'മുതിർന്നവർ അവഗണിക്കപ്പെടേണ്ടവർ അല്ല, മറിച്ച് ആദരിക്കപ്പെടേണ്ടവർ...'

JULY 5, 2024, 11:40 AM

മനസ് കൈവിട്ടവർക്ക് ആശ്വാസ കിരണമായി ഒരു ഡോക്ടർ

അത്രവലിയ പ്രശസ്തർ ഒന്നും അല്ലെങ്കിലും തങ്ങളുടെ പ്രയത്‌നത്തിന്റെ ഫലമായി വർഷങ്ങൾക്ക് മുമ്പേ അമേരിക്കയിലെത്തി ജീവിതം പടുത്തുയർത്തിയ നിരവധി മലയാളികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അങ്ങനെ വർഷങ്ങൾക്ക് മുമ്പേ ഇവിടെ എത്തി ജീവിത വിജയം നേടിയ മലയാളികളെ പരിചയപ്പെടാനും അവരുടെ ജീവിത അനുഭവങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കാനായി 'നൻമരങ്ങൾ' എന്ന തലക്കെട്ടോടെ വാചകം ന്യൂസ് ഇപ്പോൾ അവസരം ഒരുക്കുകയാണ് 'മുതിർന്നവർ അവഗണിക്കപ്പെടേണ്ടവർ അല്ല, മറിച്ച് ആദരിക്കപ്പെടേണ്ടവർ...' എന്ന പൊതുബോധം യുവതലമുറയ്ക്ക് പകർന്നു നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പംക്തി.

ഈ ആഴ്ച വായനക്കാർക്കായി പരിചയപ്പെടുത്തുന്നത് ഡോക്ടർ പോൾ ചെറിയാൻ എന്ന മനുഷ്യ സ്‌നേഹിയായ ഒരു ഡോക്ടറെയാണ്. മിസ്റ്റർ ടി.സി. പോളിന്റെയും എലിസബത്ത് പോളിന്റെയും മൂന്ന് മക്കളിൽ മൂത്തയാളാണ് പോൾ ചെറിയാൻ. പിതാവ് ജില്ലാ ജഡ്ജിയായി വിരമിച്ച വ്യക്തിയായിരുന്നു. ചേർത്തല, കരുനാഗപ്പള്ളി, ആലപ്പുഴ, മൂവാറ്റുപുഴ, തൃശൂർ തുടങ്ങി കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

vachakam
vachakam
vachakam

മണിപ്പാൽ, മംഗലാപുരത്തെ കസ്തൂർബ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം മെഡിക്കൽ വിദ്യാഭ്യാസം നേടിയത്. 1960ൽ ബിരുദം നേടി, വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പും ഹൗസ് സർജൻസിയും പൂർത്തിയാക്കി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ സൈക്യാട്രിക് പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ സർജനായി ജോലി തുടങ്ങി. അവിടെ അദ്ദേഹം നേരത്തെ തന്നെ സൈക്യാട്രി പരിശീലിക്കാനും തുടങ്ങിയിരുന്നു.


സിറോ മലബാർ സഭയിലെ കർദ്ദിനാൾ മാർ പാറേക്കാട്ടിലും സെന്റ് ജോസഫിലെ സിസ്റ്റേഴ്‌സും ചേർന്ന് കേരളത്തിലെ ആദ്യത്തെ സ്വകാര്യ മാനസികാരോഗ്യ ആശുപത്രി ആരംഭിക്കാൻ തീരുമാനിക്കുകയും പോൾ ചെറിയാനെ പദ്ധതിയുടെ തലവനായി ചുമതലപ്പെടുത്തുകയും ചെയ്തു. 75 കിടക്കകളുള്ള ഒരു സ്വകാര്യ മാനസികാരോഗ്യ ആശുപത്രിയുടെ മേൽനോട്ടം വഹിക്കുകയും എറണാകുളത്തെ ലിസി ആശുപത്രിയുമായി ബന്ധപ്പെടുത്തി കാക്കനാട് കുസുമഗിരി മാനസികാരോഗ്യ കേന്ദ്രം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് കേരളത്തിലെ നാനാഭാഗത്ത് നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും നിരവധി രോഗികൾ ഇവിടേയ്ക്ക് എത്തുക പതിവായി.

vachakam
vachakam
vachakam

എന്നിരുന്നാലും, രോഗിയായ പിതാവിന്റെ മരണശേഷം, സൈക്യാട്രിയിൽ കൂടുതൽ പരിശീലനം നേടുന്നതിനായി അദ്ദേഹം ഷിക്കാഗോയിൽ വരാൻ തീരുമാനിക്കുകയും 1970 ഡിസംബറിൽ മൗണ്ട് സീനായ് ഹോസ്പിറ്റലിലെ ഷിക്കാഗോ മെഡിക്കൽ സ്‌കൂളിലെ റെസിഡൻസി പ്രോഗ്രാമിൽ പങ്കെടുക്കുകയും ചെയ്തു. എട്ട് മാസത്തിനുശേഷം, ഷിക്കാഗോ ഏരിയയിലെ അഞ്ച് വ്യത്യസ്ത ആശുപത്രികളിലായി വ്യാപിച്ചുകിടക്കുന്ന 27 സൈക്യാട്രി റെസിഡൻസിയുടെ ചീഫ് റസിഡന്റ് ആയി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. റെസിഡൻസിക്ക് ശേഷം, ബോർഡ് ഓഫ് സൈക്യാട്രി ആൻഡ് ന്യൂറോളജിയുടെ സർട്ടിഫിക്കേഷൻ ലഭിക്കുകയും അദ്ദേഹത്തിന്റെ പ്രൊഫസർ ആയിരുന്ന പ്രൊഫസർ റെയ്മണ്ട് കണ്ണിംഗ്ഹാമിന്റെ അഭ്യർത്ഥന പ്രകാരം അദേഹത്തിന്റെ പരിശീലനത്തിൽ പങ്ക് ചേരുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സ്ഥിര താമസക്കാരനായുള്ള വിസ ലഭിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം, പ്രൊഫസർ വിരമിച്ചതോടെ വലിയ പ്രാക്ടീസുകൾ ഡോക്ടർ ചെറിയാനെ ഏൽപ്പിക്കുകയും ചെയ്തു.

പതിനൊന്ന് സ്റ്റാഫ് അംഗങ്ങളുള്ള ഒരു വലിയ പരിശീലന ഗ്രൂപ്പ് ആ കാലയളവിൽ അദ്ദേഹം വികസിപ്പിച്ചു. കുക്ക് കൗണ്ടി ജയിലിലും പാർട്ട് ടൈം ജോലി ചെയ്യുമായിരുന്നു. എന്നാൽ ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. 38-ാം വയസിൽ അദ്ദേഹത്തിന് ആദ്യത്തെ ഹൃദയാഘാതം ഉണ്ടായി. അങ്ങനെ ആ പരിശീലനം ഉപേക്ഷിക്കേണ്ടി വന്നു. സുഖം പ്രാപിച്ച ശേഷം അദ്ദേഹം സ്വകാര്യ പ്രാക്ടീസ് ഉപേക്ഷിച്ച് കുക്ക് കൗണ്ടി ജയിലിലെ സൈക്യാട്രി വിഭാഗത്തിന്റെ ചെയർമാനായി ചുമതലയേറ്റു. ആ സ്ഥാനത്ത് അദ്ദേഹം 18 വർഷത്തോളം സേവനം അനുഷ്ഠിച്ചു. ആ കാലഘട്ടത്തിൽ തന്റെ പരിപാടികൾ അദ്ദേഹം വിപുലീകരിച്ചു. പ്രതിവർഷം മൂന്ന് ദശലക്ഷം ഡോളറിലധികമുള്ള ബജറ്റിൽ 102 ജീവനക്കാരുടെ മേൽനോട്ടമാണ് വഹിച്ചത്. അദ്ദേഹം പ്രാക്ടീസ് ഏറ്റെടുക്കുമ്പോൾ, ജയിലിൽ ഓരോ വർഷവും 15ലധികം ആത്മഹത്യകൾ നടന്നിരുന്നു.

1974 ൽ സ്ഥാനം ഏറ്റെടുക്കുമ്പോൾ 2000 ൽ താഴെ അന്തേവാസികളും ഏകേദശം 15 ഓളം ആത്മ ഹത്യകൾ പ്രതിവർഷം നടന്നിരുന്നു. എന്നാൽ 1990 ൽ സ്ഥാനം ഒഴിയുമ്പോൾ 9,000 അന്തേവാസികളും അവസാന മൂന്ന് വർഷത്തെ  ആത്മഹത്യാ നിരക്ക് 0 % ആയിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്.  സൈക്യാട്രിയിൽ അസോസിയേറ്റ് പ്രൊഫസറായി സ്ഥാനം വഹിച്ചിരുന്ന സമയത്ത് ഷിക്കാഗോയിലെ വിവിധ പ്രൊഫഷണൽ സ്‌കൂളുകളിൽ നിന്നുള്ള പിഎച്ച്ഡി, പിഎസ്ഡി വിദ്യാർത്ഥികളുമായി സഹകരിച്ച് അദ്ദേഹം ഗവേഷണ പ്രവർത്തനങ്ങളിൽ ഏതാനും മലയാളികൾ ഉൾപ്പെടെ മെന്റർ/സൂപ്പർവൈസർ/ഡയറക്ടർ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

vachakam
vachakam
vachakam


1974 നും 1990 നും ഇടയിൽ അദ്ദേഹം ക്രിസ്ത്യൻ സൈക്യാട്രിക് പ്രാക്ടീസിൽ വൈദഗ്ദ്ധ്യം നേടിയ ഡോ. റസാലം ലിവിംഗ്സ്റ്റണിനൊപ്പം അപ്ടൗൺ, ഫോറസ്റ്റ് പാർക്ക്, കാബ്രിനി ഔട്ട്‌പേഷ്യന്റ് ക്ലിനിക്ക്, ലഗ്രാഞ്ച് ഓഫീസ് എന്നിവിടങ്ങളിലെ സ്വകാര്യ ഓഫീസുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തി. 2022 ജൂലൈയിൽ അവസാനിക്കുന്ന 10 വർഷക്കാലം അദ്ദേഹം മെയ്‌വുഡിലെ ഹൈൻസ് ഹോസ്പിറ്റലിൽ സീനിയർ സൈക്യാട്രിസ്റ്റായി ജോലി ചെയ്തു.

അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് സമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്. ഒപ്പം കുക്ക് കൗണ്ടി ഹെൽത്ത് മേഖലയിലും ട്രാവൽ ഏജൻസിയിലും ജോലി ചെയ്തിരുന്നു. 

യുഎസിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിൽ ഭാര്യ എലിസബത്ത് പോളിനെ കൂടാതെ നാല് മക്കളും ഉൾപ്പെടുന്നു, ലിമോ, മെമോ, വേന, പവിൽ എന്നിവരിൽ മൂത്ത ആളായ ലിമോ കോർപ്പറേറ്റ് അഭിഭാഷകയായും മറ്റുള്ളവർ സൈക്യാട്രിയിലും ബിരുദം നേടിയിരിക്കുന്നത്.

ചീഫ് റസിഡന്റ്, അസിസ്റ്റന്റ് പ്രൊഫസർ, റെസിഡൻസി പ്രോഗ്രാം ഡയറക്ടർ (ഷിക്കാഗോ മെഡിക്കൽ സ്‌കൂൾ), അസോസിയേറ്റ് പ്രൊഫസർ ഇൻ സൈക്യാട്രി (ലയോള യൂണിവേഴ്‌സിറ്റി), പ്രൊഫസറും ചെയർമാനുമായ പോൾ ചെറിയാനെ 2014ൽ ഡാരിയൻ സിറ്റി കൗൺസിൽ മികച്ച വ്യക്തിയായി പ്രത്യേകം അംഗീകരിച്ചു.

ബിഹേവിയറൽ സയൻസസ്, അക്കാദമിക് അഫയേഴ്‌സ് ഡീൻ, (റോസ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ,) ഡീൻ, സെന്റ്, ക്രിസ്റ്റഫർ കോളേജ് ഓഫ് മെഡിസിൻ ലൂട്ടൻ, ഇംഗ്ലണ്ട്, എക്‌സിക്യൂട്ടീവ് ഡീൻ, ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിൻ, സെന്റ് ലൂസിയ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തന്റെ എൺപതാം പിറന്നാൾ വരെ ഫീസ് വാങ്ങാതെ തന്നെ സമീപിച്ച എല്ലാ മലയാളി രോഗികൾക്കും ഡോ.ചെറിയാന്റെ സേവനം ലഭ്യമാക്കിയിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ സ്ഥാപക സെക്രട്ടറിയും 1977 ൽ  സ്ഥാപിച്ച കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ  ആദ്യ പ്രസിഡന്റുമായിരുന്നു അദ്ദേഹം.

1971ൽ ഷിക്കാഗോയിൽ സിറോ മലബാർ റീത്തിൽ ആദ്യ മലയാളം കുർബാന സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു. കേരള കാത്തലിക് ഫെല്ലോഷിപ്പിൽ സജീവമായിരുന്ന അദ്ദേഹം പിന്നീട് സീറോമലബാർ മിഷൻ, ഇടവക, രൂപത എന്നിവ കേന്ദ്രിരീകരിച്ചു പ്രവർത്തനങ്ങൾ തുടങ്ങി, സഭയുടെ വിവിധ തലങ്ങളിൽ സേവനം അനുഷ്ഠിച്ചു. കുട്ടികളുടെയും യുവാക്കളുടെയും സംരക്ഷണത്തിനുള്ള സിറോ മലബാർ സഭയുടെ കമ്മിഷന്റെ ചെയർമാനായി അദ്ദേഹം ഇപ്പോഴും സേവനം അനുഷ്ഠിക്കുന്നു. 2018 ൽ ഡോക്ടർ ഈനാസ് എ ഈനാസ് രചിച്ച സിറോ മലബാർ സ്റ്റോറി ഓഫ് ഷിക്കാഗോ എന്ന ചരിത്ര ഗ്രന്ഥത്തിന്റെ സഹരചയിതാവ് കൂടിയാണ് ഡോക്ടർ പോൾ ചെറിയാൻ.

ജിജി ജേക്കബ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam