ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി, വിദ്യയാകുന്ന വെളിച്ചത്തിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.
സ്ത്രീയെ പെറ്റമ്മയായും ജഗദംബയായും ആരാധിക്കുവാൻ നമ്മെ പഠിപ്പിച്ച ഹൈന്ദവ സംസ്‌കാരം അടുത്ത തലമുറയിലേക്ക് പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഷിക്കാഗോ ഗീതാ മണ്ഡലം, വീണാപാണിനിയും രാഗവിലോലിനിയുമായ സരസ്വതീ ദേവിയുടെ കടാക്ഷത്തിനായി പ്രാർത്ഥിച്ച് കൊണ്ട് മുൻ കാലങ്ങളെക്കാൾ പ്രൗഡമായി വിജയദശമി നാളിൽ വിദ്യാരംഭം ആഘോഷിച്ചു.
അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസ്സിൽ തെളിയുന്ന വിജയ ദിവസമായ വിജയദശമി നാളിൽ മഹാദുർഗ്ഗയുടെയും മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മുന്നിൽ വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും വേണ്ടിയുള്ള വിശേഷാൽ പൂജക്ക് മുഖ്യപുരോഹിതൻ കൃഷ്ണൻ ചെങ്ങണാംപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വേദമന്ത്ര ധ്വനി മുഖരിതമായ അന്തരീക്ഷത്തിൽ ലോകശാന്തിക്കും സർവ ഐശ്വര്യങ്ങൾക്കും വേണ്ടി വിഘ്‌ന നിവാരകനായ മഹാഗണപതിക്കും ആദി പരാശക്തിക്കും പ്രത്യേക പൂജകൾ നടന്നു.
തുടർന്ന് നടന്ന ഭജനക്ക് ശേഷം, കുട്ടികളുടെ ഭൗതികവും ആത്മീയവും ആയ വളർച്ചക്ക് അടിസ്ഥാനമാകുന്ന സനാതനമൂല്യങ്ങള് കുട്ടികളിലേക്ക് ചേരുന്ന മഹനീയമായ വിദ്യാരംഭ മുഹൂർത്തത്തിൽ സങ്കല്പ പൂജക്കും അഷ്ടോത്തര അർച്ചനകൾക്കും ശേഷം സാരമായ 'സ്വ'ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയായ മഹാസരസ്വതി ദേവിക്ക് മുന്നിൽ അക്ഷരങ്ങളുടെയും അറിവിന്റെയും പുതിയ ലോകം പ്രമുഖസാഹിത്യകാരനും സയന്റിസ്റ്റുമായ രാധാകൃഷ്ണൻ നായർ കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു കൊടുത്തു.
തഥവസരത്തിൽ അപ്പുകുട്ടൻ ശേഖരൻ 'ലോകത്തിന്റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിന് അഭിമാനിക്കുവാൻ നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട് എന്നും സനാതനമായ മഹത്തായ പാരമ്പര്യവും അതിലൂടെ കൈമാറി വന്ന ശ്രേഷ്ഠമായ സംസ്‌കാരവും അറിവും ഈശ്വരീയമാണ് എന്നും അതുകൊണ്ട് തന്നെയാണ് വിദ്യാരംഭത്തിനും ഗുരുപരമ്പര മഹത്വത്തിനും നാം പ്രാധാന്യം നൽകുന്നത് എന്ന്' അഭിപ്രായപ്പെട്ടു.
തുടർന്ന് ജനറൽ സെക്രട്ടറി ബൈജു മേനോൻ വിദ്യാരംഭത്തിൽ പങ്കെടുത്ത കുടുംബംഗങ്ങൾക്കും കുരുന്നുകൾക്കും വിദ്യാരംഭത്തിന് നേതൃത്വം നൽകിയ രാധാകൃഷ്ണൻ നായർക്കും, പൂജകൾക്ക് നേതൃത്വം നൽകിയ കൃഷ്ണൻ ചെങ്ങണാംപറമ്പിലും, ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ വൻ വിജയമാക്കാൻ പരിശ്രമിച്ച പ്രവർത്തകർക്കും നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്