തിരുവനന്തപുരം: മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജു സാംസണെ പിന്തുണച്ചത് കൊണ്ടല്ലെന്ന വിശദീകരണവുമായി കേരളാ ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ). അസോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ് ശ്രീശാന്തിന് നോട്ടീസയച്ചതെന്ന് കെ.സി.എ പത്രക്കുറിപ്പിൽ വ്യക്തമാക്കി. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വാതുവയ്പ്പ് കേസ് ഉൾപ്പെടെ പരാമർശിച്ച് കടുത്ത ഭാഷയിലാണ് കെ.സി.എയുടെ പത്രക്കുറിപ്പ്.
കെ.സി.എ എന്നും താരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വാതുവയ്പ്പിൽ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലിലായിരുന്നപ്പോൾ അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ച് പിന്തുണ നൽകിയിരുന്നു. വാതുവയ്പ്പിൽ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതോടെയാണ് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഓംബുഡ്‌സ്മാൻ ഏഴു വർഷമായി കുറയ്ക്കുകയായിരുന്നു. കോടതി ക്രിമിനൽ കേസ് റദ്ദ് ചെയ്‌തെങ്കിലും വാതുവെപ്പ് വിഷയത്തിൽ കുറ്റവിമുക്തനായിട്ടില്ല. അത്തരത്തിലുള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ഉൾപ്പടെയുള്ള മത്സരങ്ങളിൽ കെ.സി.എ വീണ്ടും അവസരങ്ങൾ നൽകിയത്
സംരക്ഷകനിലപാടുകൊണ്ടുമാത്രമാണ്. വാതുവയ്പ്പിൽ ഉൾപ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകൾ അനുകൂല സമീപനമാണോ എടുത്തതെന്ന് അന്വേഷിച്ചാൽ അറിയാമെന്നും കെ.സി.എ തുറന്നടിച്ചു.
സഞ്ജു സാംസണ് ശേഷം ഇന്ത്യൻ ടീമിൽ ആര് വന്നു എന്ന ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സജ്‌ന സജീവൻ, മിന്നുമണി, ആശ ശോഭന എന്നീ സീനിയർ ദേശീയ താരങ്ങളെ കൂടാതെ വനിതാ അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ ജോഷിത വി.ജെ, അണ്ടർ 19 ടീമിൽ നജ്‌ല, പുരുഷ അണ്ടർ 19 ഏഷ്യാകപ്പ് ടീമിൽ മുഹമ്മദ് ഇനാൻ എന്നിവർ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരളക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണെന്ന് കെ.സി.എ പരിഹസിച്ചു.
അച്ചടലംഘനം ആര് നടത്തിയാലും അനുവദിക്കില്ലെന്നും കളവ് പറഞ്ഞു അപകീർത്തി ഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കുക്കുമെന്നും കെ.സി.എ വ്യക്തമാക്കി.
ഒരു ചാനൽ ചർച്ചയിലാണ് സഞ്ജു സാംസണെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരിൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) തനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ വിമർശനവുമായി എസ്.ശ്രീശാന്ത്. എന്ത് സംഭവിച്ചാലും സഹതാരങ്ങൾക്കൊപ്പം തന്നെ നിൽക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. സഞ്ജുവായാലും സച്ചിനായാലും എം.ഡി. നിധീഷായാലും അവർക്കൊപ്പം തന്നെ ഉറച്ചു നിൽക്കും. കെ.സി.എ അവരുടെ അധികാരം പ്രയോഗിച്ചോട്ടേയെന്നും ശ്രീശാന്ത് പറഞ്ഞു.
സഞ്ജുവിന് ശേഷം ഒരു താരത്തെപ്പോലും ഇന്ത്യൻ ടീമിലെത്തിക്കാൻ കെ.സി.എയ്ക്ക് കഴിഞ്ഞിട്ടില്ല,മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളെ കേരളാ ടീമിൽ കളിപ്പിക്കുന്നത് മലയാളി താരങ്ങളോടുള്ള അനാദരവാണെന്നും കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്