യഥാർഥ പ്രശ്‌നങ്ങളുടെ പരിഹാരം അകലെത്തന്നെയാണ്. സ്വന്തം കുടുംബത്തിനു മാത്രമല്ല നാടിനും പ്രവാസികളുടെ പണം വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവനും ജിവിതവും നമുക്കെല്ലാം പ്രധാനം തന്നെ.

തൊഴിൽ മേഖലയിൽ കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി തൊഴിൽ സുരക്ഷയും താമസ സൗകര്യവും ഒക്കെ അതതു രാജ്യങ്ങളിലെ ഭരണാധികാരികൾ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അപാകതകൾ ഇപ്പോഴും ഉണ്ട്. മലയാളികൾ ഏറെ ജോലി ചെയ്യുന്ന മേഖലയാണ് ഗൾഫ്. കേരളത്തിന്റെ സാമ്പത്തിക ഉന്നമനത്തിന്റെ വലിയൊരു ഘടകം ഗൾഫ് മലയാളികളുടെ വരുമാനമായിരുന്നു.

ഇന്നും ആ സ്ഥിതിക്കു വലിയ മാറ്റമില്ല. യൂറോപ്പ്, കാനഡ, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും കുടിയേറ്റം കൂടിയിട്ടുണ്ടെങ്കിലും ഗൾഫിന്റെ സാധ്യത ഇപ്പോഴും തുടരുകയാണ്. പലർക്കും ഇതൊരു ഇടത്താവളമാവുകയും ചെയ്യുന്നു. ചില ഗൾഫ് രാജ്യങ്ങളിൽ സ്ഥിരതാമസത്തിനുള്ള സാധ്യതകൾ തെളിഞ്ഞിട്ടുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും നാട്ടിൽ തിരിച്ചെത്താനുള്ളവരാണ്. അതുകൊണ്ടുതന്നെ അവരിലേറെയും അതിനുള്ള സന്നാഹങ്ങളൊരുക്കുന്നതിൽ വ്യാപൃതരായിരിക്കും.

ഗൾഫിലെ പ്രവാസി തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചു സിനിമകളിലും നോവലുകളിലുമൊക്കെ നാം ഏറെ കാണുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തകാലത്ത് റിലീസ് ചെയ്ത ബ്ലെസിയുടെ ആടു ജീവതവും അതിന്റെ കഥാതന്തുവായ ബെന്യാമിന്റെ നോവലും പഴയകാല പ്രവാസ ജീവിതത്തിന്റെ അതിമനോഹരമായ സിനിമാസാഹിത്യ രൂപമായിരുന്നു. ആ കാലമൊക്കെ കഴിഞ്ഞുപോയെങ്കിലും ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചൊരു വീണ്ടുവിചാരത്തിനു കുവൈറ്റ് സംഭവം ഇടയാകണം

സെർജി ആന്റണി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam