തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സുരക്ഷ ശക്തമാക്കണമെന്നു ജില്ലാ പൊലീസ് മേധാവിമാർക്ക് ഇന്റലിജൻസ് എഡിജിപിയുടെ നിർദേശം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷകക്ഷികൾ കരിങ്കൊടി കാണിക്കുന്ന സാഹചര്യത്തിൽ, യാത്രയിൽ അദ്ദേഹത്തിന്റെ സുരക്ഷ ഉയർത്തണമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, തനിക്ക് പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രം മതിയെന്ന നിലപാടിലാണു മുഖ്യമന്ത്രി.
അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മഫ്തി വേഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ വർധിപ്പിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇൻ്റലിജൻസ് എഡിജിപിയുടെ ഓഫീസിൽ നിന്നാണ് ജില്ല പൊലീസ് മേധാവിമാർക്ക് നിർദ്ദേശം കൈമാറിയിരിക്കുന്നത്.
മുഖ്യമന്ത്രി പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന അവസരങ്ങളിൽ അനിയന്ത്രിതമായ ജനക്കൂട്ടം അദ്ദേഹത്തെ സമീപിക്കുകയും ശരീരത്തിൽ സ്പർശിക്കത്തക്കവിധം പെരുമാറുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാണ് ഇൻ്റലിജൻസ് എഡിജിപിയുടെ ഓഫീസിൽ നിന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ് സന്ദേശത്തിലുള്ളത്.
മുഖ്യമന്ത്രിയുടെ പരിപാടികളിലോ യാത്രകളിലോ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്ന കാര്യമായതിനാൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ യാത്രാവേളകളിലും ആവശ്യമായ പൊലീസ് വിന്യാസം നടത്തേണ്ടതും യൂണിഫോം ഡ്യൂട്ടിക്ക് പുറമേ മഫ്തി വേഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് അനിഷ്ട സംഭവങ്ങൾക്കു ഇടവരാത്ത വിധം അദ്ദേഹത്തിന് പൂർണ സുരക്ഷ ഒരുക്കേണ്ടതു അനിവാര്യം ആണ്. ജില്ലാ പൊലീസ് മേധാവികൾ ഇക്കാര്യത്തിൽ ആവശ്യമായ ശ്രദ്ധ നൽകി മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി ബോധിപ്പിച്ചു കൊള്ളുന്നു എന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
