ബിഗ് ബാഷിൽ സ്റ്റീവൻ സ്മിത്ത് ഷോ. സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടി 41 പന്തിൽ താരം 100 റൺസാണ് അടിച്ചെടുത്തത്.
സ്മിത്തിന്റെ ഇന്നിംഗ്‌സിന്റെ കരുത്തിൽ അഞ്ച് വിക്കറ്റ് വിജയമാണ് സിക്‌സേഴ്‌സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തണ്ടർ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയത്. 65 പന്തിൽ പുറത്താവാതെ 110 റൺസ് നേടിയ വെറ്ററൻ താരം ഡേവിഡ് വാർണറാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ സ്മിത്ത് ഷോയിൽ സിക്‌സേഴ്‌സ് ജയം സ്വന്തമാക്കി.
https://x.com/BBL/status/2012128385724465420
ഒന്നാം വിക്കറ്റിൽ ബാബർ അസം (47) - സ്മിത്ത് സഖ്യം 141 റൺസ് ചേർത്തിരുന്നു. 13-ാം ഓവറിൽ മാത്രമാണ് തണ്ടറിന് കൂട്ടുകെട്ട് പൊളിക്കാൻ സാധിച്ചത്. ബാബർ, മക്ആൻഡ്രൂവിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. വൈകാതെ സ്മിത്ത് സെഞ്ചുറി പൂർത്തിയാക്കി. എന്നാൽ അടുത്ത പന്തിൽ പുറത്താവുകയും ചെയ്തു. 42 പന്തുകൾ നേരിട്ട താരം ഒമ്പത് സിക്‌സും അഞ്ച് ഫോറുകളുമാണ് നേടിയത്. ഇതിനിടെ ജോഷ് ഫിലിപ്പെ (1), മൊയ്‌സസ് ഹെൻറിക്വെസ് (6), സാം കറൻ (1) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും ലാച്ച്‌ലാൻ ഷോ (13), ജാക്ക് എഡ്വേർഡ്‌സ് (17) എന്നിവരുടെ ഇന്നിംഗ്‌സുകൾ സിഡ്‌നിയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, വാർണർ ഒഴികെ മറ്റാർക്കും തണ്ടർ നിരയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. 65 പന്തുകൾ നേരിട്ട 39കാരൻ നാല് സിക്‌സും 11 ഫോറും നേടി പുറത്താവാതെ നിന്നു. മാത്യൂ ഗിൽകെസ് (12), സാം കോൺസ്റ്റാസ് (6), സാം ബില്ലിംഗ്‌സ് (14), നിക്ക് മാഡിൻസൺ (26), ക്രിസ് ഗ്രീൻ (0), ഡാനിയേൽ സാംസ് (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. സാം കറൻ സിക്‌സേഴ്‌സിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
