ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ചുറി നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന് റെക്കോർഡ്. ടെസ്റ്റ് കരിയറിലെ 36-ാം സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കിയ സ്മിത്ത് ഏഷ്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് സ്വന്തമാക്കുന്ന ഓസ്‌ട്രേലിയൻ ബാറ്ററെന്ന റെക്കോർഡും സ്വന്തം പേരിലാക്കി.
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ 28 റൺസെടുത്തതോടെ ഏഷ്യൻ ഭൂഖണ്ഡത്തിലെ ടെസ്റ്റുകളിൽ നിന്ന് സ്മിത്തിന്റെ റൺനേട്ടം 1890 റൺസായി. മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗിനെയാണ് സ്മിത്ത് പിന്നിലാക്കിയത്. 48 ടെസ്റ്റ് ഇന്നിംഗ്‌സിൽ നിന്നാണ് പോണ്ടിംഗ് 1889 റൺസടിച്ചതെങ്കിൽ 42-ാം ഇന്നിംഗ്‌സിലാണ് സ്മിത്തിന്റെ നേട്ടം.
നേരത്തെ ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലും സഞ്ചുറി നേടിയ സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. സജീവ ക്രിക്കറ്റിൽ തുടരുന്നവരിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് (12,972) മാത്രമാണ് ടെസ്റ്റ് റൺവേട്ടയിൽ സ്മിത്തിന് മുന്നിലുള്ളത്. 36-ാം ടെസ്റ്റ് സെഞ്ചുറിയോടെ ടെസ്റ്റ് സെഞ്ചുറികളിൽ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം രാഹുൽ ദ്രാവിഡിന്റെയും ജോ റൂട്ടിനുമൊപ്പമെത്താനും സ്മിത്തിനായി. 116 ടെസ്റ്റുകളിൽ നിന്നാണ് സ്മിത്ത് 36-ാം സെഞ്ചുറി തികച്ചതെങ്കിൽ 152 ടെസ്റ്റിൽ നിന്നാണ് റൂട്ട് 36 സെഞ്ചുറികൾ നേടിയത്. 164 ടെസ്റ്റിൽ നിന്നാണ് ദ്രാവിഡ് 36 സെഞ്ചുറികൾ സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ 120 റൺസുമായി സ്മിത്ത് ക്രീസിലുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയിലും ശ്രീലങ്കയിലും പാകിസ്ഥാനിലും 50ന് മുകളിൽ ബാറ്റിംഗ് ശരാശരിയുള്ള സ്മിത്ത് ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികളുള്ള വിദേശ ബാറ്ററുമാണ്. ശ്രീലങ്കയിൽ കളിച്ച 12 ടെസ്റ്റുകളിൽ നിന്ന് നാലാമത്തെ സെഞ്ചുറിയാണ് സ്മിത്ത് ഇന്ന് അടിച്ചെടുത്തത്. 10 ടെസ്റ്റിൽ മൂന്ന് സെഞ്ചുറി നേടിയിട്ടുള്ള ജോ റൂട്ടിനെയും ഏഴ് ടെസ്റ്റിൽ മൂന്ന് സെഞ്ചുറി നേടിയ ബ്രയാൻ ലാറയെയുമാണ് സ്മിത്ത് ഇന്ന് പിന്നിലാക്കിയത്.
ഓസ്‌ട്രേലിയയിൽ 59.70 ബാറ്റിംഗ് ശരാശരിയുള്ള സ്മിത്തിന് വിദേശത്ത് 56 ബാറ്റിംഗ് ശരാശരിയുണ്ട്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ടെസ്റ്റ് ക്യാച്ചുകളിലും സ്മിത്ത് റിക്കി പോണ്ടിംഗിനെ(197) പിന്നിലാക്കിയിരുന്നു. ഒന്നരവർഷമായി ടെസ്റ്റിൽ മോശം ഫോമിലായിരുന്ന സ്മിത്ത് ബോർഡർഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്കെതിരെ ബ്രിസ്‌ബേനിൽ സെഞ്ചുറി നേടിയാണ് ഫോമിലേക്ക് മടങ്ങിയെത്തിയത്. പിന്നാലെ മെൽബണിലും സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ അഞ്ച് ടെസ്റ്റിൽ സ്മിത്ത് നേടുന്ന നാലാം സെഞ്ചുറിയാണ് ഇന്ന് ശ്രീലങ്കക്കെതിരെ സ്വന്തമാക്കിയത്.
രണ്ടാം ദിവസം കളി നിർത്തുമ്പോൾ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 257ന് മറുപടിയായി ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് 330 റൺസ് എടുത്തിട്ടുണ്ട്. ക്യാപ്ടൻ സ്മിത്തിന് പുറമെ സെഞ്ചുറി അടിച്ച അലക്‌സ് ക്യാരി (139) ആണ് ക്രീസിലുള്ളത്. ട്രാവിസ് ഹെഡ് (21), ഉസ്മാൻ ഖ്വജ (36), ലുബുഷൈൻ (4) എന്നിവരാണ് പുറത്തായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്