സ്റ്റീഫൻ ഫ്‌ളെമിങ്ങ് ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലക സ്ഥാനം ഒഴിഞ്ഞു

JULY 14, 2026, 5:06 AM

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കോച്ച് ഫ്രാഞ്ചൈസി കൂട്ടുകെട്ടുകളിലൊന്നിന് വിരാമം. ചെന്നൈ സൂപ്പർ കിങ്‌സും അവരുടെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്‌ളെമിങ്ങും പരസ്പര ധാരണയോടെ വേർപിരിഞ്ഞു. സിഎസ്‌കെയുടെ തുടക്കം മുതൽ ടീമിന്റെ ഭാഗമായിരുന്ന ഫ്‌ളെമിങ്ങിന്റെ 18 വർഷം നീണ്ട ഐതിഹാസികമായ ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്.

2008ൽ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ കളിക്കാരനായാണ് ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്‌ളെമിങ് എത്തുന്നത്. തൊട്ടടുത്ത വർഷമായ 2009ൽ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. പിന്നീട് കഴിഞ്ഞ 17 വർഷമായി സിഎസ്‌കെയുടെ തന്ത്രങ്ങൾ മെനഞ്ഞത് ഫ്‌ളെമിങ് ആയിരുന്നു.

മുൻ ക്യാപ്ടൻ എം.എസ് ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്‌സിന്റെ അവസാന വാക്കായി മാറിയ വ്യക്തിയാണ് ഫ്‌ളെമിങ്. സ്റ്റീഫൻ ഫ്‌ളെമിങ്ങിന് കീഴിൽ ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമായി ചെന്നൈ മാറി. 2010, 2011, 2018, 2021, 2023 വർഷങ്ങളിൽ ഫ്‌ളെമിങിനും ധോണിക്കും കീഴിലിറങ്ങിയ ചെന്നൈ കിരീടമുയർത്തി. ചാമ്പ്യൻസ് ലീഗ് ടി20യിൽ രണ്ടുതവണ ചാമ്പ്യന്മാരായി.

vachakam
vachakam
vachakam

ഫ്‌ളെമിങ്ങിന്റെ പരിശീലനത്തിന് കീഴിൽ ചെന്നൈ 10 തവണ ഐപിഎൽ ഫൈനലിലും, 12 തവണ പ്ലേഓഫിലും കളിച്ചു. ഫ്‌ളെമിങ്ങും സിഎസ്‌കെ മാനേജ്‌മെന്റും തമ്മിൽ നടത്തിയ തുറന്ന ചർച്ചകൾക്കൊടുവിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.

2026 സീസൺ ഉൾപ്പെടെ തുടർച്ചയായ മൂന്ന് സീസണുകളിൽ ചെന്നൈയ്ക്ക് പ്ലേഓഫ് യോഗ്യത നേടാനാകാത്തതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് മാനേജ്‌മെന്റിനെ നയിച്ചത്. മത്സരഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തന്റെ സ്ഥാനമെന്ന് ഫ്‌ളെമിങ് സീസണിനിടെ വ്യക്തമാക്കിയിരുന്നു.

ഫ്‌ളെമിങ്ങിന് നന്ദി രേഖപ്പെടുത്തി സിഎസ്‌കെ ഉടമ രൂപ ഗുരുനാഥ് രംഗത്തെത്തി. ഞങ്ങളുടെ കോച്ചിംഗ് യൂണിറ്റിന്റെ ഹൃദയമിടിപ്പായിരുന്നു സ്റ്റീഫൻ ഫ്‌ളെമിങ്. ഏകദേശം രണ്ട് പതിറ്റാണ്ടോളം ടീമിന്റെ സംസ്‌കാരവും കാഴ്ചപ്പാടും രൂപപ്പെടുത്താൻ അദ്ദേഹം സഹായിച്ചു.

vachakam
vachakam
vachakam

കളിക്കളത്തിലെ യാത്ര അവസാനിച്ചാലും അദ്ദേഹം എക്കാലവും സിഎസ്‌കെയുടെ ഭാഗമായിരിക്കുമെന്ന് രൂപ ഗുരുനാഥ് പറഞ്ഞു. വ്യത്യസ്ത തലമുറയിലെ കളിക്കാരെ ഒത്തൊരുമയോടെ കൊണ്ടുപോകാനും ടീമിന് സ്ഥിരതയാർന്ന അന്തരീക്ഷം ഒരുക്കാനും ഫ്‌ളെമിങ്ങിന് സാധിച്ചതായി ചെന്നൈ സൂപ്പർ കിങ്‌സ് മാനേജിങ് ഡയറക്ടർ കെ.എസ് വിശ്വനാഥൻ പറഞ്ഞു.

തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു സിഎസ്‌കെയെ പരിശീലിപ്പിക്കാൻ ലഭിച്ച അവസരമെന്ന് സ്റ്റീഫൻ ഫ്‌ളെമിങ് പ്രതികരിച്ചു. സ്‌പോർട്‌സിൽ 18 വർഷം എന്നത് വളരെ വലിയൊരു കാലയളവാണെന്നും ചെന്നൈ എപ്പോഴും തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുമെന്നും വരും വർഷങ്ങളിലും താൻ ചെന്നൈയ്ക്കായി ആർത്തുവിളിക്കുമെന്നും ഫ്‌ളെമിങ് കൂട്ടിച്ചേർത്തു.

ഫ്‌ളെമിങ്ങിന് പകരക്കാരൻ ആരായിരിക്കുമെന്ന് ചെന്നൈ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2009ന് ശേഷം ആദ്യമായി ഒരു പുതിയ പരിശീലകനെ കണ്ടെത്തുക എന്ന വലിയ ദൗത്യമാണ് ഇപ്പോൾ സിഎസ്‌കെ മാനേജ്‌മെന്റിന് മുന്നിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam