അഭിഷേക് ശർമ്മയ്ക്ക് നൽകുന്ന പിന്തുണ എന്തുകൊണ്ട് സഞ്ജുവിന് നൽകുന്നില്ല: കൃഷ്ണമാചാരി ശ്രീകാന്ത്

JULY 28, 2026, 9:21 AM

ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം വെറും മൂന്ന് മത്സരങ്ങളിലെ പരാജയത്തിന്റെ പേരിൽ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്ടനും മുൻ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.

അഭിഷേക് ശർമയ്ക്ക് ടീം മാനേജ്‌മെന്റ് നൽകുന്ന നീണ്ട പിന്തുണയും അവസരങ്ങളും എന്തുകൊണ്ട് ലോകകപ്പ് ഹീറോയായ സഞ്ജുവിന് നൽകുന്നില്ലെന്ന് ശ്രീകാന്ത് യുട്യൂബ് വീഡിയോയിൽ ചോദിച്ചു. സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 11 റൺസ് മാത്രം നേടിയ അഭിഷേകിന്റെ ഫോം ആശങ്കാജനകമാണെന്നും, ഇനി താരത്തിനെതിരെ കടുത്ത തീരുമാനമെടുത്ത് സഞ്ജു സാംസണിനെ ടീമിലേക്ക് തിരിച്ചുവിളിക്കേണ്ട സമയമായെന്നും ശ്രീകാന്ത് പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ സഞ്ജു സാംസണായിരുന്നു ടീമിന്റെ ഏറ്റവും വലിയ കരുത്ത്. എന്നാൽ അയർലൻഡിനെതിരെയുള്ള 2 മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിൽ സഞ്ജുവിനെ സിംബാബ്‌വെ പരമ്പരയിൽ നിന്ന് പൂർണ്ണമായും തഴയുകയായിരുന്നു. സഞ്ജുവിന് പകരം കൗമാര താരം വൈഭവ് സൂര്യവംശിക്കാണ് സിംബാബ്‌വെയിൽ അവസരം നൽകിയത്. വൈഭവ് സിംബാബ്‌വെയിൽ തിളങ്ങിയതോടെ സഞ്ജുവിന്റെ തിരിച്ചുവരവ് ത്രിശങ്കുവിലായി. എന്നാൽ മറുവശത്ത് അഭിഷേക് തുടർച്ചയായി നിരാശപ്പെടുത്തിയിട്ടും ഓപ്പണർ സ്ഥാനത്തു നിന്ന് മാറ്റാൻ ടീം മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.

vachakam
vachakam
vachakam

ടി20 ലോകകപ്പിലെ ഏറ്റവും മൂല്യമുള്ള താരം സഞ്ജു സാംസണായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അവന് അവസരം ലഭിക്കാത്തത്? എന്നാൽ അഭിഷേക് ശർമയ്ക്ക് തുടർച്ചയായി അവസരങ്ങൾ നൽകുന്നു. ഇത് തികച്ചും ന്യായമായ ഒരു ചോദ്യമാണ്. അഭിഷേകിന് ഇത്രയും അവസരങ്ങൾ കൊടുക്കാമെങ്കിൽ എന്തുകൊണ്ട് സഞ്ജുവിന് നൽകുന്നില്ല?. എന്തുകൊണ്ടാണ് ഒരു കളിക്കാരന് ഒരു നീതിയും മറ്റൊരാൾക്ക് മറ്റൊരു നീതിയും സീകരിക്കുന്നതെന്ന് ശ്രീകാന്ത് ചോദിച്ചു.

സഞ്ജു തിരിച്ചുവരുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ശ്രീകാന്ത് പറഞ്ഞു. പക്ഷേ അവൻ റൺസ് കണ്ടെത്താൻ മറ്റൊരു വഴി നോക്കണം. തുടക്കത്തിലെ കുറച്ച് പന്തുകളിൽ ശാന്തനായി നിലയുറപ്പിക്കാൻ ശ്രമിക്കണം. ആദ്യഘട്ടത്തിൽ 100 സ്‌ട്രൈക്ക് റേറ്റിൽ കളിച്ച് പിന്നീട് അത് 200 ലേക്ക് ഉയർത്താൻ സഞ്ജുവിന് എളുപ്പത്തിൽ കഴിയും. അല്ലാതെ ആദ്യമേ വിക്കറ്റ് വലിച്ചെറിയരുതെന്നും ശ്രീകാന്ത് ഉപദേശിച്ചു.

സിംബാബ്‌വെ പരമ്പരയിൽ 3.66 ശരാശരിയിലും 55.00 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്ത അഭിഷേക് ശർമ്മയെ എതിരാളികൾ കൃത്യമായി പഠിച്ചുകഴിഞ്ഞുവെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

'അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിഷേക് ശർമ്മയുടെ തന്ത്രങ്ങളും ബലഹീനതകളും എതിരാളികൾ മനസ്സിലാക്കിക്കഴിഞ്ഞു. ലോകകപ്പ് മുതൽ അത് വ്യക്തമാണ്. ഇനി അഭിഷേകിന്റെ കാര്യത്തിൽ സെലക്ടർമാർ കടുത്ത തീരുമാനമെടുക്കേണ്ടതുണ്ട്. സഞ്ജു സാംസണിന് വീണ്ടും അവസരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അവൻ 100% ടീമിലേക്ക് തിരിച്ചെത്തും. സെലക്ടർമാർക്ക് ഇനി മറ്റ് വഴികളില്ല 'ശ്രീകാന്ത് പറഞ്ഞു.

അയർലൻഡ് പരമ്പരയ്ക്ക് ശേഷം കളിച്ച പത്ത് ഇന്നിംഗ്‌സുകളിൽ നിന്ന് അഞ്ച് തവണ മാത്രമാണ് അഭിഷേക് രണ്ടക്കം കടന്നത്. അവസാന അഞ്ച് കളികളിൽ ഉയർന്ന സകോർ 16 റൺസ് മാത്രമാണ്. മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിൽ സഞ്ജുവിനെ പുറത്താക്കിയ സെലക്ഷൻ കമ്മിറ്റി, സമാന സാഹചര്യത്തിൽ അഭിഷേകിനോടും കർശന നിലപാട് സ്വീകരിക്കണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam